ഒളിമായാത്ത ഉമ്മാച്ചു

അമൃത എ എസ്

ഉമ്മാച്ചുവിന് പ്രായമിപ്പോൾ 63 കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഉമ്മാച്ചുവിന് പ്രായമായെന്നു തോന്നുന്നില്ല. ‘ജീവിത ഗന്ധം’ എന്ന് പലരും വിളിക്കുന്ന ചിലതൊക്കെയായിരിക്കും അതിനു കാരണം.  പറഞ്ഞുവന്നത് ഉറൂബിന്റെ ‘ഉമ്മാച്ചു’വിനെക്കുറിച്ചാണ്. 1954 ഡിസംബറിൽ ആദ്യ പതിപ്പായി ഇറങ്ങിയ ഈ നോവലിനെക്കുറിച്ച് കെ.ടി  മുഹമ്മദ്‌ പറയുന്നത് “കാമിനി മൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചുവെന്നാണ്.
ബീരാനെയും,  ഉമ്മാച്ചുവിനെയും മായിനെയും ചാപ്പുണ്ണി നായരെയും ചിന്നമ്മുവിനെയുമൊന്നും വായിച്ചവരാരും മറക്കാനിടയില്ല. സമൂഹം കൽപ്പിക്കുന്ന ശെരി തെറ്റുകളെക്കുറിച്ച് ചികയാൻ നിൽക്കുമ്പോൾ ഇവരിൽ ആർക്കൊപ്പം നിൽക്കണമെന്ന് നമുക്കറിയാത്ത പോവുമ്പോൾ,  ആ ശെരി തെറ്റുകൾക്കപ്പുറം ജീവിതമാണിതെന്ന് ‘ഉമ്മാച്ചു’ പറഞ്ഞുതരും.  ജീവിതമായതുകൊണ്ടാണ് മായിനെ ഓർക്കുമ്പോളെല്ലാം ഉമ്മാച്ചുവിന്റെ ഖൽബ് നീറിയതും, നല്ല ദിവസം പുലർന്നാലോ എന്നുകരുതി മുള്ളുകളെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ  ജീവിച്ചതും,  എന്തിനിതൊക്കെ ചെയ്തുവെന്ന സ്വന്തം ചോദ്യത്തിന് മായിനു തീർപ്പുകൽപ്പിക്കാൻ കഴിയാതിരുന്നതും, ചാപ്പുണ്ണി നായർക്ക് ഉമ്മാച്ചുവമ്മയെ അവഗണിക്കാൻ കഴിയാതിരുന്നതുമെല്ലാം.

“ബയില്ലാത്തേന് ബയിണ്ടാവൂല, ബെറുക്കനെ ഖൽബ് നൊന്തിട്ടു കാര്യം ഇല്ല” എന്ന് മായിൻ

ഹാജിയാർ പറയുന്നു “കൂട്ടികിയിച്ച് ആകെയിടുമ്പോ നേടിയോനും നേടാത്തോനും ഒക്കെ ഒന്നു തന്നെ”എന്ന്.

അബ്ദു നെടുവീർപ്പിടുന്നു  “ഹാ ! എന്തു മുടിഞ്ഞ ജീവിതം”എന്ന്.

ചിന്നമ്മു ചോദിക്കുന്നു “കുറച്ചാളുകളെയെങ്കിലും സ്നേഹിക്കാതെ മനുഷ്യന്മാർക്ക് കഴിച്ചുകൂട്ടാൻ കഴിയോ ? ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ജീവിച്ചിരിക്കുക ?”  എന്ന്.

“ന്റെ തമ്പിരാനേ ജ്ജ് എന്തിന് എനിക്കൊരു ഖൽബ് തന്നു”വെന്നും
“പക്കേങ്കില് ഖൽബില് പൊരട്ടാൻ കോയമ്പുണ്ടോ”എന്നുമൊക്കെ ഉമ്മാച്ചു ആരോടെന്നില്ലാതെ ചോദിക്കുന്നു.

ഒടുവിൽ കൊച്ചുമകളുടെ കരച്ചിലിൽ മനുഷ്യ നിർമിതമായ പുറന്തോടുകളഴിച്ചുവെച്ച് ചാപ്പുണ്ണി നായർ “എന്റെ ഈശ്വരാ…” എന്നു വിളിക്കുമ്പോഴും കൃത്രിമമായതൊന്നും ഇതിലില്ലെന്നു തോന്നിപ്പോകും..

‘മനിസന്റെ ഖൽബാണ് ‘ ഉറൂബെന്ന  പടച്ചോൻ ഇവർക്കൊക്കെ കൊടുത്തത് .  അതുകൊണ്ട് അവർക്കും വായിക്കുന്ന നമുക്കും ചിരിക്കാതിരിക്കാനും  വേദനിക്കാതിരിക്കാനും കഴിയില്ലല്ലോ..

Be the first to comment on "ഒളിമായാത്ത ഉമ്മാച്ചു"

Leave a comment

Your email address will not be published.


*