ദൂരെയല്ലാത്ത ദൂരങ്ങൾ

അമൃത എ എസ്

ഇടവേളകളുണ്ടാവുമ്പോളാണ് കഴിഞ്ഞുപോയ കുഞ്ഞു യാത്രകൾ വീണ്ടെടുക്കുക. ഏതോ മയക്കത്തിൽ പറഞ്ഞുവെച്ച  താമരശ്ശേരി ചുരമിറങ്ങിയൊരു മഴനടത്തം മുടങ്ങിപ്പോയത്തിനു പകരമായാണ് ഒറ്റവരിപ്പാത നീണ്ടു പോകുന്നൊരു വഴിയേ, ഷൊര്‍ണൂര്‍-നിലമ്പൂര്‍ റയില്‍വേയിലൂടെ വെറുതെ, വെറുതെയൊരു തീവണ്ടിയാത്രക്ക് പോയത്. 66കിലോ മീറ്റര്‍ മാത്രം നീണ്ട ഈ പാതയില്‍ സ്ഥിരയാത്രക്കാരാണധികവും. അവര്‍ക്ക് ഈ വഴി എന്നും കാണുന്ന വഴി.. പുതുമകളുണ്ടോ എന്നറിയില്ല. പക്ഷേ,ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല . ഒരുപാട് ദൂരേക്കല്ലെങ്കിലും ഇടയ്ക്കിങ്ങനോരോ പോക്ക് പോകണം.. അപ്പോഴും അടുത്തൊരിടം പോലും കാണാന്‍ കഴിയാത്ത എത്രപേരുണ്ട്.. അതില്‍ എത്രയധികം പെണ്ണുങ്ങളുണ്ട്…

ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കണ്മുന്നിലൂടെ രാവിലത്തെ 7.20ന്‍റെ നിലമ്പൂര്‍ വണ്ടി കടന്നുപോയി. പിന്നെ ഒന്നര മണിക്കൂര്‍ അടുത്ത വണ്ടിക്കായി കുത്തിയിരുപ്പായിരുന്നു. ഏഴു മണിയുടെ തെളിഞ്ഞു തുടങ്ങുന്നൊരു പകല്‍ നഷ്ട്ടായി എങ്കിലും ആദ്യമായി ഈ റൂട്ടില്‍ പോയ ഞങ്ങൾക്ക് യാത്ര ഒരു രസം തന്നെയായിരിരുന്നു. 20രൂപ ടിക്കറ്റിലെ കാഴ്ചളൊന്നും ഞങ്ങളെ നിരാശപ്പെടുത്തിയില്ല. നിലമ്പൂരിലേക്കാണ് പോകുന്നതെന്ന് തേക്കിന്‍കൂട്ടങ്ങള്‍ വഴിനീളെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. പണ്ട് ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍ നിന്ന് തേക്ക് കടത്തുവാനാണ് ഈ പാളം ഉണ്ടാക്കിയത്. വാടാനാംകുറിശ്ശി എത്തുമ്പോഴേക്കും ഒറ്റവരിപ്പാത തുടങ്ങുന്നു.

