കരീംസ് ഫോറസ്റ്റിലെ കാഴ്ച്ചകൾ

നസീൽ വോയ്‌സി

“സ്വന്തമായി കുറച്ചേറെ ഭൂമി. അതിപ്പോ വലിയ കുന്നായാലും കുഴപ്പമില്ല. എന്നിട്ട് അതിൽ നിറയെ മരങ്ങൾ നടണം. ഉണ്ടാവുന്നതൊക്കെ അതേപോലെ വളരുന്ന, ഒന്നും വെട്ടിമാറ്റാത്ത, നിറയെ പച്ചപ്പും തണലുമുള്ള ഒരു കാട് വളർത്തണം. അത് തേടി കിളികളും മൃഗങ്ങളും വന്ന്..ചെറിയ അരുവിയുണ്ടായി…ഒരു കോണിൽ, ചെറിയൊരു വീട് വച്ച്….”

ചെറുപ്പം തൊട്ടേയുള്ള വലിയൊരു സ്വപ്നമായിരുന്നു ഇത്. എനിക്കു മാത്രമല്ല, മറ്റൊരുപാട് പേർക്ക് ഇതേ സ്വപ്നമുണ്ടായിക്കാണും. തീർച്ച. പക്ഷേ വളരുന്നതിനിടെ ബുദ്ധിയിൽ വേര് പടർത്തിയ ‘പ്രാക്ടിക്കാലിറ്റി’ ആ സ്വപ്നത്തിന് മങ്ങലേൽപ്പിച്ചു. കാട് എവിടെയോ മറഞ്ഞു. ഏറിയ സ്വപ്നങ്ങളും അങ്ങനെയൊക്കെയാണല്ലോ… അങ്ങനെയിരിക്കെയാണ് കാസർക്കോട്ടെ “ഫോറസ്റ്റ് കരീമിനെ” കുറിച്ചു കേട്ടത്. സ്വന്തമായി കാടുള്ള ഒരു മനുഷ്യൻ! നമ്മുടെ കേരളത്തിൽ!

ഏതാണ്ട് മുപ്പത് വർഷം മുമ്പ്, ഏഴുപതുകളുടെ രണ്ടാം പകുതിയിലാണ് അദ്ദേഹം മരങ്ങൾ നട്ടു തുടങ്ങിയത്. അതും ചുടുകാറ്റ് വീശുന്ന കാസർകോട്ടെ മൊട്ടക്കുന്നിൽ. പൈസ കൊടുത്ത് വാങ്ങിയ മുപ്പതേക്കർ പറമ്പിൽ അദ്ദേഹം മരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രമിച്ചു.
പക്ഷെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഒരിറ്റു വെള്ളം പോലുമില്ലാത്ത മണ്ണിൽ വെച്ച തൈകളെല്ലാം കരിഞ്ഞുണങ്ങി. ചുടുകാറ്റിൽ വേരുകൾ അടർന്നു. പക്ഷെ കരീംക്ക തോൽക്കാൻ തയ്യാറായിരുന്നില്ല. വെള്ളമെത്തിച്ചു നനച്ചും പരിപാലിച്ചും ശ്രമം തുടർന്നു. ഒടുവിൽ കൂട്ടത്തിലെ ഒരു തൈ വേരാഴ്ത്തി,പുതിയ ഇലകൾ തളിർത്തു. കരീംക്കയുടെ മനസ്സിൽ പ്രതീക്ഷയും.

റബറും കൃഷിയുമിറക്കാതെ കണ്ണിൽ കണ്ട മരങ്ങൾ വച്ചുപിടിപ്പിച്ച് കരീമിനെ എപ്പോഴത്തേയും പോലെ നാട്ടുകാർ ‘വട്ടനാക്കി’. പക്ഷേ പതിയെ പതിയെ മൊട്ടക്കുന്ന് കാടായി. നാട്ടിലെ കിണറുകളിൽ വെള്ളം കൂടി. കിളികളും മൃഗങ്ങളും വിരുന്നെത്തി.

