കാട്ടിൽ പോയൊരു കഥ കേൾക്കാം

അമൃത എ എസ്

കോയിക്കോട്ടെ കുറ്റ്യാടിക്കടുത്ത് ഒരു മരുതോങ്കര പഞ്ചായത്ത്‌ണ്ട്.. അവടെ ഒര് ജാനകിക്കാട്ണ്ട്.. ഒര് ജാനകിയമ്മേന്റെ പേരിലുള്ളൊരു കാട്. ആ കാട്ടിന്റുള്ളില് 35 വീടുണ്ടായിര്ന്ന്.. അതിൽ കൊറച്ചു മനുഷ്യന്മാരും. ഇപ്പൊ ആ കാട്ടിനുള്ളില് ഒര് വീടെയുള്ളൂ.. അതിലൊരു ഗോവിന്ദേട്ടനും മൂപ്പര്‌ടെ ഭാര്യ കല്യാണിയേച്ചിയും മാത്രണ്ട് സ്ഥിര താമസക്കാരായിട്ട്.

കുറ്റ്യാടിയിൽ നിന്ന് 7കിലോമീറ്റർ ദൂരത്തായി 500 ഏക്കറുള്ള ജാനകിക്കാട് ഒരു  ഇക്കോ ടൂറിസം കേന്ദ്രമാണിന്ന്.  ഇതിനുള്ളിലെത്തിയാൽ  എവിടെവച്ചെങ്കിലും ഗോവിന്ദനെന്ന  ചെറിയൊരു വലിയ മനുഷ്യനെ  കാണാതിരിക്കില്ല.  മിണ്ടിത്തുടങ്ങിയാൽ അവർ കുറേ കഥ പറയും,  കാര്യങ്ങൾ പറയും.  ഒരുകാലത്തെ കഷ്ടപ്പാടിന്റെ കഥയും അതിലുണ്ടാവും. കുറ്റ്യാടിക്കടവിൽനിന്ന് നീങ്ങി നീങ്ങി ഇപ്പോൾ 35വർഷമായി ഇവർ ഈ കാട്ടിലെത്തിയിട്ട്. ഇവിടെയുള്ള ബാക്കി പുരയിടങ്ങൾ സ്വകാര്യ വ്യക്തികൾ വാങ്ങി. ഗോവിന്ദേട്ടന്റെ  8മക്കളിൽ  നാല് ആണുങ്ങൾ പുഴയ്ക്കക്കരെ ചങ്ങരോത്ത് പഞ്ചായത്തിലാണ് താമസം.

ഇവർക്കെങ്ങോട്ടും പോകാൻ വയ്യ.. എന്തെന്നാൽ
ഈ കാട്ടിനുള്ളിൽ പരമ സുഖാണ്..
വെയിലുകൊള്ളേണ്ട..
ശുദ്ധമായ വെള്ളം..
തണൽ..
ആരോടും നുണ പറയേണ്ട,  യാതൊരു വിഷയങ്ങളും ഇല്ല,  അസൂയയും ഇല്ല…
ഗോവിന്ദേട്ടൻ അക്കമിട്ടു പറയും.

അപ്പോൾ എങ്ങനെ ചിലവിനുള്ള പൈസ കിട്ടുന്നുവെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്  “അദ്ധ്വാനിച്ചോന്ക്ക് കൂലി കൊട്ക്കണം. ആ വേർപ്പ് മാറുന്നേന്റെ മുന്നേ അദ് കൊട്ത്തേക്കണം. അദാണ് ഇന്റെ കണക്ക് . ഞാൻ വാങ്ങ്ന്ന്ണ്ണ്ടെന്നും വിചാര്ച്ചോളി..!”എന്നാണ്. പഠിച്ച പണി പതിനെട്ടും പഠിച്ച മനുഷ്യനാണ് താനെന്ന് മൂപ്പരുതന്നെ പറയും.

