അന്യവൽക്കരണവും ദേശീയതയും

ബിനേഷ് ബാലൻ

വിദേശ ആദിപത്യത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കീഴിലും ഗാന്ധിജിയുടെ നേതൃത്വത്തിലും സ്വാതന്ത്ര്യ സമരങ്ങളുടെ രൂപത്തിലും പ്രക്ഷോഭങ്ങളുടെ രൂപത്തിലും ശക്തിപ്പെട്ടിരുന്നുവെങ്കിലും അതിനു ഒരു പൂർണ്ണരൂപം മെനഞ്ഞെടുക്കുന്നത് ഹിന്ദു സംസ്കാരത്തിൽ ഊന്നിയ ദേശീയതയിലൂടെയാണ്. തൽഫലമായി അന്ന് മുതലേ ചരിത്രാന്വേഷകരും സാമൂഹികശാസ്ത്രജ്ഞരും നരവംശശാസ്ത്രഞ്ജരും തങ്ങളുടെ കർത്തവ്യം റിവേഴ്സ് ഓറിയന്റലിസം വഴിയും സംസ്ക്രീകരണം വഴിയും ഒരു പ്രത്യേക ജനവിഭാഗങ്ങൾക്ക് വേണ്ടി കെട്ടുകഥൾ എഴുതുന്ന തിരക്കിൽ ആയിരുന്നു എന്ന് കൊസാംബി മിത്തും യാഥാർഥ്യവും എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു. ഗിയറിന്റെ നിരീക്ഷണത്തിൽ ആവട്ടെ, 1920 ന്റെ ആരംഭത്തിൽ ആണ് ഹിന്ദു ദേശീയതയും നവദേശീയ ആശയമായി സവർക്കറുടെ നേതൃത്വത്തിൽ ശക്തമായി മുന്നോട്ടു വരുന്നത്. ഇതിന്റെ പ്രത്യാഘാതം എന്നത് ലോകം കണ്ടതിൽ വെച്ചു ഏറ്റവും വലിയ കൂട്ടക്കുരുതി ഇന്ത്യയിലെ മുസ്ലിംവിഭാഗങ്ങൾ 1945 ആരംഭങ്ങളിൽ നേരിടേണ്ടിവരുന്നു എന്നതാണ്. അത് 15 കോടിയോളം മുസ്ലിംജനതയെ നാട് കടത്തുകയും ഒരുരാജ്യത്തെ രണ്ടായി വിഭജിക്കുക എന്ന പ്രവർത്തിയിൽ അവസാനിച്ചുവെങ്കിലും അന്യവൽക്കരണത്തിന്റെ ആരംഭം അവിടുന്നായിരുന്നു.

ഇന്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ തന്നെ ജാതിയും മതവിഭാഗീയതയും ശക്തമായി നിലനിന്നിരുന്നുവെങ്കിലും “അന്യവൽക്കരണം” ഒരേ ജനവിഭാഗങ്ങൾക്കിടയിൽ സജീവമായിരുന്നു. അതിന്റെ വർത്തമാന സാമൂഹിക പശ്ചാത്തലം പരിശോധിക്കുന്നതിന് മുൻപ് ചരിത്രപരമായ ഒരു നിരീക്ഷണത്തിലേക്ക് പോകാം.

ഔദ്യോഗികമായി പറഞ്ഞാൽ സ്വാതന്ത്ര്യസമരം 1857ൽ ആരംഭിച്ചുവെങ്കിലും എല്ലാ സ്വാതന്ത്ര്യ സമരങ്ങളും “സ്വാതന്ത്ര്യസമരം” എന്ന വിഭാഗത്തിൽ പെടുത്തിയിരുന്നില്ല. അതിൽ ജാതിയും മതവും എന്നും സ്വാധീനിച്ചിരുന്നു എന്നുവേണം കരുതാൻ. 1857 നു മുൻപ് വിദേശ ആധിപത്യത്തിനെതിരെ തദ്ദേശീയർ ചെറുത്തുനിന്നു എന്നത് ഒട്ടുമിക്ക പഠനങ്ങൾ ഊന്നിപറയുന്നുവെങ്കിലും അവയൊന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 1857 നും അതിനുമുൻപും അതിനു ശേഷവും സ്വാതന്ത്ര്യ സമരങ്ങൾ നടന്നിരുന്നുവെങ്കിലും അവയിൽ മിക്കതും ലഹളകൾ/കലാപങ്ങൾ എന്നും “സ്വാതന്ത്ര്യസമരം” രണ്ടായി തരം തിരിച്ചിരിക്കുന്നത് കാണാം