ഒരു കിണർ പോലുമില്ലാതിരുന്ന കരീംക്കയുടെ മുപ്പത് ഏക്കറിൽ ഇന്ന് മൂന്ന് കിണറുകളുണ്ട്. വറ്റാത്ത ജല സ്രോതസുകൾ. മൊട്ടക്കുന്നുകളുടെയും ചൂടുകാറ്റിന്റെയും താളത്തിൽ നിന്ന് കരീംക്കയുടെ മുപ്പതേക്കറിലേക്ക് കടന്നാൽ പിന്നെ എങ്ങും പച്ചപ്പാണ്. കിളിപ്പാട്ടുകളാണ്. കുളിർ കാറ്റാണ്.

കാടിന് നടുവിലൂടെ ഒരുപാട് നടവഴികളുണ്ട്. ഒറ്റയടിപ്പാതകൾ. പണ്ടത്തെ ഗ്രാമ വഴികളെ ഓർമിപ്പിക്കുന്ന ഈ വഴിയിലൂടെ ചെന്നാൽ മനോഹരമായ ചെറു പുല്മേടുകളിലെത്താം. തണല്മരങ്ങളിൽ വലിഞ്ഞു കയറാം.

കാടിനോടൊപ്പം കരീംക്കയുടെ കാനന പാഠങ്ങളും ലോകത്തോളം വളർന്നു. പല വിദേശരാജ്യങ്ങളിലും കാട് വളർത്തലിനെ കുറിച്ച് കാസർകോട്ടെ ഈ സാദാരണ മനുഷ്യൻ ക്ളാസെടുക്കുന്നു. മരുഭൂമിയിൽ കാട് വളർത്താനുള്ള പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നു. അതോടൊപ്പം, അപൂർവമായ വൃക്ഷങ്ങളുടെ അടക്കം തൈകളും മറ്റും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുമുണ്ട്. അങ്ങനെ തന്നാലാവും വിധം ലോകത്തെ പച്ച പുതപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ഈ മനുഷ്യൻ.

കാട് വെച്ച് ദൂരത്തേക്കൊന്നും പോയിട്ടില്ല കരീംക്ക. ആ കാടിനുള്ളിൽ തന്നെ ചെറിയ വീടും വച്ചു. അവിടെയാണ് കുടുംബസമേതം താമസം. നമ്മളൊക്കെ കണ്ടൂ എന്ന് പറഞ്ഞ ആ സ്വപ്നമില്ലേ, അതയാൾ ജീവിച്ചു. ജീവിക്കുന്നു.

സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും പച്ചപ്പിനോട് പ്രണയമുള്ളവർക്കും ഇഷ്ടം തോന്നിയേക്കാവുന്ന കരീംക്കയുടെ കാട് കാസർക്കോട് ജില്ലയിലാണ്. ഗൂഗിളിൽ കരീംസ് ഫോറെസ്റ് എന്ന് സെർച്ച് ചെയ്‌താൽ ഫോൺ നമ്പർ അടക്കം ലഭിക്കും. ഒരു വർഷം മുൻപ് മനോരമ ട്രാവലർ മാസിക കരീംകയുടെ കഥ ഫീച്ചർ ചെയ്തിരുന്നു.

ചൂട് കൂടി, പുഴ വറ്റി, നാടും മനസ്സും കരിഞ്ഞുണങ്ങുന്ന കാലത്ത് കരീമിന്റെ കാടിനെ കുറിച്ച്, നമ്മുടെയൊക്കെ പഴയ സ്വപ്നത്തെക്കുറിച്ച് ഓർക്കാം. കുടുംബ സമേതം ഒരു സഞ്ചാരം അങ്ങോട്ടേക്ക് ആക്കാം. കാടില്ലെങ്കിലും മുറ്റത്തൊരു മരം തളിർത്താലോ…

Be the first to comment on "കരീംസ് ഫോറസ്റ്റിലെ കാഴ്ച്ചകൾ"

Leave a comment

Your email address will not be published.


*