https://maktoobmedia.com/

ഇനി ‘ദുബായ് ജോലി’ നല്ല കുട്ടികൾക്ക് മാത്രം

യോഗ്യതയും ഭാഗ്യവും മാത്രം പോരാ, സ്വഭാവം കൂടി നന്നായാലേ ഇനി യു എ ഇ യിലേക്ക് തൊഴിൽ വിസ കിട്ടൂ. അടുത്ത മാസം നാലു മുതലാണ്  ഇങ്ങനെ ഒരു കടമ്പ (നിയമം) കൂടി നിലവിൽ വരുന്നത്.
“കഴിഞ്ഞ അഞ്ചു വർഷമായി കക്ഷി നല്ല സ്വഭാവക്കാരനാണ്”  എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് വേണ്ടത്. അതു മാതൃരാജ്യത്തു നിന്നുള്ളതാകണം. വര്ഷങ്ങളായി പുറം രാജ്യങ്ങളിലാണ് താമസമെങ്കിൽ അവസാനത്തെ  അഞ്ചുവർഷം ജീവിച്ച രാജ്യങ്ങളിൽ  നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു മതിയാവില്ല, അതതു രാജ്യങ്ങളിലെ യുഎഇ എംബസിയോ  ഫോറിൻ അഫേയ്‌സ്‌ വിഭാഗമോ ശരിവെചു സീല്‍ വെച്ചതായിരിക്കണം സർട്ടിഫിക്കറ്റ്. നിലവിലുള്ള നിയമപ്രകാരം ഇപ്പറഞ്ഞ രണ്ടിടങ്ങളിൽ നിന്നും അറ്റസ്റ്റേഷൻ ലഭിക്കണമെങ്കിൽ ആദ്യം സർട്ടിഫിക്കറ്റ് നൽകുന്ന രാജ്യത്തിന്റെ വിദേശകാര്യ വകുപ്പില്‍ നിന്നുള്ള സീല്‍ ആവശ്യമാണ് . ചിലപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഹോം ഡിപ്പാര്‍ട്മെന്റില്‍ നിന്നുള്ള അനുമതിയും ആവശ്യമായി വരും.
തൊഴിൽ വിസക്ക്  മാത്രമാണ് പുതിയ നിയമം ബാധകമായിട്ടുള്ളത്. വിസിറ്റ്/ ട്രാൻസിറ്റ് വിസകൾ ലഭിക്കാൻ ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
രാജ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ്  യു.എ.ഇ. പുതിയ നിയമം കൊണ്ടുവരുന്നത്. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണ് രാജ്യത്തിനകത്തുള്ളത് എന്നുറപ്പ് വരുതലാണുദ്ദേശം. 45 ലക്ഷത്തിലേറെ വിദേശികളുള്ള യു.എ.ഇയിൽ സമീപകാലത്തു നടന്ന അന്വേഷണങ്ങളാണ് പുതിയ നീക്കത്തിനു വഴിവച്ചത്. ഈ അടുത്ത വർഷങ്ങളിൽ നടന്ന ചില കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് അവർ അവരുടെ മാതൃരാജ്യത്തും “ബഡാ പോക്കിരി”കളായിരുന്നുവെന്നു അധൃകൃതർ മനസ്സിലാക്കാക്കിയത്. തുടർന്നാണ് ഇത്തരമൊരു നിയമനിര്‍മാണം.

