വയനാട്ടുകാരൻ്റെ തീവണ്ടി

ഹാരിസ് ടി കെ മാനന്തവാടി

കുഞ്ഞുനാൾ തൊട്ടേ
ഞങ്ങൾ തീവണ്ടി പ്രിയരാണ്.
ചുണ്ടിൽ വിടർത്തിവെച്ച
ഇടം കൈയിൽ ചൂളം വിളിച്ച്
പിന്നാലെ
വരിവരിയായി നിന്ന്
മുന്നിൽ നിൽക്കുന്നവന്റെ
തോളിൽ കൈവെച്ച്
ചിക്ക് ബുക്ക് ചിക്ക് ബുക്ക്
ചൂളം വിളിച്ച് പതുക്കെ
ഓടിയോടി
മുറ്റം കറങ്ങി
പാടം കടന്ന്
കവുങ്ങിൻ തോപ്പിലൂടെ
തീവണ്ടി ഓടിച്ചു…
വള്ളിയൂർക്കാവ് ഉൽസവപറമ്പിലെ
കളിതീവണ്ടിയിൽ
കുടുംബസമേതം കയറി
കൽക്കട്ടയിലും കാശ്മീരിലും
ചുറ്റിക്കറങ്ങി
അതേ ഗ്രൗണ്ടിലിറങ്ങി
ആർമാദിച്ചു.
പിണങ്ങിക്കരയുമ്പോൾ
തീവണ്ടി വാങ്ങിച്ചു തരാമെന്ന് പറഞ്ഞു കരച്ചിലിനെ മുലയൂട്ടാറുണ്ട് അമ്മമാർ.
എസ്കർഷന്റെ പേര് പറഞ്ഞു
വൈത്തിരി ചുരം കടന്ന്
കോഴിക്കോട്ടെ
റെയിൽ പാതയോരത്ത് നിർത്തി
തീവണ്ടി കാണിച്ചു തന്ന്
അമേരിക്കൻ പ്രസിഡണ്ടാവാറുണ്ട് മാഷൻമാർ.
ആദ്യം തീവണ്ടി കണ്ട
കൂട്ടുകാരനായിരുന്നു
സ്കൂളിൽ എവറസ്റ്റ് കീഴടക്കിയ വിരുതൻ.
ഓരോ ഇലക്ഷനും
ബത്തേരിയിലും മാനന്തവാടിയിലും കൽപ്പറ്റയിലും
ആളൊന്നുക്ക്
ഓരോരോ തീവണ്ടി നൽകി
അവർ എം പിയും എം എൽ എയുമായി.
ചൂളം വിളിക്കു
കാതോർത്ത് മടുത്താണ്
ഞങ്ങൾ മുതിർന്നുപോയത്.
എന്നിട്ടും ഞങ്ങൾ
പിന്നാലെ നിന്ന്
തോളിലേക്ക് കൈവെച്ച്
പാടുന്നുണ്ട്
ചിക്ക് ബുക്ക് ചിക്ക് ബുക്ക് റയിലേ…

Be the first to comment on "വയനാട്ടുകാരൻ്റെ തീവണ്ടി"

Leave a comment

Your email address will not be published.


*