https://maktoobmedia.com/

ബിഗ് സ്ക്രീനില്‍ കണ്ണിറുക്കിയല്ല, ജീവിതത്തിലേക്ക് കണ്ണുതുറന്നാണ് ഇവള്‍ ചര്‍ച്ചയാവുന്നത്

ഒരു അഡാര്‍ ലവും അതിലെ നായിക പ്രിയ വാര്യരുമാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. ആ പെണ്‍കുട്ടിയും അവളുടെ കണ്ണിറുക്കലും മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിനു ആരാധകരുണ്ടായി. എന്നാല്‍, തന്റെ ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കണ്ണുതുറന്നു പിടിക്കുന്ന, അവരുടെ സങ്കടത്തിനു തന്നാലാവും വിധം പരിഹാരം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ചാണ് പറയാനുള്ളത്, ആലപ്പുഴ ചാരുംമൂട് സ്വദേശിനിയായ ജിന്‍ഷ ബഷീറിനെക്കുറിച്ച്. തനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കണമെന്നും അതിലൂടെ മറ്റുള്ളവര്‍ക്ക് സഹായമായിത്തീരണമെന്നും ആഗ്രഹിച്ച് ഫേസ്ബുക്കിലെത്തിയ ജിന്‍ഷ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വീഡിയോ ബ്ലോഗര്‍മാരില്‍ ഒരാളായി മാറി.

Image may contain: 1 person, outdoor, closeup and nature

Jinsha Basheer

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ജിന്‍ഷ വീഡിയോ ബ്ലോഗിങ്ങ് തുടങ്ങിയത്. പക്ഷേ കൈകാര്യം ചെയ്ത വിഷയങ്ങലുടെ പ്രാധാന്യം കൊണ്ട് പെട്ടെന്നു തന്നെ വലിയൊരു കൂട്ടം സുഹൃത്തുക്കളെ ലഭിച്ചു. – എന്റെ ചെറിയ അറിവുകള്‍ പങ്കുവയ്ക്കണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആവും വിധം മറ്റുള്ളവരെ സഹായിക്കണമെന്നും. പക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള സപ്പോര്‍ട്ട് ലഭിച്ചു.” – ജിന്‍ഷ പറയുന്നു. മറ്റുള്ളവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ആറോളം വീഡിയോകള്‍ ജിന്‍ഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം വൈറലായി.

ജോലിക്കായി അറബ് നാട്ടിലെത്തിയതിന്റെ ഇരുപത്തിയഞ്ചാം ദിവസം മരണപ്പെട്ട ഷാന്‍ ഷാഹുലിന്റെ കുടുംബത്തിനു സഹായം അഭ്യര്‍ഥിച്ചു ജിന്‍ഷ ചെയ്ത വീഡിയോ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സൗദി അറേബ്യയിലെ അല്‍ഖസീം പ്രവാസി സംഘം സഹായവുമായി എത്തിയത്. അതു ഫൈസലിന്റെ കുടുംബത്തിനു വലിയ സഹായമായി. മലപ്പുറം സ്വദേശി ആയിഷ മോളുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മുപ്പതു ലക്ഷം രൂപയോളം സ്വരുക്കൂട്ടുന്നതിലും ജിന്‍ഷയുടെ പങ്കുണ്ടായിരുന്നു. “ഇവരുടെയൊക്കെ ജീവിതത്തില്‍ ചെറുതാണെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിര്‍ദേശങ്ങളും പിന്തുണയുമായി കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ് ഈ എളിയ ശ്രമത്തിനു പിന്നിലെ കരുത്ത് – എല്ലാ ക്രഡിറ്റും ലോകമെമ്പാടുമുള്ള തന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് കൊടുക്കുകയാണ് ജിന്‍ഷ.

സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഒരു കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനും ജിന്‍ഷയുടെ വീഡിയോ കാരണമായി. ജിന്‍ഷ പങ്കുവച്ച അവരുടെ കഥ കണ്ട് ആ കുടുംബത്തെ സഹായിക്കാന്‍ ഒരുപാട് പേരെത്തി. സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് ചെന്നു കുടുങ്ങിപ്പോയ യുവതി ജിന്‍ഷക്ക് വോയിസ് മെസേജ് അയച്ചാണ് തന്റെ കഥ അറിയിച്ചത്. അതിനെക്കുറിച്ച് ജിന്‍ഷ തന്റെ സോഷ്യല്‍ മീഡിയാ സുഹൃത്തുക്കളോട് പറയുകയും തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആ സ്ത്രീയെ രക്ഷിക്കുകയും ചെയ്തു. ഇങ്ങനെ തന്നാലാവും വിധം ഈ പെണ്‍കുട്ടി ലോകത്തിന്റെ കണ്ണു തുറപ്പിക്കുന്നു.

സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വീഡിയോകള്‍ക്കൊപ്പം തന്നെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന, സാധാരണക്കാര്‍ക്ക് നിയമനടപടികളെക്കുറിച്ചുള്ള അറിവു പകരുന്ന വീഡിയോകളും ജിന്‍ഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ടെക്നോളജിയുമായി ബന്ധപ്പെട്ട വീഡിയോകളും ചെയ്യുന്നുണ്ട്. ആദ്യം വിമര്‍ശിക്കുകയും വീട്ടില്‍ അടങ്ങി ഒതുങ്ങിക്കൂടാന്‍ ആവശ്യപ്പെടുകയും ചെയ്തവര്‍ തന്നെ ഇന്നു ജിന്‍ഷയുടെ വീഡിയോകള്‍ ഷെയര്‍ ചെയ്യാനും അഭിനന്ദിക്കാനും മുന്നില്‍ നില്‍ക്കുന്നു.

ഭര്‍ത്താവ് ഫൈസലും രണ്ടു വയസ്സുകാരി മകളും നല്‍കിയ പിന്തുണയുടെ കരുത്തിലാണ് പ്രോഗ്രാമിങ്ങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് ചാരുംമൂട് സ്വദേശിനിയായ ജിന്‍ഷ വീഡിയോ ബ്ലോഗറായത്.

ഒരു കണ്ണിറുക്കലിലൂടെ താരമായ പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതോടൊപ്പം, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണു തുറന്നു പിടിക്കുന്ന ഈ പെണ്‍കുട്ടിയെയും നമുക്ക് അഭിനന്ദിക്കാം. പിന്തുണയ്ക്കാം. ജിന്‍ഷയുടെ പ്രൊഫൈല്‍ -https://www.facebook.com/JinshaOnline/

Be the first to comment on "ബിഗ് സ്ക്രീനില്‍ കണ്ണിറുക്കിയല്ല, ജീവിതത്തിലേക്ക് കണ്ണുതുറന്നാണ് ഇവള്‍ ചര്‍ച്ചയാവുന്നത്"

Leave a comment

Your email address will not be published.


*