https://maktoobmedia.com/

അപകടത്തിൽ കൈ നഷ്ടപ്പെട്ടു. രോഗിയായ ഉമ്മയെ നോക്കാൻ പോയപ്പോൾ ജോലിയും നഷ്ടമായി. എന്നിട്ടും തോറ്റു കൊടുക്കുന്നില്ല ഈ പ്രവാസി

Naseel Voici


ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോഴേക്കും ജീവിതത്തെയും വിധിയെയും പഴിച്ചു ഒതുങ്ങിപ്പോകുന്നവർക്കുള്ള പാഠമാണ് കൊച്ചിക്കാരൻ മുഹമ്മദ് യുസഫ് ജാവേദിന്റേത്. സ്റ്റീൽ കമ്പികൾ താങ്ങി നിർത്തുന്ന കാലുകളും ഒറ്റ കയ്യിൽ ഏന്തിയ പ്ലക്കാർഡുമായി ഷാർജയിൽ നിന്ന് ദുബായ് വരെ നടന്ന ഈ അൻപത്തിരണ്ടുകാരൻ ഇന്ന് യു.എ.ഇയിലെ താരമാണ്.

ദുബായ് മുനിസിപ്പാലിറ്റിയുടെ കാർ-ഫ്രീ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയിൽ പങ്കെടുത്തതോടെയാണ് മുഹമ്മദ് യൂസഫിന്റെ കഥ ലോകമറിഞ്ഞത്.

ഇരുപത്തിരണ്ടു വർഷം മുൻപ് മുംബൈയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തിലാണ് യൂസഫിന്റെ ഒരു കൈ നഷ്ടപെട്ടത്. കാലുകളിൽ സ്റ്റീൽ റോഡുകളും ഉറപ്പിക്കേണ്ടി വന്നു. പിന്നീട് ജോലിക്കായി ദുബായിൽ എത്തി. ഒരു ബാങ്കിലെ സീനിയർ റിലേഷൻഷിപ് ഓഫീസറായി ജോലി ചെയ്യവേ രോഗിയായ ഉമ്മയെ പരിപാലിക്കാനായി നാട്ടിലേക്ക് പോയി.

” ജോലി റിസൈന്‍ ചെയ്തിട്ടാണ് പോയതെങ്കിലും തിരികെ വരുമ്പോൾ ആറു വർഷത്തിലേറെ ജോലി ചെയ്ത ബാങ്ക് തിരിച്ചെടുക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, ഉമ്മയുടെ മരണശേഷം തിരികെയെത്തിയപ്പോൾ ബാങ്ക് കൈമലർത്തി. അമ്പതു വയസ്സ് കഴിഞ്ഞ ഒരാളെ ജോലിക്കെടുക്കുന്നതിൽ അവർക്കും പരിമിതികളുണ്ടാവാം” – കഴിഞ്ഞ അഞ്ചു മാസമായി ജോലിയില്ലാതെ പ്രതിസന്ധി നേരിടുമ്പോഴും യൂസഫിന്റെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്റെ സ്വരമില്ല.

താരതമേന്യ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള യു.എ.യിൽ 2003 മുതൽ കാറോടിക്കുന്നുണ്ട് യുസഫ്. ദിവസവും ഷാർജയിലെ ഖസ്ബയിലെ തന്റെ വീട്ടിൽ നിന്ന് ദുബായിലേക്ക് ഡ്രൈവ് ചെയ്യുന്നു. ജോലിയന്വേഷിച്ചു ദുബായിലേക്ക് ഇറങ്ങിയ ഇങ്ങനെ ഒരു യാത്രയിലാണ് ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന കാർ-ഫ്രീ ദിനാഘോഷം ശ്രദ്ധയിൽ പെട്ടത്. കാർ ഒതുക്കി ഒറ്റ കയ്യിൽ പ്ലക്കാർഡുമായി യൂസഫും കൂടെ ചേർന്നു. എഴുപത്തഞ്ചു മിനിറ്റു കൊണ്ടാണ് ക്ലോക് ടവർ ഏരിയയിൽ നിന്ന് ദുബായ് ദേര ഡിനാറ്റ സിഗ്നലിൽ എത്തിയത്. ” പരിമിതികളിൽ പതറിപ്പോകുമായിരുന്ന എന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ പകർന്ന നാടാണിത്. എന്റെ കുടുംബത്തിന്റെ വിശപ്പകറ്റിയ മണ്ണ്. നല്ല നാളേക്കായുള്ള ഇത്തരം ഉദ്യമങ്ങളിൽ ഇവരോടൊപ്പം ആവും വിധം പങ്കാളിയാവുന്നതിൽ എനിക്കഭിമാനമുണ്ട്” – യുസഫ് പറഞ്ഞു.

സമാപന ആഘോഷം നടന്ന യൂണിയൻ മെട്രോ സ്റ്റേഷൻ പരിസരത്തു ഒരു കയ്യിലേന്തിയ കാർ-ഫ്രീ സന്ദേശവുമായി യുസഫ് എത്തിയപ്പോൾ വൻ കരഘോഷത്തോടെയാണ് അധികൃതർ സ്വീകരിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോസ്ഥരടക്കമുള്ളവർ യൂസഫിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചു.

Photo Courtesy  and Credits : Virendra Saklani, (Gulf News) Neeraj Murali (Khaleej Times)

Be the first to comment on "അപകടത്തിൽ കൈ നഷ്ടപ്പെട്ടു. രോഗിയായ ഉമ്മയെ നോക്കാൻ പോയപ്പോൾ ജോലിയും നഷ്ടമായി. എന്നിട്ടും തോറ്റു കൊടുക്കുന്നില്ല ഈ പ്രവാസി"

Leave a comment

Your email address will not be published.


*