ഈ സിനിമയില്‍ ഉടനീളം ഒരു യാഥാര്‍ഥ്യബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്

നസീൽ വോയ്‌സി

തന്റെ ജീവിതം കൊണ്ട് ജീവിക്കുന്ന സാഹചര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ മാറ്റം കൊണ്ടു വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു യുവാവാണ് ന്യൂട്ടണ്‍. പുറംലോകത്ത് അയാള്‍ അത്ര സജീവമൊന്നുമല്ല. അയാളുടേതായ വഴികളിലൂടെ നടക്കുന്ന ഒരു മനുഷ്യന്‍. അയാള്‍ക്ക് ഒരു സര്‍ക്കാരുദ്യോഗം കിട്ടുന്നു.

തുടര്‍ന്ന് ഒരു ഇലക്ഷന്‍ നടക്കുകയാണ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരുക്കങ്ങള്‍ തുടങ്ങി. ഇലക്ഷന്‍ കമ്മീഷന്‍, പോളിങ്ങ് ഓഫിസര്‍മാര്‍ക്ക് ക്ലാസുകളെടുത്തു തുടങ്ങി. റിസര്‍വ് ഓഫിസര്‍മാരിലാണ് ന്യൂട്ടന്റെ സ്ഥാനം. നക്സല്‍ ബാധിതമേഖലയിലേക്കാണ് തന്റെ പോസ്റ്റിങ്ങ് എന്നറിഞ്ഞതോടെ കൂട്ടത്തിലെ ഒരു പോളിങ്ങ് ഓഫിസര്‍ക്ക് -ഹൃദയരോഗം- വരുന്നു. ആ സ്ഥാനത്തേക്ക് ന്യൂട്ടന് പോസ്റ്റിങ്ങ് കിട്ടുന്നു

അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ന്യൂട്ടനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. രാജ് കുമാര്‍ റാവുവും അഞ്ജലി പാട്ടിലും അഭിനയിച്ച സിനിമ. ചലചിത്രമേളകളിലൂടെയും മറ്റും എല്ലാവര്‍ക്കും പരിചിതമാവും. പക്ഷേ എനിക്കിതു കാണാന്‍ സാധിച്ചത് ഈയടുത്താണ്. ഞെട്ടിച്ചു കളഞ്ഞ, കണ്ണ് നനയിച്ച, ഒരു രാത്രി മുഴുവന്‍ മരവിപ്പിലേക്ക് തള്ളിവിട്ട ഒരു സിനിമാനുഭവം. അതിനു മാത്രം അതിലെന്താണുള്ളത് എന്ന് തോന്നിയേക്കാം, കണ്ടിട്ടുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും. വലിയ സംഭവങ്ങളൊന്നുമില്ലായിരിക്കാം, ഇമോഷനല്‍ രംഗങ്ങളോ കഥാസന്ദര്‍ഭമോ ഇല്ലായിരിക്കാം, പക്ഷേ ആ സിനിമയില്‍ ഉടനീളം ഒരു യാഥാര്‍ഥ്യബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അവസാനത്തോടടുക്കുന്നതോടെ പാരമ്യത്തിലെത്തുന്ന വല്ലാത്തൊരു മരവിപ്പ്.

പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള പോളിങ്ങ് ഏരിയയിലേക്ക് ഹെലികോപ്റ്ററിലാണ് ന്യൂട്ടനും രണ്ടു സഹായികളും എത്തുന്നത്. ഹെലികോപ്റ്ററില്‍ കയറാനുള്ള ആഗ്രഹം കൊണ്ടാണ് കൂട്ടത്തിലൊരുത്തന്‍ വന്നതു തന്നെ.