വാക്കുകളുടെ പ്രയോഗം ഒരുഅലങ്കാരത്തിനായിരുന്നില്ല ഉപയോഗിച്ചത് എന്ന് മനസ്സിലാക്കണം . എന്താണ് “ലഹള”? അതൊരു ആഭ്യന്തരകലാപം ആണ്. 1945 കളുടെ ആരംഭത്തിൽ ഇന്ത്യയിലെ മുസ്ലിമുകളും ജാതിഹിന്ദുക്കളും തമ്മിൽ ഉണ്ടായത്. ഇവ പരിഷ്കൃതരല്ലാത്ത യുക്തിബോധമില്ലാത്ത ജനസമൂഹങ്ങൾക്കിടയിൽ അസാധാരണയായി കണ്ടുവരുന്ന വർഗീയകലാപം എന്നു നിരീക്ഷിക്കാം. എന്താണ് “സ്വാതന്ത്ര്യസമരം”? അത് ഒരു രാജ്യത്തിലെ ജനങ്ങൾ അന്യ രാജ്യങ്ങളുടെ അധിനിവേശത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പാണ്‌ . ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങൾക്കും ആ മാനമാണ് ഉള്ളത് . എങ്കിൽ വിദേശ ആധിപത്യത്തിനെതിരെ 1921 ൽ നടന്ന മാപ്പിള കലാപം, 1821 ൽ നടന്ന കുറിച്യർ ലഹള ഇവയൊക്കെ എങ്ങനെ കലാപങ്ങളും ലഹളകളുമായി തരം തിരിക്കാൻ കഴിയും? രണ്ടുകൂട്ടരും ഒരേ ശക്തികൾക്കെതിരെയാണല്ലോ പോരാടിയത്?

1920 ൽ ഉടലെടുത്ത ഹിന്ദുദേശീയതയാണ് പിന്നീടു ഹിന്ദുമതത്തിലേക്ക് അടിസ്ഥാന ജനതയുടെ സംസ്കാരത്തെ സ്വംശീകറിക്കാൻ വൻതോതിൽ സ്വാധീനിച്ചത്. അവ പതിയെ അടിസ്ഥാനവർഗ്ഗം അന്യവൽക്കരിക്കപ്പെടേണ്ടവർ ആണ് എന്ന ഒരു അന്തരീക്ഷം ഉണ്ടാകുവാൻ വഴിതെളിച്ചു. അത് എഴുത്തുകളിലൂടെയും മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നിയമ സംവിധാനങ്ങളിലൂടെയും പൊതുഇടങ്ങളിലെ ചർച്ചകളിലൂടെയും അടിസ്ഥാനവർഗത്തിൻ മേൽ അടിച്ചേൽപ്പിച്ചു. സമൂഹത്തിനു പുറമെ നമ്മുടെ പൊതുമണ്ഡലവും വളരെ അവജ്ഞതയോടെയാണ് അടിസ്ഥാന വർഗങ്ങളെ കാണുന്നത് .

