കൊങ്ങപ്പാടത്തെ അംബേദ്‌കർ. ദലിത് കോളനിയിലെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കഥ പറഞ്ഞു രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററി

പാലക്കാട്ടെ കൊങ്ങപ്പാടം എന്ന ദളിത് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിൽ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച എൻ്റെ കൊങ്ങപ്പാടം പദ്ധതിയെ കുറിച്ച് ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാർ തയ്യാറാക്കിയ ഡോക്യൂമെന്ററിയിയാണ് ” എൻ്റെ കൊങ്ങപ്പാടം ” . കൊങ്ങപ്പാടം സ്വദേശിയും എഞ്ചിനീയർ ബിരുദധാരിയുമായ സജിത് കുമാര്‍ ആണ് 2013ല്‍ ഈ പദ്ധതിക്ക് തുടക്കമിട്ടതും ഇതിനെ വിജയഭേരിയിലേക്ക് എത്തിച്ചതും.

കൊങ്ങപ്പാടം എന്ന ദളിത് കോളനിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയിരുന്നവര്‍ വളരെ ചുരുക്കമായിരുന്നു. ജാതീയത അതിന്റെ എല്ലാ അപകടത്തോടെയും കൂടി പരോക്ഷമായി കേരളത്തിലെ ഏത് ദളിത് കോളനിയെയും പിന്നോട്ടുവത്കരിച്ചതു പോലെ ഈ നാടിനെയും വെറുതെ വിട്ടില്ല. ഈ സാഹചര്യത്തിലാണ് അംബേദ്‌കർ ആശയങ്ങളിൽ വിശ്വസിക്കുന്ന സജിത്ത് കുമാർ എന്ന യുവാവ് മുൻകൈയെടുത്തു തന്റെ നാടിനെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിക്കുന്നത്.

ഡോക്യൂമെന്ററി കാണാം

രൂപേഷ് കുമാർ പറയുന്നു

” ആ കോളനിയെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം വെറും മൂന്നു പേര് മാത്രമാണ് അവിടെ നിന്നും എസ് എസ് എൽ സി പാസായത്. ആ ചെറുപ്പക്കാരൻ ആ അവസ്ഥക്ക് മാറ്റം വരണം എന്നും ആഗ്രഹിച്ചു. കുറച്ച് സുഹൃത്തുക്കളുടെ കൂടെ “എന്റെ കോങ്ങാപ്പാടം” എന്ന പേരിൽ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ പരിശീലനം നൽകാനുള്ള ഒരു കോച്ചിങ് ക്‌ളാസ് തുടങ്ങി.

ആ നാട്ടിലെ കുറച്ചു ചെറുപ്പക്കാർ അതിന്റെ കൂടെ നിന്നു. രണ്ടായിരത്തി പതിമൂന്നിൽ അങ്ങനെ കുട്ടികൾക്ക് പരിശീലനം തുടങ്ങി ഇന്നേക്ക് വരെ പതിനേഴു കുട്ടികളെ എസ് എസ് എൽ സി വിജയിപ്പിച്ചെടുത്തു. അവരെ പഠിപ്പിക്കാൻ പലരും മുന്നിട്ടിറങ്ങി. അതിൽ വിസ്മയ എന്ന പെൺകുട്ടി ബി എഡ് ചെയ്തു കൊണ്ടു പുതിയ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി.

സജിത് എന്ന ആ വലിയ മനുഷ്യനോട് അവിടത്തെ പഠിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്നേഹം കണ്ടപ്പോൾ അസൂയ അടക്കാൻ പറ്റാണ്ടായി. “എന്റെ കോങ്ങാപ്പാടം” എന്ന പേരിൽ ഈ വിദ്യാഭ്യാസ പ്രവർത്തനത്തെ ക്കുറിച്ചു ഒരു ഡോക്യുമെന്ററി ചെയ്യാൻ പോയപ്പോൾ ആ കുട്ടികൾ അവരുടെ കുടുംബങ്ങളും ഞങ്ങൾക്ക് കിടക്കാനൊരിടവും ചോറും ചിക്കനും ചിക്കനും കട്ടൻ ചായയും ഒക്കെ ഇണ്ടാക്കി തന്നു. പഠിച്ച മക്കളുടെ കണ്ണിലെ തിളക്കം.

പല കാരണങ്ങൾ കൊണ്ടും ഇന്ന് ആ പരിശീലന പദ്ധതി പ്രതിസന്ധിയിലാണ്. പക്ഷെ “എന്റെ കോങ്ങാപ്പാടം” ഒരിക്കലും നിന്നുപോകരുത്. അത് കൊണ്ടു തന്നെ സജിത്ത് കുമാർ എന്ന ഈ മനുഷ്യന്റെ കൂടെ ഒരു നാട്ടിലെ കുട്ടികളുടെ കണ്ണിലെ വെളിച്ചത്തിനു വേണ്ടി ലോകത്തെല്ലാവരും കൂടെ നിക്കണം. കുറെ കുട്ടികൾ പഠിക്കാനുള്ള വെളിച്ചത്തിന്റെ തിരി കൊളുത്തിയ ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം “

Be the first to comment on "കൊങ്ങപ്പാടത്തെ അംബേദ്‌കർ. ദലിത് കോളനിയിലെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കഥ പറഞ്ഞു രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററി"

Leave a comment

Your email address will not be published.


*