https://maktoobmedia.com/

പന്തുകളിയെ തന്റെ ജീവിതത്തേക്കാള്‍ സ്നേഹിച്ച നായകനുള്ള സ്മാരകമാവും ‘ക്യാപ്റ്റന്‍’

ഇന്ത്യന്‍ ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ തിളങ്ങുന്ന പേരാണ് വി.പി സത്യന്‍. പന്തുകളിയെ തന്റെ ജീവിതത്തേക്കാള്‍ സ്നേഹിച്ച ആ മലയാളിയുടെ ജീവിതം ബിഗ് സ്ക്രീനില്‍ തെളിയാനൊരുങ്ങിക്കഴിഞ്ഞു – ക്യാപ്റ്റന്‍ എന്ന പേരില്‍. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കളിക്കളത്തിലും കളിയോടുള്ള ഇഷ്ടത്തിലും മുന്നേ നടന്ന സത്യന്‍ എന്ന നായകന്റെ കഥാപാത്രം വെള്ളിത്തിരയില്‍ ജീവിക്കുന്നത് നടന്‍ ജയസൂര്യയാണ്. സംവിധാനം പ്രജീഷ് സെന്‍.

Image result for vp sathyan

സത്യന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ കോര്‍ത്തിണക്കി, ഫൂട്ബോള്‍ എന്ന വികാരത്തെ മനോഹരമായി അവതരിപ്പിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.

Jafar Khan's Profile Photo, Image may contain: 1 person, sitting and beard

Jaffer Khan

ഫൂട്ബോളിനെ സ്നേഹിക്കുന്ന, സത്യനെ ആരാധിച്ചിരുന്ന ഒരു ഫുട്ബോള്‍ പ്രേമി ഇതിനെക്കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ട്രെയിലറിനോടൊപ്പം പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് സ്വദേശിയായ ജാഫര്‍ ഖാന്‍ എഴുതിയ കുറിപ്പില്‍ സത്യനോടൊപ്പം ബൂട്ടണിഞ്ഞ പ്രതിഭകളുടെ പില്‍ക്കാല ജീവിതവും അവസ്ഥകളും വിവരിക്കുന്നുണ്ട്. അവരേയും സത്യനോടൊപ്പം സിനിമയില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കുറിപ്പ് അവസാനിക്കുന്നത്.

 

കുറിപ്പ് വായിക്കാം-

ക്യാപ്റ്റന്‍ സിനിമയുടെ ട്രയിലര്‍ കണ്ടത് ഇന്നലെ വൈകുന്നേരം. പാതിരായ്ക്ക് എപ്പഴോ ഞെട്ടിയുണര്‍ന്നപ്പോള്‍ മൈതാനത്ത് നിന്ന് വിയര്‍പ്പും പൊടിയും പുരണ്ട് സത്യന്‍ ഹൃദയത്തിലേക്ക് കയറിവന്നു. ഒപ്പം കൊറിയയേയും ജപ്പാനെയുമെല്ലാം തോല്‍പ്പിക്കാന്‍ കാലുറപ്പും കരളുറപ്പും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമും.

രോമാഞ്ചത്തോടെയല്ലാതെ ഓര്‍ക്കാനാവാത്ത പേരുകള്‍, അതൊരു സ്വപ്നസംഘമായിരുന്നു. പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേദനയോടെ മനസ്സിലായത്, അവരെ തീര്‍ത്തും മറന്നിരിക്കുന്നു.

