കേരളമേ നീതികേട്‌ അരുത് . സോഷ്യൽമീഡിയയിൽ #JusticeForSreejith കാമ്പയിൻ

കേരളാ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് നടത്തുന്ന സത്യാഗ്രഹ സമരം 761 ദിവസം പിന്നിട്ടിരിക്കുന്നു. ശ്രീജിത്തിന്റെ ഇളയ സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത് കൊലപാതകമാണെന്ന് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാല്‍ ഇയാള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ശ്രീജിത്ത് നടത്തിയത് നിരാഹാര സമരങ്ങളായിരുന്നു. രോഗബാധിതനായും മറ്റും ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്ന നിരാഹാര സമരങ്ങളില്‍ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ ഒരു മാസത്തോളമായി .നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളം പോലുമില്ലാതെ തുടര്‍ന്ന സമരം ഇദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2014 മെയ് മാസം 21നാണ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ശ്രീജീവ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് നടന്ന ഒരു മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. മെയ് 19ന് അറസ്റ്റിലായ ഇയാളുടെ ശരീരത്തില്‍ ഇടിച്ചു ചതച്ച പാടുകളും വൃഷണങ്ങള്‍ പഴുത്ത് നീരുവന്ന അവസ്ഥയിലായിരുന്നുവെന്നും ജസ്റ്റിസ് കെ നാരായണ കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കംപ്ലെയിന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവില്‍ ശ്രീജീവ് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായെന്നും ശരീരമാസകലം മരണകാരണമാകാവുന്ന ക്ഷതം ഏറ്റിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ശ്രീജീവ് വിഷം കഴിച്ചെന്ന പോലീസ് വാദം തെറ്റാണെന്നും ഈ ഉത്തരവില്‍ പറയുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് ഇയാളെക്കൊണ്ട് ബലമായി വിഷം കഴിപ്പിച്ചതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ശ്രീജിത്തിന് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു സോഷ്യൽ മീഡിയയിൽ ജസ്റ്റിസ് ഫോർ ശ്രീജിത് കാമ്പയിൻ വ്യാപകമാവുകയാണ്.

മാധ്യമപ്രവർത്തകൻ കെ എ സൈഫുദ്ധീൻ ഫേസ്‌ബുക്കിൽ എഴുതി :

” പോലീസ് തല്ലിക്കൊന്ന അനിയന്‍െറ കൊലയാളികളെ കണ്ടത്തെി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണസിരാകേന്ദ്രത്തിനുമുന്നില്‍, മരണമുനമ്പില്‍ ഒരാള്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 761 ദിവസം പിന്നിട്ടിരിക്കുന്നു. രണ്ടുവര്‍ഷവും ഒരു മാസവും. അതിനിടയില്‍ മഴയും വെയിലും മഞ്ഞുമൊക്കെ പലകുറി വന്നുപോയി…
എന്നിട്ടും നെയ്യാറ്റിന്‍കര, കുളത്തൂര്‍, പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തെന്ന ചെറുപ്പക്കാരന്‍ അതൊന്നും വകവെയ്ക്കാതെ സമരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…
കഴിഞ്ഞ ഒരു മാസമായി അയാള്‍ നിരാഹാര സമരത്തിലാണ്..
ആരോഗ്യം നിലവിട്ട് വഷളായിരിക്കുന്നു…
ആന്തരികാവയവങ്ങള്‍ അപായ സൈറന്‍ മുഴക്കിക്കഴിഞ്ഞു…
ഓര്‍മകള്‍ക്കുമേലുള്ള പിടി അയഞ്ഞുപോകുന്നു…
അപ്പോഴും അയാള്‍ ഒന്നേ പറയുന്നുള്ളു..
ഒപ്പം കൂട്ടുകാരനെപ്പോലെ നടന്ന അനിയന്‍ ശ്രീജീവിന്‍െറ ക്രൂരമായ കൊലപാതകത്തിനുത്തരവാദികളായവരെ കണ്ടത്തെണം…
മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര സമിതി അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശന്‍ ചെന്നിത്തലയും തിരക്കിട്ടു കയറിപ്പോകുന്ന സെക്രട്ടറിയറ്റിനു മുന്നിലാണ് മരിച്ചുതീരാനൊരുങ്ങി ഈ സഹോദരന്‍ നിലവിളിച്ച് പട്ടിണി സമരം നടത്തുന്നത്…
നാളെ ചിലപ്പോള്‍ അയാള്‍ ഈ തെരുവില്‍ മരിച്ചുമരവിച്ചു കിടക്കുന്നതു കണ്ടാലും ഈ ഭരണകര്‍ത്താക്കള്‍ ഇതുപോലെ കയറിയിറങ്ങിപ്പോകും… ”

ഫോട്ടോ – ഏഷ്യാനെറ്റ് ന്യൂസ്

News Courtesy – Azhimukham

Be the first to comment on "കേരളമേ നീതികേട്‌ അരുത് . സോഷ്യൽമീഡിയയിൽ #JusticeForSreejith കാമ്പയിൻ"

Leave a comment

Your email address will not be published.


*