വാക്കുകൾ ഉപയോഗിക്കപ്പെടുന്നത് വെറുതെയല്ല . ഗാന്ധിജി ദളിതരെ ഹരിജനങ്ങൾ എന്നുവിളിച്ചത് വിഷ്ണുവിന്റെ ജനങ്ങൾ എന്നും ആയിരിക്കണമില്ല. ഡിക്ഷ്ണറിയിൽ “ഹരി” എന്ന വാക്കിനു കുരങ്ങു എന്ന അർഥം കൂടെ ഉണ്ടെന്നു ഓർക്കേണ്ടതാണ്. ഗാന്ധിജി ഒരു രാമഭക്തൻ ആയിരുന്നു എന്ന് കൊസാംബിയും മറ്റു എഴുത്തുകാരും ഊന്നിപറയുന്നു. അതുകൊണ്ടു ഹിന്ദു സംസ്കാരത്തിൽ ഊന്നിയ ഒരു രാജ്യം എന്നത് ഗാന്ധിയുടെയും ഒരു സ്വപ്നമായിരുന്നു എന്നുവേണം മനസിലാക്കാൻ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നു എന്ന് ചരിത്രം പ്രതിഷ്ഠിക്കുമ്പോൾ അതേ ഗാന്ധിജിക്ക് തന്നെ എന്തുകൊണ്ട് ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിൽ നിന്ന് പിന്മാറുന്നതിനു മനസ്സുണ്ടായിരുന്നില്ല എന്ന് ചോദിക്കേണ്ടി വന്നാൽ തെറ്റൊന്നും കാണാൻ കഴിയില്ല. അതിനെ ഗാന്ധിജി അനുകൂലിച്ചത് നെഹ്രുവിനോടുള്ള വാത്സല്യം കൊണ്ടും ജിന്നയോടുള്ള എതിർപ്പും കൊണ്ടാണ്.

1949 ൽ ആയിരുന്നു ഭരണഘടന എഴുതപ്പെടുന്നത്. ആർട്ടിക്കിൾ 15 (1) പ്രകാരം ഒരു ഇന്ത്യൻ പൗരനെ ജാതിയുടെയോ മതത്തിന്റെയോ ജനനസഥലത്തിന്റെയോ ലിംഗത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും അടിസ്ഥാനത്തിലോ വിവേചനം കാണിക്കുന്നത് കർക്കശമായി നിരോധിച്ചിരിക്കുന്നു. എന്നാൽ അംബേദ്കറിന്റെ തന്നെ നിരീക്ഷണമായ ഹിന്ദുകോഡ്ബില്ലിനെ അന്നത്തെ കോൺഗ്രസ് മന്ത്രിസഭാ ശക്തമായി തന്നെ എതിർക്കുന്നു. അതിലെ പ്രധാനമായ ഒരുഭാഗം എന്നത് സമാന ജാതികൾ തമ്മിലുള്ള വിവാഹത്തെ തടഞ്ഞു കൊണ്ടുമുള്ള നിയമസാധുതകളെ പറ്റിയുള്ള നിർദേശത്തേക്കോടുമാണ്. 1950 ലെ ഒരു പ്രസംഗത്തിൽ ഹിന്ദുകോഡ്ബില്ലിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്ത്യയുടെ സാമൂഹികവ്യവസ്ഥിതിയിൽ അത് വലിയൊരു മാറ്റം വരുത്തിയേനേ എന്ന് അംബേദ്കർ അവകാശപ്പെടുന്നു. 1951 ൽ ആണ് ആദ്യത്തെ കോൺഗ്രസ് മന്ത്രിസഭ ഇന്ത്യയിൽഅധികാരമേൽക്കുന്നത്. ഇതേ ആർട്ടിക്കിൾ 15 ൽ തന്നെ രണ്ടു ഭേദഗതി വരുത്തുന്നു. അതിൽ ആർട്ടിക്കിൾ 15 (4) ൽപട്ടികജാതി (SC ), പട്ടികവർഗ്ഗം (ST) മറ്റുപിന്നോക്കവർഗ്ഗം (OBC ) എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിന് അവരുടെ സ്വത്വം പരിഗണിക്കപ്പെടുന്നതിൽ ആർട്ടിക്കിൾ 15 (1 ) ഓ , ആർട്ടിക്കിൾ 29 എന്നിവ വിലക്കുന്നില്ല എന്ന് കൂട്ടിച്ചേർക്കുന്നു. അതായത് ഒരു ഇന്ത്യൻ പൗരനെ ജാതിയുടെയോ മതത്തിന്റെയോ ജനനസഥലത്തിന്റെയോ ലിംഗത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും അടിസ്ഥാനത്തിലോ വിവേചനം ആവാം എന്നതാണ്. സ്വാംശീകരണത്തിന്റെ മറ്റൊരു തുടക്കത്തിന് നിയമപരമായ പിന്തുണ കിട്ടുന്നത് ഇതോടെയാണ്. മുകളിൽ പറഞ്ഞതിൽ മറ്റുപിന്നോക്കവർഗ്ഗം (OBC )എന്നതിൽ ജാതിയല്ല , ഗവണ്മെന്റിന്റെ ആനുകൂല്യങ്ങൾക്കായി പ്രധാനമായും പരിഗണിക്കുന്നത് എന്നും ഒരു വസ്തുതയാണ്. സാമ്പത്തികമായ അസമത്വം അളക്കുവാൻ അവന് പ്രത്യേകമായ മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ പട്ടികജാതി (SC ), പട്ടികവർഗ്ഗം (ST) എന്നീ വിഭാഗത്തിന്റെ കാര്യത്തിലാവട്ടെ അവിടെ സ്വത്വം ഒരു യോഗ്യത നിർണയിക്കാനുള്ള ഒരു അവിഭാജ്യഘടകം ആയി നിലനിൽക്കുന്നു. ആയതിനാൽ സർക്കാരിന്റെ എന്ത് ആനുകൂല്യത്തിനു അർഹത നേടുവാനുള്ള അടിസ്ഥാന യോഗ്യത “മെറിറ്റ്” എന്നതിനപ്പുറം താൻ താഴ്ന്ന ജാതിയിൽപ്പെട്ടതാണ് എന്ന് തെളിയിക്കേണ്ടി വരുന്നു. പണ്ടുമുതൽക്കേ അവർ അനുഭവിച്ച അസമത്വം തന്റെ സ്വത്വം അവിടെ വെളിപ്പെടുമ്പോൾ വീണ്ടും അനുഭവിക്കേണ്ടി വരുന്നു. ആയതിനാൽ ഇന്ന് ദളിതർ അനുഭവിക്കുന്ന അസമത്വത്തിനും അന്യവൽക്കരണത്തിനും നിയപരമായ പിന്തുണ നൽകുന്നതിൽ ഇതിനും പ്രധാന പങ്കുണ്ട് എന്നതാണ് എന്റെ നിരീക്ഷണം .