പട്ടാള ക്യാമ്പില്‍ നിന്നും വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നെങ്കില്‍ മാത്രമേ പോളിങ്ങ് സ്റ്റേഷനെത്തൂ. അവിടെ ആകെയുള്ളത് എഴുപതോളം വോട്ടര്‍മാര്‍. അവിടേക്ക് പോവേണ്ടതില്ലെന്നും ഇവിടെവച്ചു തന്നെ നമുക്കെല്ലാവര്‍ക്കും കൂടി -വോട്ടിങ്- തീര്‍ക്കാമെന്നും ക്യാംപിന്റെ മേധാവി ആത്മാ സിങ് പറയുന്നുണ്ട്. മുന്‍പ് ഇലക്ഷന്‍ നടത്താന്‍ പോയ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു എന്നൊക്കെ വിവരിക്കുന്നുമുണ്ട്. പക്ഷേ പോളിങ് ഓഫിസറായ ന്യൂട്ടണ്‍ വിട്ടുവീഴ്ചക്ക് തയാറല്ല. സഹായത്തിനു നിയോഗിച്ച പ്രദേശത്തെ സ്കൂള്‍ ടീച്ചര്‍ മാല്‍കോയെയും കൂട്ടി പോയേ തീരൂ എന്ന നിര്‍ബന്ധത്തിലാണ് അയാള്‍. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ട്, നിരവധി പട്ടാളക്കാരുടെ സംരക്ഷണത്തില്‍ അവര്‍ പോളിങ്ങ് സ്റ്റേഷനിലേക്ക് നീങ്ങുന്നു.

തുടര്‍ന്നങ്ങോട്ടുള്ള സംഭവവികാസങ്ങള്‍ ഇന്ത്യയിലെ ആദിവാസി സമൂഹം ദിനേന നേരിടേണ്ടി വരുന്ന ചോദ്യം ചെയ്യലുകളുടേയും കാട്ടിക്കൂട്ടലുകളുടേയും നേര്‍പകര്‍ത്തലാണ്. കുട്ടികളെയടക്കം നക്സലുകളുടെ സഹായികളായും സില്‍ബന്തികളായും കാണുന്ന മിലിട്ടറി രാജിന്റെ ചിത്രങ്ങള്‍. വോട്ടിനെക്കുറിച്ചോ സ്ഥാനാര്‍ഥിയെക്കുറിച്ചോ ഒന്നുമറിയാത്ത കുറേ നിസ്സാഹയരായ മനുഷ്യര്‍. അവരാരും ഇലക്ഷനെക്കുറിച്ച് അറിയുന്ന പോലുമില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേന്‍മ വിളിച്ചുപറയാന്‍ വിദേശ മാധ്യമപ്രവര്‍ത്തക ഈ പറഞ്ഞ പോളിങ്ങ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നു എന്നറിയുന്നതോടെ പട്ടാളത്തിനു ജീവന്‍ വയ്ക്കുന്നു. കുടിലുകളില്‍ നിന്ന് മനുഷ്യര്‍ പിടിച്ചിറക്കപ്പെടുന്നു. എല്ലാവരും പോളിങ്ങ് സ്റ്റേഷനു മുന്‍പില്‍, തോക്കിന്‍ മുനയില്‍ ഹാജരാക്കപ്പെട്ടു.

പാവം മനുഷ്യര്‍! അവര്‍ക്ക് വോട്ടിങ്ങ് മെഷീന്‍ ഉപയോഗിക്കാനറിയില്ല. ന്യൂട്ടന്‍ അവരെ ബോധവാന്മാരാക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. വോട്ട് ചെയ്താല്‍ എന്താണ് കിട്ടുക? പൈസ കിട്ടുമോ എന്നാണ് അവരുടെ നിഷ്കളങ്കമായ ചോദ്യം. ഒടുക്കം ആത്മാ സിങ്ങ് ഇടപെടുന്നു. “നല്ല ഭംഗിയുള്ള ചിത്രത്തിനു നേരെ, ഇഷ്ടമനുസരിച്ച് അമര്‍ത്തിക്കോളൂ” എന്നാണ് അയാള്‍ ഗ്രാമീണരോട് പറയുന്നത്. ന്യൂട്ടന്‍ പ്രതിഷേധിക്കുന്നു. ജനാധിപത്യത്തെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച് അവരോട് പറയുകയാണ് എന്ന് വാദിക്കുന്നു. ആത്മാ സിങ്ങുമായി വാക്കേറ്റമുണ്ടാവുന്നു.