KT Abdurabb

യുഎഇയില്‍ തൊഴിലന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം  പൊല്ലാപ്പൊയിരിക്കും. ചിലവേറും. തലവേദനയും. ഏതൊരു പോലീസുകാരൻ വിചാരിച്ചാലും യാത്ര മുടക്കാനുമാകും എന്നതാവും സ്ഥിതി. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് ജോലി മാറാനുദ്ദേശിച്ചിക്കുന്നവര്‍ക്കും പുതിയ നിയമത്തിനു പിന്നാലെ അല്‍പ്പമൊന്നു ഓടേണ്ടിവരും.
ഉദാഹരണത്തിനു ഗൾഫിലേക്ക് പോകുന്ന ഒരാൾക്ക് ‘നല്ല പുള്ളിയാണെന്ന’ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ എന്തൊക്കെ പുകിലായിരിക്കും നേരിടേണ്ടി വരിക. പോലീസ് സ്റ്റേഷൻ കയറണം. അവിടുന്ന് ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടിട്ടില്ല എന്ന കത്ത് വാങ്ങേണ്ടി വരും. ഇനിയിപ്പോ ഈ വ്യക്തി കുറേക്കാലമായി തമിഴ്നാട്ടിലോ കർണാടകയിലോ മറ്റോ ആണ് പഠിക്കുന്നത് എന്നിരിക്കട്ടെ, അവിടെ നിന്നുള്ള ക്ലീയറൻസ് വേണ്ടിവരും. എങ്കില്‍ മാത്രമേ ലോക്കൽ സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടൂ. അങ്ങനെ സംഭവം ഒരു ടി.വി സീരിയൽ പോലെ നീണ്ടു പോകും.
ഇനിയിതൊക്കെ താണ്ടിയെന്നു വെക്കുക,  ആൾ എത്ര “ക്ളീൻ” ആണെങ്കിലും  “നാട്ടുനടപ്പനുസരിച്ചു” ചില്ലറ വീശാതെ സർട്ടിഫിക്കറ്റു കിട്ടുമോ? ഗൾഫിലേക്കാണ് യാത്രയെന്നതു കൊണ്ടുതന്നെ  ചില്ലറ മതിയായെന്നു വരില്ല, കനത്തിൽ തന്നെ എറിയേണ്ടി വരും.
Image result for visa fraud
ഇപ്പോൾ തന്നെ ഗള്‍ഫിലേക്കു പോകുന്നവര്‍,  വിദ്യാഭ്യാസ/ തൊഴില്‍ പരിചയ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ മുടക്കുന്നത് പതിനായിരക്കണക്കിന് രൂപയാണ്. വടക്കുള്ളവന്‍ എല്ലാം പേറി തെക്ക് തിരുവനന്തപുരത്തേക്ക് വണ്ടി കയറണം. ഒരു പ്രാവശ്യമൊന്നും മതിയാവില്ല, പല തവണ. വിദ്യാഭ്യാസ രേഖകള്‍ നോര്‍ക്കയില്‍ നിന്ന് വിദേശകാര്യമന്ത്രാലയം വഴി യു.എ.ഇ എംബസിയിലേക്ക് എന്നതാണ് റൂട്ട്. മാരേജ് സര്‍ട്ടിഫിക്കറ്റും ജനനസര്‍ട്ടിഫിക്കറ്റുമൊക്കെ നേരെ സെക്രട്ടേറിയറ്റിലെത്തണം. പിന്നെ വേണം എംബസ്സിയിലേക്കെത്താന്‍.ഇതിലേക്കാണ് സ്വാഭാവ സർട്ടിഫിക്കറ്റിന്റെ കൂടെ എൻട്രി. ഇതിനിയിപ്പോള്‍ ഏതൊക്കെ മേശകള്‍ താണ്ടേണ്ടി വരുമെന്ന് ഒരു നിശ്ചയവുമില്ല. ഒന്നുറപ്പാണ്. അറ്റസ്റ്റ് ചെയ്തു നൽകുന്ന ഏജൻസികൾക്കും പോലീസുകാർക്കും ചാകരയായിരിക്കും..  സമയവും സന്ദർഭവും ആവശ്യക്കാരന്റെ തിടുക്കവുമൊക്കെ നോക്കി ചില്ലറ കനത്തിൽ  വാങ്ങാം! അങ്ങനെ ഗള്ഫിലൊന്നും പോയി ആരെങ്കിലും നന്നാകണ്ടേ എന്ന് തോന്നിയാൽ വെറുതെ കുറെ നടത്തിക്കുകയും ചെയ്യാം!
കുറേക്കാലം മുമ്പ് ചില ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നു! അന്ന് സംഭവം കിട്ടണമെങ്കിൽ ചില്ലറ കൊടുത്തേ മതിയാകുമായിരുന്നുള്ളു. പാസ്പോര്ട്ട് വെരിഫിക്കേഷന് വരുന്ന ഏമാന്മാരിൽ  പലരും  തങ്ങളുടെ വിഹിതം കിട്ടിയ ശേഷമേ  വെരിഫിക്കേഷൻ പാസ്പോര്ട്ട് ഓഫീസിലേക്ക് അയക്കാറുള്ളൂ!