മറ്റൊരു ഉദാഹണം ഉത്തരേന്ത്യ, ദക്ഷിണേന്ത്യ വടക്ക്-കിഴക്ക് ഇന്ത്യ എന്നീ വാക്കുകളുടെ ഉപയോഗം ആണ്. പ്രത്യക്ഷത്തിൽ ഒന്നും ഇതിൽ കാണാൻ കഴിയില്ലെങ്കിലും ഇന്ത്യൻജനത വർഗീകരിക്കപ്പെട്ടിരിക്കുന്നത് സ്വതം , ഭാഷ, മതം വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലാക്കാൻ കഴിയും. ഉത്തരേന്ത്യക്കാർക്കു ദക്ഷിണേന്ത്യ എന്നത് കറുത്ത നിറമുള്ള ദ്രാവിഡരുംവടക്ക്-കിഴക്ക് ഇന്ത്യ എന്നത് ചൈനീസ് മംഗളോയ്ഡ് വർഗ്ഗത്തിൽ പെട്ട ഗോത്രങ്ങളും (ഇന്ന് വിളിക്കപ്പെടുക ആദിവാസി എന്ന പ്രയോഗം) ഉത്തരേന്ത്യക്കാർ എന്നാൽ അവർ സ്വയം ആര്യവംശത്തിൽപ്പെട്ട ജാതിഹിന്ദുക്കൾ ആണെന്നുമാണ്. അതായത് സ്വതം , ഭാഷ, മതം വർഗ്ഗം എന്നിവ ഒരൊറ്റ സ്വത്വം കൊണ്ട് പുനഃസ്ഥാപിക്കുന്നു. സംസ്കാരം മതം വർഗ്ഗം എന്നിവ സ്വത്വത്താൽ നിർണയിക്കപ്പെടുന്നു. കേരളത്തിൽ ഇതിനൊരു ഉദാഹരണം നോക്കിയാൽ, ഹിന്ദുദേശീയതയും 1945 കളിലെ ഹിന്ദു മുസ്ലിം കലാപം കേരളത്തിലെ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും അന്യവൽക്കരിക്കപ്പെടുന്നതിൽ വൻതോതിൽ സ്വാധീനിച്ചിരിക്കുന്നു. അവർ അതിൽ നിന്നും മോചനം നേടുന്നത് രാഷ്ട്രീയ പ്രാതിനിധ്യം , നിയമപരവും സംഘടനാപരവുമായ അവകാശങ്ങളും പുനഃസ്ഥാപിക്കുക വഴിയാണ്. എന്നാൽ അതിലുപരി തങ്ങളുടെ മതം എന്ന സ്വത്വത്തിൽ ജാതി പുനഃസ്ഥാപിക്കുന്നു. വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ സിറിയൻ ക്രിസ്ത്യാനി എന്നാൽ അവർ മതപരിവർത്തനത്തിനു വിധേയരായ നമ്പൂതിരി ബ്രാഹ്മണർ ആണെന്നും മുസ്ലിമുകൾ ഉന്നത ജാതിയിൽനിന്നും പരിരിവർത്തനത്തിനു വിധേയരായവർ ആണെന്നും ഇന്നത്തെ ദളിത് ക്രിസ്ത്യാനികൾ എന്നാൽ താഴ്ന്ന ജാതിയിൽ നിന്നും മതപരിവർത്തനത്തിനു വിധേയരായവർ ആണെന്നും ഫുള്ളറും വേദും നിരീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഹിന്ദു സംസ്കാരത്തിൽ അധിഷ്ഠിതമായ ദേശീയത മത ന്യൂനപക്ഷങ്ങളെ അന്യവൽക്കരിക്കപ്പെടുന്നു എന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപെടുവാൻ ജാതി മതത്തിൻ മേൽ പുനഃസ്ഥാപിക്കുന്നു.