ഇന്നേരം ഗ്രാമമുഖ്യന്‍ ഇടപ്പെട്ടാണ് അവരെ ശാന്തമാക്കുന്നത്. ‘നക്സലുകളെ വകവയ്ക്കാതെ നിങ്ങള്‍ക്കു വേണ്ടിയാണ് ഈ മനുഷ്യര്‍ ഇവിടെ വന്നത്’ എന്ന ആത്മ സിങ്ങിന്റെ വാക്കുകളെ വിലക്കെടുത്ത്, വന്നവരോടുള്ള ദയാവായ്പില്‍, പോയി വോട്ടുചെയ്യാന്‍ പടുവൃദ്ധനായ ആ മനുഷ്യന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കിലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ അയാള്‍ക്ക് നന്നായി അറിയാം.

ഫ്രയിമുകളിലൂടനീളം ആദിവാസികളിലൊരാളായ, വിദ്യാഭ്യാസമുള്ള മാല്‍ക്കോയുടെ സാന്നിധ്യവും അവളുടെ ചെറിയ വാക്കുകളും ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുന്നുണ്ട്.

തുടര്‍ന്ന് പോളിങ്ങ് നടക്കുന്നു. ചാനലുകള്‍ വന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി. ഇന്ത്യയുടെ ജനാധിപത്യകീര്‍ത്തി ഉറക്കെപ്പറഞ്ഞു. പെട്ടെന്ന് മടങ്ങാന്‍ പട്ടാളക്കാര്‍ നിര്‍ബന്ധിച്ചിട്ടും ന്യൂട്ടന്‍ തയാറാവുന്നില്ല. അവരൊരുക്കിയ നാടകത്തെയും അതിജീവിച്ച്, അതിനെതിരെ പോരാടി അവസാനം സ്വമേധയാ വോട്ട് ചെയ്യാനെത്തിയ നാലു പേര്‍ക്ക്, പട്ടാളക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ന്യൂട്ടന്‍ അവസരമൊരുക്കുന്നു.

ന്യൂട്ടന്റെ ഓഫിസിലേക്ക് മാല്‍ക്കോയെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ചായ കുടിക്കാന്‍ പോകാമെന്ന് ചോദിക്കുമ്പോള്‍, ഇപ്പോ ഓഫിസ് സമയമാണ്, ഇത്തിരി കഴിയട്ടേയെന്ന് പറഞ്ഞ് സന്തോഷത്തോടെ അയാള്‍ കംപ്യൂട്ടറിലേക്ക് നോക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ഇന്ത്യയുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇന്നും നേരിടേണ്ടിവരുന്ന നാടകങ്ങളെയും പ്രതിസന്ധികളെയും വളച്ചുകെട്ടലുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന ഒരു സിനിമയാണ് ന്യൂട്ടണ്‍. പട്ടാളത്തിന്റെ കടന്നുവരവുകള്‍ ഒരു ആദിവാസി ഗ്രാമത്തിന്റെ നെഞ്ചിടിപ്പുകളിലുണ്ടാക്കുന്ന ഭീതിയും ജനാധിപത്യത്തിന്റെ ഉച്ഛിഷ്ടമായതിന്റെ മരവിപ്പുമെല്ലാം പച്ചയായി വിളിച്ചു പറയുന്നുണ്ട്.

പറ്റുമെങ്കില്‍ ഒന്നു കണ്ടു നോക്കൂ. കൂടുതല്‍ പറയാനാവുന്നില്ല, ആ സിനിമ പകര്‍ന്ന വികാരത്തെക്കുറിച്ച്, ആ ദൃശ്യാനുഭവത്തെക്കുറിച്ച്

Be the first to comment on "ഈ സിനിമയില്‍ ഉടനീളം ഒരു യാഥാര്‍ഥ്യബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്"

Leave a comment

Your email address will not be published.


*