എന്നിട്ട്, കടലിനെ നോക്കി പ്രണയിച്ചിരുന്നവനെ കൊന്നുകളഞ്ഞ നാടല്ലേ ഇത്?

പ്രണയദിനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ടൈം ലൈനുകൾ നിറയെ. പ്രണയമാണ് എല്ലാമെന്നു കവിതകളും സിനിമാരംഗങ്ങളും സാഹിത്യശകലങ്ങളും നിരത്തി നമ്മളിങ്ങനെ സംസാരിക്കുകയാണ്. നമ്മുക്കൊരു അനീഷ് എന്ന യുവാവിനെ ഓർമ്മയുണ്ടോ? കഴിഞ്ഞ കൊല്ലം ഇതേ മാസം വരെ അനീഷ് ജീവനോടെ ഉണ്ടായിരുന്നു. പ്രണയിച്ചിരുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്.

രണ്ടായിരത്തി പതിനേഴിലെ ഫെബ്രുവരി മാസം പതിനാലാം തീയ്യതി

രണ്ടു പേർ പ്രണയിക്കുകയായിരുന്നു.
കടപ്പുറം കാണാൻ പോവുന്ന യുവതിയും യുവാവും.
അത് കാണുന്ന നാട്ടുകാർ അവരെ തെറി വിളിക്കുന്നു.
സംഘം ചേർന്ന് മർദ്ധിക്കുന്നു.
അവരെ പിടിച്ചുവെച്ചിട്ട് അത് ഫോട്ടോയാക്കി , അത് വീഡിയോയിലെടുത്തു , വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നു.
പരിഹാസങ്ങൾ കമന്റുകളാവുന്നു.
“ഞങ്ങൾ പിടിച്ച പ്രണയിതാക്കളെ കണ്ടോ” എന്ന്..
തുടർന്ന് ജോലി രാജിവെക്കേണ്ടി വരുന്ന യുവാവ് .
ഒരാഴ്ചയോളം ഏറെ പ്രയാസത്തിലകപ്പെട്ടു കൊറേ നേരം മിണ്ടാതെ വീട്ടിൽ നിൽക്കുന്ന യുവാവ്.
വിഷമം സഹിക്കവയ്യാതെ ഏറെ ഇഷ്ടപ്പെട്ട , എന്നും സ്വപ്നം കാണാറുള്ള തന്റെ ജീവിതം അവസാനിപ്പിക്കുന്നു.
അനന്തരം ” യുവാവിന്റെ ആത്മഹത്യ” എന്ന വാർത്ത വായിക്കുന്ന നമ്മൾ

കൊലപാതകമാണിത്.
ഇഞ്ചിഞ്ചായുള്ള കൊലപാതകം.
പ്രണയിച്ചതിനു , ഇഷ്ടപ്പെട്ടതിനു , കടൽ കാണാൻ പോയതിനു നമ്മൾ കൊന്നുകളഞ്ഞു അവനെ.

കൊല്ലം അഴീക്കല്‍ ബീച്ചില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണത്തിന് ഇരയായ യുവാവ് അനീഷ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതിന് ഒരാണ്ട് തികയുകയാണ് ഈ മാസം. പാലക്കാട് അട്ടപ്പാടി സ്വദേശിയാണ് പള്ളത്ത് ഹൗസില്‍ അനീഷ്. വാലന്റൈന്‍സ് ദിനത്തില്‍ സുഹൃത്തിനൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇരുവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അനീഷിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. തന്റെ മരണത്തിന് കാരണം ഈ ആക്രമണത്തിന് നേതൃത്വം നൽകിയ ധനേഷും രമേശുമാണെന്ന് കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടേയും അനീഷിന്റേയും വീഡിയോ ചിത്രീകരിച്ചത് ധനേഷ് ആണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട് .

ആക്രമണത്തെ തുടര്‍ന്നുളള അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത പറയുന്നു. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ പ്രയാസത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണപ്പെട്ടതെന്നും അമ്മ പറയുന്നു. അനീഷിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

തന്റെ കൂട്ടുകാരിയോടൊപ്പം കടല്‍ കാണാന്‍ പോയതിനാണ് അവനെ കൊന്നുകളഞ്ഞത്. ഇരുപത്തിമൂന്ന് . അതാണവന്റെ പ്രായം.

ഒന്നാലോചിച്ചുനോക്കൂ.. രണ്ടുപേര്‍ കടലിനെ നോക്കി സ്നേഹം കൈമാറുന്നത്. എന്തു രസാണത്.

അവനെ കൊന്നുകളഞ്ഞതെന്തിനാണ്.
സ്നേഹിക്കുന്നവരെ കൊല്ലുന്ന നാടെന്തിനാണ് ?

Be the first to comment on "എന്നിട്ട്, കടലിനെ നോക്കി പ്രണയിച്ചിരുന്നവനെ കൊന്നുകളഞ്ഞ നാടല്ലേ ഇത്?"

Leave a comment

Your email address will not be published.


*