ഇന്ന് ഹിന്ദുക്കൾ അല്ലാത്ത ആദിവാസികൾ അല്ലെങ്കിൽ ദളിതർ എന്ന സ്വത്വം കേൾക്കുമ്പോൾ പൊതുസമൂഹത്തിന് അവജ്ഞ തോന്നുന്നുവെങ്കിൽ അത് പൊതുസമൂഹം തന്നെ നിർമ്മിച്ചെടുത്തതാണ്. സമൂഹത്തിലെ ഒരു ദളിതനോ ആദിവാസിയോ അല്ലാത്ത സാധാരക്കാരൻ (രാഷ്ട്രീയക്കാരനുംആവാം) കളവു/കൊല നടത്തിയാൽ നിയമത്തിനു മുൻപിൽ അവർ വിചാരണ ചെയ്യപ്പെടുന്നതും കള്ളൻ കൊലപാതകി ദളിതനോ ആദിവാസിയോ ഭിന്നലിംഗക്കാരോ മാനസിക വിഭ്രാന്തിയുള്ളവരോ അല്ലെങ്കിൽ സ്ത്രീയോ ആയാൽ പൊതുസമൂഹത്താൽ വിചാരണ ചെയ്യപ്പെടുന്നത് ഇക്കൂട്ടർ അന്യരാണെന്നത് കൊണ്ടും അവർക്ക് നിയമപരവും സംഘടനാപരവുമായ അവകാശങ്ങൾ ഇല്ല എന്ന പൊതുബോധം തന്നെയാണ് . ഇതിൽ ഒന്നുകൂടെ മനസിലാക്കാൻ ഉള്ളത് ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.

രാഷ്ട്രീയമായി ഒരു ഉദാഹരണം നിരീക്ഷിച്ചാൽ, അംബേദ്കർ രാഷ്ട്രീയത്തെ എന്തുകൊണ്ടാണ് ദളിത് വത്കരിച്ചത്. കാറൽ മാർക്സ് ഒരു ജൂതനാണ്. ഗാന്ധി ഒരു ഹിന്ദുവാണ്. അംബേദ്കർ ഒരു ബുദ്ധിസ്റ്റാണ്. എങ്കിൽ ബ്രാഹ്മണിസത്തെയും മാർസിസത്തെയും ഗാന്ധിസത്തെയും പൊതു രാഷ്ട്രീയആശയമായി അംഗീകാരിക്കുകയും, ലോകത്തിന് മാതൃകയായ ജനാധിപത്യ വ്യവസ്ഥിതിക്കു രൂപം നൽകിയ അംബേദ്കറുടെ ആശയത്തെ എന്തുകൊണ്ട് ഒരു പൊതു രാഷ്ട്രീയ ആശയമായി കാണാതെ വെറും ദളിത് രാഷ്ട്രീയ ആശയമായി മാത്രംകാണുന്നു എന്നതാണ്.