ട്രെയിന്‍ ചെറുകര സ്റ്റേഷനിൽ

ഓരോ സ്റ്റേഷനിലും സെക്കണ്ടുകള്‍ മാത്രാണ് ട്രെയിന്‍ നിര്‍ത്തുന്നത്, ഇറങ്ങാനും കയറാനും കുറച്ചാളുകള്. പിന്നെ വല്ലാപ്പുഴയും കുലുക്കല്ലൂരും ചെറുകരയും കടന്ന് അങ്ങാടിപ്പുറത്തെത്തുമ്പോള്‍ പാളത്തിന്റെ എണ്ണം കൂടുന്നു. അവിടെവെച്ചാണ് നിലമ്പൂരിലേക്കുള്ള വണ്ടിയും നിലമ്പൂരില്‍ നിന്നുള്ള വണ്ടിയും പരസ്പ്പരം കണ്ടുമുട്ടുന്നത്. താരതമ്യേന തിരക്കുള്ള അങ്ങാടിപ്പുറം സ്റ്റേഷന്‍ ഒരുപാട് സിനിമകള്‍ക്ക്‌ ലോക്കഷനായിട്ടുണ്ട് . എന്നാലും ആളും തിരക്കുമൊഴിഞ്ഞ പട്ടിക്കാടും മേലാറ്റൂരുമൊക്കെയാണ് അങ്ങാടിപ്പുറത്തിനേക്കാള്‍ നല്ലതെന്ന് തോന്നും. ഒടുക്കം വാണിയമ്പലവും കഴിഞ്ഞ് നിലമ്പൂര്‍ സ്റ്റേഷനിലിറങ്ങിയപ്പോ ഈ വഴിയെക്കുറിച്ചു കേട്ടറിഞ്ഞ് ഇതേ വഴി ഷൊര്‍ണൂര്‍ വരെയൊന്നു പോയ്ക്കളയാമെന്നു കരുതി വന്നൊരു ചങ്ങായിച്ചിയെയും കണ്ടു ! അങ്ങാടിപ്പുറത്തിറങ്ങിയാല്‍ കൊടികുത്തിമലയിലേക്കും കരുവാരക്കുണ്ടിലേക്കും പോകാമെന്ന് കേട്ടിട്ടുണ്ട്. എന്നാലും ട്രെയിനില്‍ കയറിയ സ്ഥിതിക്ക് ഒറ്റപ്പാളം ചെന്നവസാനിക്കുന്ന നിലമ്പൂരിലിറങ്ങാതെ ഈ വഴി പൂർത്തിയാവില്ലെന്നു തോന്നി.

വൈകുന്നേരം തിരിച്ചു പോകുന്നതുവരെ എവിടേക്ക് പോകും എന്നാലോചിച്ച് ഒടുവില്‍ ആഡ്യന്‍പാറയിലേക്കുള്ള വഴി തിരക്കി ചന്തക്കുന്ന് ബസ് സ്റ്റാന്റിലേക്ക് ഒരോട്ടോയും വിളിച്ചു. തേക്ക് മ്യൂസിയത്തില്‍ പോയിക്കൂടെയെന്നും ആഡ്യന്‍പാറയിലേക്ക് ദൂരം കൂടുതലാണെന്നും ഓട്ടോക്കാരന്‍..! നമ്മളത് സാരമില്ലെന്നുവച്ചു. ചന്തക്കുന്ന്‍ ബസ്‌ സ്റ്റാന്‍ഡില്‍ അരമണിക്കൂറിടവിട്ടെത്തുന്ന എരമമുണ്ട ബസില്‍ ഒരു മുക്കാല്‍ മണിക്കൂറിരുന്ന് ആഡ്യന്‍പാറ പോയന്റില്‍ പോയിറങ്ങി. അവിടുന്ങ്ങോട്ട് ബസില്ല. ഓട്ടോ കിട്ടും . ആഡ്യന്‍പാറ ഇപ്പോള്‍ ടൂറിസ്റ്റ് ആകര്‍ഷണമാക്കിയത് കൊണ്ടാകണം പുഴയൊഴുക്കിന് ചേരാത്തൊരു കരപോലെ അവിടെ ചെടികളും ഇരിപ്പിടങ്ങളുമൊക്കെയുണ്ട്. മഴ കാരണം വെള്ളത്തിലിറങ്ങാന്‍ വഴിയില്ലായിരുന്നു അന്നാണെങ്കില്‍ മഴ പെയ്തതുമില്ല. ഇടയ്ക്ക് ഇരുട്ട് കൂടി മഴ കൊതിപ്പിച്ചും പോയി.

കുറച്ച് ഇരുന്നും കുറേ നടന്നും വന്ന വഴിയേ ഞങ്ങള്‍ തിരിച്ചും പോയി അന്ന് .. ഇനിയും പോകണം . അങ്ങാടിപ്പുറത്തിറങ്ങി ചോയ്ച്ച്‌ ചോയ്ച്ച്‌ കൊടികുത്തിമലയിലും കരുവാരക്കുണ്ടിലും പോകണം.

ആരൊക്കെയോ ചോദിച്ചു “ങ്ങള് മൂന്നാളും ഒറ്റക്കാ?”. ഞങ്ങള് ചിരിച്ചു. മൂന്നു പേരെങ്ങനെയാണ് ഒറ്റക്കാവുന്നത്.. അറീല..

Be the first to comment on "ദൂരെയല്ലാത്ത ദൂരങ്ങൾ"

Leave a comment

Your email address will not be published.


*