ഗോൾ പോസ്റ്റില്‍ തലപ്പൊക്കത്തോടെ നിറഞ്ഞുനിന്നിരുന്ന യൂസുഫ് അന്‍സാരി- നരവീണ താടി നീട്ടിവളര്‍ത്തി അദ്ദേഹമിപ്പോള്‍ കുട്ടികളെ പന്തുപിടുത്തം പഠിപ്പിക്കുകയാണ്

സ്റ്റോപ്പര്‍ പൊസിഷനില്‍ കട്ടക്ക് നിന്നിരുന്ന ഖലീലുറഹ്മാന്‍- ബാംഗ്ലൂരില്‍ എച്ച് എ എല്ലിന്റെ ഓഫിസില്‍ ഇരുന്ന് ജൂനിയേഴ്‌സിനോട് വീരകഥകള്‍ പറയുന്നുണ്ടാകും

തോല്‍ക്കാന്‍ മനസ്സില്ലാത്ത അലോക് ദാസും സ്വരൂപ് ദാസും- എവിടെ പോകാന്‍, കൊല്‍ക്കത്തയും മൈതാനും വിട്ട് അവര്‍ക്ക് എവിടെയും പോകാനാകില്ല

വിങ്ങിലെ മിന്നല്‍ സര്‍വീസ് യു. ഷറഫലി-
പഴയ മൊഞ്ചോടെ, ലൈറ്റിട്ട പോലീസ് ജീപ്പില്‍ പരിവാര സഹിതം ഇടയ്ക്ക് കാണാറുണ്ട്

‘തട്ടിക്കൊണ്ടുപോയി’ ഈസ്റ്റ് ബംഗാള്‍ 10 കൊല്ലം സ്വന്തമാക്കി വെച്ച ഇല്യാസ് പാഷ- വളരെ പ്രയാസപെട്ട്, ജീവിതം വഴിമുട്ടി ബാംഗ്ലൂരില്‍ ഉണ്ടെന്നറിഞ്ഞു

വ്യാമോഹിപ്പിക്കുന്ന ഡ്രിബ്ലര്‍ കൃഷാനു ഡേ, മിഡ്ഫീല്‍ഡ് ജനറല്‍ സുധീപ് ചാറ്റര്‍ജി- ഇരുവരും സത്യേട്ടനൊപ്പം ഫിഫ അംഗത്വം ലഭിക്കാത്ത സ്വര്‍ഗ്ഗരാജ്യത്തിന് കളിച്ചുകൊണ്ടിരിക്കുന്നു

കളിയും തന്ത്രവും നന്നായി അറിയുന്ന ശിശിര്‍ ഘോഷ്, ബികാസ് പാഞ്ചി- ഇപ്പഴും പേടിയാ, സുവര്‍ണ ബംഗാളിന്റെ കുപ്പായവുമിട്ട് വീണ്ടും സന്തോഷ് ട്രോഫി കളിച്ചാലോ ?

ഗോള്‍ പോസ്റ്റിന്റെ കാമുകന്‍ ബ്രൂണോ കുടീഞ്ഞോ-
പനങ്കുല മുടിയൊക്കെ പോയി, എന്ന് ഗോവയില്‍ പോയാലും കാണാതെ മടങ്ങാറില്ല

ഒരേയൊരു ഐ എം വിജയന്‍- ഒരുമാറ്റവും ഇല്ല. സ്ഥലം പറഞ്ഞാല്‍ മതി ബൂട്ടുമായി കളിക്കാന്‍ എത്തിക്കോളും

പാപ്പച്ചന്‍ ! തുഷാര്‍ രക്ഷിത് ! മുഷ്താഖ് അലി ! റോയ് ബാരറ്റോ ! ഗോഡ്ഫ്രേ പെരേര ! അഖീല്‍ അന്‍സാരി….

ഓര്‍മകളില്‍ മാത്രം ജീവിക്കുന്ന പോരാളികള്‍, അവരുടെ നായകനുള്ള സ്മാരകമാവും ‘ക്യാപ്റ്റന്‍’ എന്ന് പ്രതീക്ഷിക്കുന്നു

Be the first to comment on "പന്തുകളിയെ തന്റെ ജീവിതത്തേക്കാള്‍ സ്നേഹിച്ച നായകനുള്ള സ്മാരകമാവും ‘ക്യാപ്റ്റന്‍’"

Leave a comment

Your email address will not be published.


*