മാനുഷിക മൂലധനവും അധികാരം എന്നിവ ഭൂമിയിൻമേൽ ഉള്ള അവകാശവുമായി ബന്ധപെട്ടു കിടക്കുന്നു. അതിൽ തദ്ദേശീയ ജനതയെ ഒരു മാനുഷിക മൂലധനമായി കണക്കാക്കുന്നില്ല , എങ്കിൽ അതിനു നിയമങ്ങൾക്കും ഭൂപരിഷ്കരണ നിയമങ്ങൾക്കും പ്രധാന പങ്കുണ്ട്. ഒരു ഉദാഹരണം കൂടെ പരിശോധിച്ചാൽ, ട്രാവൻകൂർ കൊച്ചി മലബാർ എന്നീ നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേർത്താണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഉണ്ടാകുന്നത്. അന്നു വരെ മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ കൂർഗ്ഗ്, ദക്ഷിണ കാനറ, ഇന്നത്തെ കാസറഗോഡ് എന്നീ മേഘലകളാൽ ചുറ്റിപറ്റികിടന്ന തുളു നാട് രണ്ടായി നടുവേ പിളർന്നു. തുളുവർ മലവേട്ടുവരെന്നും മാവിലരെന്നും മോഗയെരെന്നും മറ്റുവിഭാഗങ്ങളായും വിളിക്കപ്പെട്ടു. തുളുവരുടെ കുടുബങ്ങളെ ജാതികളായും ഗോത്രങ്ങളായും വർഗ്ഗീകരിക്കപ്പെട്ടു. പുതിയതായി അടിച്ചേൽപ്പിച്ച സ്വത്വത്താൽ അവർ വീണ്ടും പൊതുസമൂഹത്തിൽനിന്നും അന്യവൽക്കരിക്കപ്പെട്ടു
.
ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപെട്ട പുതിയ സംസ്ഥാനത്തിന്റെ വടക്കു കിഴക്കേ മൂലയിലേക്ക് മധ്യകേരളത്തിൽ നിന്നും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കുടിയേറ്റത്തിൽ വൻതോതിൽ വർദ്ധനവ് ഉണ്ടായി. മാതൃഭാക്ഷ മലയാളമായതിനാൽ കുടിയേറ്റജനതക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പ്വരുത്താൻ പ്രയാസകരമായിരുന്നില്ല. എന്നാൽ മലയാളം തുളുവരിൽ നിന്നും അന്യമായതിനാൽ തങ്ങൾക്ക് കൃത്യമായ രാഷ്ട്രീയപ്രാതിനിധ്യം അന്നത്തെ സാഹചര്യത്തിൽ ഉറപ്പുവരുത്താൻ കഴിഞ്ഞിരുന്നില്ല. 1960 മുതൽ 1970 വരെ കാലയളവുകളിൽ നിർമ്മിച്ച ഭൂപരിഷ്കരണനിയമങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടായതും ഉണ്ടാവേണ്ടതും ആയ ഭൂമിയിൽ മേൽ ഉണ്ടായിരുന്ന അവകാശം വൻതോതിൽ ചുരുങ്ങി. ഭൂപരിഷ്കരണ നിയമങ്ങൾ കേരളത്തിൽ ആദിവാസികളെയും അഹിന്ദുക്കളേയും ചെറിയ തോതിൽ ഒന്നുമല്ല ബാധിച്ചത്. പൊതുസമൂഹത്തിൽ നിന്നും ഇന്നും അവർ അന്യവൽക്കരിക്കപെട്ടു നിൽക്കുന്നതിന്റെ അവശിഷ്ടങ്ങളാണ് ഇന്നത്തെ സംഭവങ്ങളും.

ബ്രിട്ടൻ സസ്സെക്‌സ് യൂനിവേഴ്‌സിറ്റിയിൽ ആന്ത്രോപോളജിയിൽ ബിരുദാനന്തര വിദ്യാർത്ഥിയാണ് ലേഖകൻ

Be the first to comment on "അന്യവൽക്കരണവും ദേശീയതയും"

Leave a comment

Your email address will not be published.


*