കേരളമേ, റോഡുകളിലിറങ്ങൂ… ഇന്ന് തന്നെ. ഇപ്പോള്‍ തന്നെ. നീതി വൈകിപ്പിക്കാനുള്ളതല്ല

കൊറേ കൊറേ പ്രവര്‍ത്തകരുള്ള ചെറിയ ചെറിയ പാര്‍ട്ടികളില്ലേ ഇന്നാട്ടില്‍.. അവരൊക്കെ റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കൂ.. എത്രയെത്ര പോസ്റ്ററുകളാണ് നമ്മള്‍ എല്ലായിടത്തും ഒട്ടിക്കാറുള്ളത്.. നാട്ടിലാകെ പോസ്റ്ററുകള്‍ ഒട്ടിക്കൂ… എല്ലായിടത്തും എഴുതിവെക്കൂ.. കാമ്പസുകളില്‍ നമ്മള്‍ എന്തൊക്കെ പരിപാടികള്‍ നടത്താറുണ്ട്. ക്ലാസ്സ്റൂമീല്‍ നിന്നിറങ്ങി ഒത്തുകൂടൂ.. സമരം വിളിക്കൂ.. നൂറുകണക്കിന് പ്രസിദ്ധീകരണങ്ങളുള്ള നാടല്ലേ..എല്ലാവരെയും വിളിച്ചിട്ട് ചോദിക്കൂ. നിങ്ങള്‍ക്കിതൊന്നും വാര്‍ത്തയല്ലേയെന്ന്. നൂറ്റിനാല്‍പ്പത് എംഎല്‍എമാരെ , ഇരുപത് എംപിമാരെ , പത്തൊമ്പത് മന്ത്രിമാരെ അടുത്ത് തന്നെ പോയി ചോദിക്കൂ.. നിങ്ങളെന്തുകൊണ്ടാണ് ഈ കൊലപാതകത്തോട് പ്രതികരിക്കാത്തതെന്ന്…

ബസ് സ്റ്റാന്റില്‍ , അങ്ങാടിയില്‍ , ആളുകള്‍ കൂടുന്നിടത്തെല്ലാം സംഘമായി പോവൂ.. പറഞ്ഞുകൊണ്ടേയിരിക്കൂ.. അരി കട്ടെന്നും പറഞ്ഞ് കുറച്ച് മനുഷ്യര്‍ ചേര്‍ന്ന് ഒരു ആദിവാസി യുവാവിനെ അടിച്ചും കെട്ടിയിട്ടും പരിഹസിച്ചും വീഡിയോവിലാക്കിയും കൊന്ന കേരളമാണിതെന്ന്..

പറഞ്ഞുകൊണ്ടേയിരിക്കൂ.. ഇതറിയാത്ത കൊറേ പേരുണ്ട്.. ‘നാട്ടുകാര്‍’പിടിച്ചുകൊടുത്ത ‘മോഷണക്കേസ് പ്രതി’ ‘ശാരീരികാസ്വസഥത’ കാരണം ‘മരിച്ചെന്ന’ ‘ചരമവാര്‍ത്ത’ വായിക്കുന്നവരുണ്ട്.. അവരോട് പറയൂ..’ ഈ നമ്പര്‍ വണ്‍ കേരളത്തില്‍ ഒരു ആദിവാസിയുവാവിനെ പിടിച്ചുകെട്ടിയിടാനും തല്ലിക്കൊന്ന് വീഡിയോവിലെടുക്കാനും പബ്ലിക്കായി തന്നെ കഴിയുമെന്ന്’. അങ്ങനെയൊരാളെ ഇന്നലെ തല്ലിക്കൊന്നെന്ന്. ജാതികേരളമാണിതെന്ന്.

വര – ഇവി അനില്‍

ആദിവാസിയെ അവരുടെ വീടുകളില്‍ കയറി തീയിട്ടും വെടിവെച്ചും കൊല്ലാന്‍ ഭരണകൂടം തന്നെ പടയായിറങ്ങിയ ഒരു വലിയ ഓര്‍മയില്ലേ ഇന്നാട്ടില്‍. അതിന്റെ പതിനാറാം വാര്‍ഷിക ദിനമല്ലേ രണ്ടുദിവസം മുമ്പ് നമ്മള്‍ ഓര്‍ത്തെടുത്തത്? എന്നിട്ടുമെന്തേ.?

ഇപ്പോള്‍ തന്നെ. ഇന്ന് തന്നെ.

നീതി വൈകിപ്പിക്കാനുള്ളതല്ല

Be the first to comment on "കേരളമേ, റോഡുകളിലിറങ്ങൂ… ഇന്ന് തന്നെ. ഇപ്പോള്‍ തന്നെ. നീതി വൈകിപ്പിക്കാനുള്ളതല്ല"

Leave a comment

Your email address will not be published.


*