”ഈ ഉപരാഷ്ട്രപതി എന്റെയല്ല”, ഫാറൂഖ് കോളേജിന്റേത് ആര്‍ജവമില്ലാത്തവരുടെ തിരഞ്ഞെടുപ്പ്

ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ദിനു വെയില്‍ എഴുതുന്നു

നാളെയാണ് ഫാറൂഖ് കോളേജിലേയ്ക്ക് വെങ്കയ്യ നായിഡു എന്ന നിലവിലെ ഉപരാഷ്ട്രപതി ആനയിക്കപ്പെടുന്നത്. കോളേജിന്റെ ഭാഗമായ റൗലത്തുൽ ഉലൂം അറബികോളേജിന്റെ പ്ലാറ്റിനം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യാനാണ് വെങ്കയ്യ നായിഡു ക്യാംപസിൽ എത്തുന്നത്.

ഉൽഘാടകനെ തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കോളേജ് അധികൃതർക്കായിരുന്നു. ഒരു കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉപരാഷ്ട്രപതി നിർവഹിക്കണമെന്ന് നിയമമൊന്നും ഇല്ലല്ലോ. എന്നിട്ടും സംഘപരിവാറിന്റെ കുഴലൂതുക്കാരനായ ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ് ആയിരുന്ന ഒരാളെയാണ് കോളേജ് തിരഞ്ഞെടുത്തത്.ഗുജറാത്ത് കലാപകാലത്ത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൂടിയാണ് നിലവിലെ ഉൽഘാടകൻ.

ജിഗ്‌നേഷ് മേവാനിയെ ക്യാംപസിൽ കൊണ്ടുവരവേ അയാളോട് വരണ്ടെന്ന് വിളിച്ചു പറയൂ എന്ന് പറഞ്ഞ് പരിപാടിയുടെ അനുമതി റദ്ദ്‌ ചെയ്ത പ്രിൻസിപ്പാൾ, രോഹിത്ത് വെമുലയുടെ ചിത്രമുള്ള ബാനർകണ്ട് ഏതാണ് ആ ചെക്കനെന്ന് ചോദിച്ച് ബാനറഴിക്കാൻ പറഞ്ഞ അച്ചടക്ക സമിതിയിലെ അധ്യാപകൻ ,വിനായകന്റെ കുടുംബത്തിനായ് പണം പിരിക്കാൻ അനുമതി നൽക്കാതിരിക്കുകയും തെരുവു നാടകം കളിക്കേണ്ടെന്നും തീരുമാനിച്ചവർ, മുമ്പ് നിൽപ്പ് സമരത്തിന് ഐക്യദാർഡ്യം നടത്താനുള്ള അനുമതി നിഷേധിച്ച അധികൃതർ, പ്രതികരിക്കുന്ന വിദ്യാർത്ഥികളെ നിരന്തരം സസ്പെന്റ് ചെയ്തും ഭീക്ഷണിപെടുത്തിയും നിങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകൾ….

ന്യൂനപക്ഷ ഉന്നമനം ലക്ഷ്യമിട്ടു അബു സബാഹിനെ പോലുള്ള കാന്ത്രദർശിനികളാൽ പ്രവർത്തനമാരംഭിച്ച ഫാറൂഖ് കോളേജ് ഇന്ന് ഒരു കച്ചവട സ്ഥാപനമായ് ഏറെക്കുറേ അധപതിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷപദവിയേയുള്ളൂ, ന്യൂനപക്ഷ രാഷ്ട്രീയമേ അധികൃതർക്കില്ല. ഏറെക്കുറേ സവർണ്ണതയുടെ ഭാഷയാണ് അവർ സംസാരിക്കുന്നത് .

പതിമൂന്നോളം മരങ്ങൾ മുറിച്ചും ഞൊടിക്കിടയിൽ സംവിധാനങ്ങൾ പുതുക്കി പണിതും ആരിൽ നിന്നാണോ ഈ രാജ്യത്തെ മുസ്ലീം ദളിത് ജനാധിപത്യ സമൂഹം രക്ഷയാഗ്രഹിക്കുന്നത് അവരെ തന്നെയാണ് നിങ്ങൾ എഴുന്നെള്ളിക്കുന്നതും.നിലവിലെ ഇന്ത്യൻ ഉപരാഷ്ട്രപതി ഭരണഘടനാപരമായ രണ്ടാം പൗരനായതിനാൽ ബഹുമാനിക്കണമെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഈ വിഷയത്തിലെ നിലപാട്.നിലവിലെ ഉപരാഷ്ട്രപതി ഭരണഘടനാലംഘനം നടത്തുന്ന പ്രധാനമന്ത്രിയ്ക്ക് ശേഷമുള്ള പിന്തുടർച്ചക്കാരൻതന്നെയാണെന്നാണ് എന്റെ നിലപാട്

ഈ രാജ്യത്തിന് നിലവിലുള്ള ഹിന്ദുത്വ ഭരണകൂടം തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന തിരിച്ചറിവിലാണ് നാം ഈ ഭരണകൂടം നമ്മുടേതല്ലെന്ന് പ്രഖ്യാപിക്കുന്നത് .ഈ ഉപരാഷ്ട്രപതി എന്റേതല്ല…….
നാളെ പ്രസ്തുത പരിപാടിയിൽ ഔപചാരികമായ് ക്ഷണം ലഭിച്ച നിലപാടുള്ള കോളേജ് യൂണിയൻ ഭാരവാഹികൾ, ക്ലാസ് ഭാരവാഹികൾ, അധ്യാപകർ(അൽപം കടന്ന ആഗ്രഹമാണെന്നറിയാം)എന്നിവർ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ആഗ്രഹിക്കുകയാണ് ….

ഈ സുഖിപ്പിക്കലിന് അടുത്ത വട്ടം NAAC വിസിറ്റിന് കോളേജിന് A++ ഗ്രേഡോ കൂടുതൽ കേന്ദ്ര ഫണ്ടുകളോ ലഭിക്കുമായിരിക്കും.. പക്ഷേ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ,പ്രതിരോധത്തിന്റെ ചരിത്രത്തിൽ ഫാറൂഖിന്റെ നിലവിലെ അധികാരികളെ നിങ്ങൾക്ക് ഞങ്ങൾ വട്ടപൂജ്യമിടുന്നു.
തോറ്റു പോകുന്ന ജനതയായിരുന്നിട്ടും ആവോളം ഞങ്ങൾ വിളിച്ചുപറയുകയങ്കിലും ചെയ്യണം.

“ആർജ്ജവമില്ലാത്ത അധികൃതരുടെ തിരഞ്ഞെടുപ്പാണ് വെങ്കയ്യ നായിഡു”

Be the first to comment on "”ഈ ഉപരാഷ്ട്രപതി എന്റെയല്ല”, ഫാറൂഖ് കോളേജിന്റേത് ആര്‍ജവമില്ലാത്തവരുടെ തിരഞ്ഞെടുപ്പ്"

Leave a comment

Your email address will not be published.


*