കുസാറ്റിൽ 22 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. സിപിഎം പോലീസ് ഒത്തുകളിയെന്നു ആരോപണം

കുസാറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തെ കുറിച്ച് മൊഴി നല്‍കാന്‍ സര്‍വകലാശാല അധികൃതർ വിളിച്ചുവരുത്തിയ ഇരുപത്തി രണ്ടോളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി, എഐഎസ്എഫ് പ്രവര്‍ത്തകരുൾപ്പടെ 22 വിദ്യാര്‍ഥികളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴി നല്‍കാന്‍ സര്‍വകലാശാല വിളിച്ചുവരുത്തിയ വിദ്യാര്‍ഥികളെ ഗസ്റ്റ്ഹൗസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്എഫ്‌ഐക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പൊലീസ് തങ്ങളെ അന്യായമായി വേട്ടയാടുന്നു എന്ന് വിദ്യാർഥികൾ പറയുന്നു. പൊലീസിനെതിരെ പ്രകോപനപരമായി കല്ലും കുപ്പിയുമെറിഞ്ഞെന്നാണ് ഇവർക്കെതിരെ കേസ്. എന്നാൽ പോലീസിനെതിരെ എസ്എഫ്‌ഐക്കാർ കല്ലും കുപ്പിയുമടക്കം വലിച്ചെറിയുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നു അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികൾ പറയുന്നു.

കുസാറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ അറസ്റ്റ്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടക്കാനിരിക്കെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരും മറ്റു സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ കലഹമുണ്ടായത്. കൂട്ടുകാരിക്കൊപ്പം സംസാരിച്ചു കൊണ്ടിരുന്ന മൂന്നാംവര്‍ഷ വിദ്യാര്‍ഥി സഫ്‌വാന്‍ കരീമിനെ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. തുടർന്ന് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ വ്യാഴാഴ്ച രാത്രി യൂണിവേഴ്‌സിറ്റിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായിരുന്നു

പുറത്തുനിന്നു വിളിച്ചുവരുത്തിയ സിപിഐഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് എസ്എഫ്‌ഐക്കാര്‍ തന്നെ യൂണിയന്‍ ഓഫീസ് തകര്‍ത്തെന്നും ഇതിനു സാക്ഷികളായി വിദ്യാർഥികൾ ഉണ്ടെന്നും കോളേജ് വിദ്യാർത്ഥി ഹാഫിസ് ഹിശാം പറയുന്നു. ” മൊഴി നൽകാൻ വേണ്ടി ഗസ്റ്റ് ഹൗസില്‍ കാത്തിരുന്ന ഞങ്ങളെ പൊലീസ് പിടിച്ചു കൊണ്ടുപോവുകയായിരുന്നു. അവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നെങ്കിലും അവരെ പോലീസ് അറസ്റ്റ് ചെയ്തില്ല ” ഹാഫിസ് പറയുന്നു.

Be the first to comment on "കുസാറ്റിൽ 22 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. സിപിഎം പോലീസ് ഒത്തുകളിയെന്നു ആരോപണം"

Leave a comment

Your email address will not be published.


*