പുതിയ നിയമത്തെ കുറ്റപ്പെടുത്താന്‍ യാതൊരു നിര്‍വാഹവുമില്ല. ഒരുപരിധി വരെ മലയാളികളടക്കമുള്ള ചിലരുടെ ചെയ്തികളുടെ അനന്തരഫലം മാത്രമാണിത്. മുമ്പ് കുറ്റം ചെയ്തും അറബികളെ പറ്റിച്ചും ഗൾഫിൽ നിന്ന് മുങ്ങിയ ഒരുപാട്  വിരുതന്മാരുണ്ട് . അവരിൽ പലരും പേര് തിരിച്ചിട്ടും മറിച്ചിട്ടും  പാസ്പോര്ട്ട് മാറ്റിയെടുത്തു  തിരിച്ചു വരുന്നത് പതിവായിരുന്നു. വരിക മാത്രമല്ല. വന്നാൽ  പിടികൂടപ്പെടാതെ തിരിച്ചെത്തിയതിന്റെ ബഡായിയും  പറയും.
പിന്നെയാണ് ഇത്തരക്കാരെ തടയാൻ  അധികൃതർ വിസ സ്റ്റാമ്പിങ് സമയത്തു  തള്ള വിരലടയാളം  കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന  രീതി കൊണ്ട് വന്നത്. അതോടെ പേരും പാസ്പോര്ട്ട് നമ്പറും മാറ്റിയാലും തള്ളവിരലിന്റെ വര മാറ്റാൻ  കഴിയാത്തതിനാൽ പലർക്കും  ഗൾഫിലേക്ക്  കടക്കാൻ  പറ്റാതായി. തലപുകഞ്ഞാലോചിച്ചു തരികിടക്കാർ അതിനും മാർഗമുണ്ടാക്കി. വിരൽ കുറച്ചു ചൂടാക്കി  തള്ള വിരലിന്റെ വരകൾ മായ്ക്കാനുള്ള സംവിധാനം !  തുടർന്ന്  രണ്ടു കൈകളുടെയും തള്ള വിരലുകളും, മറ്റു വിരലുകളുമൊക്കെ പതിപ്പിച്ചെടുത്ത സൂക്ഷിക്കുന്ന രീതി കൊണ്ടുവന്നു അധികൃതർ . എന്ത് പ്രയോജനം?  വരേണ്ടവർ വന്നുകൊണ്ടേയിരുന്നു.
വർഷങ്ങൾക്ക്  ശേഷമാണ്  കണ്ണു സ്കാൻ ചെയ്യുന്ന രീതി കൊണ്ടുവന്നത്. അതൊക്കെ നല്ല രീതിയിൽ പുരോഗതി പ്രാപിച്ചു കുറ്റവാളികൾ പിടിയിലായി തുടങ്ങിയപ്പോഴാണ്  അതും  വെട്ടാനുള്ള  രീതി വരുന്നത് – കണ്ണിലുറ്റിക്കുന്ന പ്രത്യേക തരം മരുന്ന്! വിമാനം ഇറങ്ങി ഇമ്മിഗ്രേഷൻ കൗണ്ടറിൽ പോകുന്നതിനു മുമ്പ്  ഒരു പ്രത്യേക തരം ഓയിൽ രണ്ടു തുള്ളി  കണ്ണിലൊഴിക്കും.  പിന്നെ നാല് മണിക്കൂറോളം കണ്ണ് സ്കാൻ ചെയ്താലും കൃത്യത കിട്ടില്ല. ഇത്തരക്കാർ വിമാനമിറങ്ങി ടോയ്‌ലെറ്റിൽ കയറി കണ്ണിലെണ്ണ ഒഴിചിട്ടേ  ഇമ്മിഗ്രേഷൻ  കൗണ്ടറിനു മുന്നിലെത്തുമായിരുന്നുള്ളൂ. എണ്ണ  ഒഴിച്ചാൽ പിന്നെ  കംപ്യൂട്ടറിലുള്ള കൃഷ്ണമണിയോട് സാമ്യമുണ്ടാകില്ല യഥാർത്ഥ കൃഷ്ണമണിക്ക്. അങ്ങനെ  ആൾക്ക് കൂളായി ഇറങ്ങി പോകാൻ പറ്റും.
ഈ സംഭവം മണത്ത പോലീസ് പുതിയ വിദ്യ കൊണ്ട് വന്നു. കുറച്ചു സംശയമുള്ളവരോട്  ക്യുവിൽ  നിന്ന് മാറി കാത്തിരിക്കാൻ പറയും . മൂന്നും നാലും മണിക്കൂർ കത്തിരി പ്പിച്ച ശേഷം വീണ്ടും സ്കാൻ ചെയ്യുന്നതോടെ  വില്ലൻ കൃഷ്ണമണികൾ കണ്ടെത്താനാകും. ഏറ്റവും ആധുനിക ഐ സ്കാനിങ് ഉപകരണങ്ങൾ കൂടെ സ്ഥാപിച്ചതോടെ കൃഷ്ണമണികളെ തകർക്കുന്ന എണ്ണ  ഏർപ്പാടുകളും  അപ്രത്യക്ഷമായി.
സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ എംബസ്സിയുടെ കൃത്യമായ പ്രതികരണം വന്നിട്ടില്ല. യു.എ.ഇ അധികൃതര്‍ ഇതെങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നശേഷം പ്രതികരിക്കാം എന്നതാണ് എംബസ്സിയുടെ നിലപാട്.
(സുപ്രഭാതം ദിനപത്രത്തിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനം പുനർപ്രസിദ്ധീകരിക്കുന്നത്. ഗൾഫിലെ മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ.)

Be the first to comment on "ഇനി ‘ദുബായ് ജോലി’ നല്ല കുട്ടികൾക്ക് മാത്രം"

Leave a comment

Your email address will not be published.


*