കാട്ടിനുള്ളിലേക്കുള്ള വഴിയിൽ ഇവരുടെ വീട് കാണാം. അതിനടുത്തായി ഭക്ഷണം കൊടുക്കാനുള്ള ചെറിയ സെറ്റപ്പുണ്ട്. എന്തൊക്കെയായാലും വീട്ടിലേക്കു കയറാൻ പുറത്തുന്നൊരാൾക്ക് അനുവാദമില്ല ,  പടിക്കൽ നിന്ന്   “ഗോയ്ന്നേട്ട് ..” എന്നൊരു വിളി വിളിച്ചാൽമതി.!

ടൂറിസം വന്നത് നല്ലതെന്നാണ് ഇവർ പറയുന്നത്. ജാനകിക്കാട്ടിലെത്തുന്നവർക്ക് കൊടുക്കാൻ ചോറും കപ്പയും ഇറച്ചിയും സർബത്തുമൊക്കെ ഇവരുണ്ടാക്കും,  വഴിതെറ്റിയാൽ വലിയ ചോദ്യം ചെയ്യലിനൊന്നും നിൽക്കാതെ അവർക്ക്  വഴികാണിക്കും,  ചരിത്രം പറയും,  കാട്ടിലെ മൃഗങ്ങളെപ്പറ്റി പറയും.. ഈ വീട്ടിൽ കറന്റ്‌ കിട്ടിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. എങ്കിലും കാട്ടിലെ ഇരുട്ടിലെ പാർപ്പാണിവർക്ക്‌
വശം,  മൃഗങ്ങളും ഇവരും തമ്മിൽ ഒരുമയുണ്ട്…

ഇക്കാട്ടിൽ പുള്ളിമാനുണ്ട്..
മുള്ളൻപന്നിയുണ്ട്,
ആനയുണ്ട്,
ആയിരക്കണക്കിനല്ല ലക്ഷക്കണക്കിന് കുരങ്ങന്മാരുണ്ട്- ഇതൊക്കെ ഗോവിന്ദേട്ടന്റെ കണക്കാണ്. ഞങ്ങളോട് കളിക്ക്ന്നത്  മനുഷ്യമ്മാരല്ല, മൃഗങ്ങളാണ്.  അതോണ്ട് ഉപദ്രവം ഇല്ല- എന്നാണ് മൂപ്പര്‌ടെ പക്ഷം…

മൂപ്പർക്കും ഭാര്യക്കും ചെറിയ ഫോണൊക്കെയുണ്ട്.  ലോകത്തിന്റെ പലയിടത്തും അദ്ദേഹത്തിന് പരിചയക്കാരുണ്ട്, അവർ വിളിക്കാറുമുണ്ട്.
ഗോവിന്ദേട്ടൻ ഒരു റോൾ മോഡലൊന്നുമല്ല. നമുക്കയാളെ അനുകരിക്കാനാവില്ല. നാടും നഗരവും വിട്ട് ഇക്കാണുന്ന സൗകര്യങ്ങളെല്ലാം വിട്ട് കാട്ടിലേക്ക് പോകാൻ നമ്മൾ നിൽക്കില്ല,  പോയാൽ തിരിച്ചുവരാതിരിക്കാനാവില്ല,  ഇനിയിവിടെ നിന്നാൽ ആ കാടിനു പിന്നെ കാടാവാനും കഴിയില്ല.

ഗോവിന്ദേട്ടന്റെ വഴിയേ നടക്കണ്ട,  നമ്മളെക്കൊണ്ടത് നടക്കൂല.. മൂപ്പരോട് വർത്തമാനം പറഞ്ഞാൽ കൊറേ കഥകളുമായി തിരിച്ചിറങ്ങാം;  ഈ ജാനകിക്കാട്ടിലൊന്നും കണ്ടില്ലല്ലോ എന്ന പരാതിയില്ലാതെ

Be the first to comment on "കാട്ടിൽ പോയൊരു കഥ കേൾക്കാം"

Leave a comment

Your email address will not be published.


*