https://maktoobmedia.com/

പ്രണവിനെ വെറുതെ വിട്ടേക്കൂ. അയാള്‍ അയാളുടെ ജീവിതം ജീവിച്ചോട്ടെ

നസീല്‍ വോയിസി

പ്രണവ് മോഹന്‍ലാലിനെക്കുറിച്ചൊരു കഥയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ ഇന്റര്‍വ്യൂ ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ ചെന്നൈയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ പ്രണവ് കയറിവന്നു. എന്തോ പുസ്തകം വാങ്ങാനായി പുറത്തു പോയി വന്നതാണ്. പുസ്തകം കിട്ടിയോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനു ”എന്റെ ബഡ്ജറ്റില്‍ ഒതുങ്ങിയില്ല. പിന്നെ വാങ്ങാം” – എന്ന് മറുപടി. താരരാജാവിന്റെ മകന്റെ ബഡ്ജറ്റില്‍ ഒതുങ്ങാത്ത പുസ്തകം! കേള്‍ക്കുന്നവര്‍ക്ക് വിശ്വാസമായിക്കൊള്ളണമെന്നില്ല. ചുമ്മാ വെറും തള്ള്, പ്രൊമോഷന്‍ എന്നൊക്കെ ഒറ്റവാക്കില്‍ തള്ളിക്കളയാവുന്നതാണ്. പക്ഷേ അപ്പുറത്ത് പ്രണവായതുകൊണ്ട് ഇതു സത്യമാണെന്നാണ് വിശ്വാസം.

അതിനൊരു കാരണം കൂടിയുണ്ട്. ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് മനോരമ ട്രാവലര്‍ മാസിക പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആദ്യ കോപ്പി മാര്‍ക്കറ്റിലെത്തുമ്പോള്‍ വായനക്കാരെ ഞെട്ടിക്കാന്‍ പാകത്തിലുള്ള ഒരു കവര്‍ വേണം എന്ന് എല്ലാവര്‍ക്കും ആഗ്രഹം. ആ സമയത്ത് പ്രണവ് മോഹന്‍ലാല്‍ ഏതൊക്കെയോ സംസ്ഥാനങ്ങളിലൂടെ ചുറ്റിത്തിരിയുകയാണ് എന്ന് ബൈജുച്ചേട്ടന്‍ വഴി അറിഞ്ഞു. അയാളെക്കുറിച്ച് കവര്‍സ്റ്റോറി കിട്ടിയാല്‍ കിടുക്കും. അതിനുള്ള ശ്രമമാരംഭിച്ചു. ഏറെ കഷ്ടപ്പെട്ട് (ബൈജുച്ചേട്ടന്‍ വഴി തന്നെയാണ് എന്നാണോര്‍മ) ബന്ധപ്പെട്ടു. ആവശ്യമറിയിച്ചു. ”ഒരു മാഗസിന്റെ കവര്‍ ചിത്രമാവാന്‍ മാത്രമൊന്നും ഞാനാരുമല്ല, പ്രശസ്തനൊന്നുമല്ല”- എന്നു സിംപിളായി പറഞ്ഞ് അയാള്‍ തന്റെ ലോകത്തേക്ക് വലിഞ്ഞു. അതൊരു അത്ഭുതമായിരുന്നു, മോഹന്‍ലാലിന്റെ മകന്‍, മലയാള സിനിമാ ലോകം പ്രതീക്ഷിച്ചു നില്‍ക്കുന്ന എന്‍ട്രി…എല്ലാമുണ്ടായിട്ടും ഗ്ലാമറിന്റെ വെളിച്ചം വന്ന് തട്ടിവിളിച്ചിട്ടും, തന്റെ പ്രൊഫൈല്‍ അത്ര പ്രശസ്തമല്ല, സാധാരണക്കാരനാണ് എന്ന് പറഞ്ഞ് സ്വയം ഒഴിഞ്ഞു മാറുന്നത് അത്ഭുതം തന്നെയാണ്.

പിന്നീട് തൊടുപുഴയില്‍ പാപനാശം സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ച് ക്യാമറ ഓണാക്കി തന്നോട് വിശേഷം ചോദിക്കുന്ന സിനിമാപ്രേമികളോട്, ചോദ്യങ്ങള്‍ തീരുന്നതു വരെ കൈ കെട്ടി നിന്ന് സംസാരിച്ച, പ്രൊഡക്ഷന്‍ ബോയ്സിനോടൊപ്പം നടക്കുന്ന പ്രണവിന്റെ വീഡിയോയും കണ്ടു. അയാളോടുള്ള ബഹുമാനം ഏറുകയായിരുന്നു. ഇപ്പോഴും ആദി കണ്ടിട്ടില്ല, പക്ഷേ ഒരു വ്യക്തി എന്ന നിലയില്‍ അയാളോട് ബഹുമാനം തോന്നുന്നുണ്ട്.

ഇതിപ്പോള്‍ പറയാനുള്ള കാരണമെന്താന്നു വച്ചാല്‍, പ്രണവ് മോഹന്‍ലാലിന്റെ യാത്രാനുഭവങ്ങളും തെരഞ്ഞെടുപ്പുകളുമെല്ലാം പ്രിവിലേജിന്റെയും അധികാരത്തിന്റെയും നിഴലിലുള്ളതാണെന്ന് ആവര്‍ത്തിക്കുന്ന ഒരു കുറിപ്പ് കണ്ടു. പറച്ചിലെല്ലാം, ഉപദേശങ്ങളെല്ലാം നേരിട്ട് പ്രണവിനോടാണ്, അയാള്‍ സ്വയം മഹത്വവത്കരിക്കുന്ന പോലെ. അച്ഛന്റെ സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നത്, പങ്കുവയ്ക്കുന്നത് പ്രണവിന്റെ സെല്‍ഫ് പ്രൊമോഷന്‍ അക്കൗണ്ടില്‍ ചേര്‍ക്കേണ്ടതില്ലല്ലോ.

ഇതുവരെ കണ്ടിടത്തോളം, കേട്ടിടത്തോളം അയാളെവിടെയും സ്വയം പ്രതിഷ്ടിച്ചതായി കണ്ടിട്ടില്ല. സിനിമ പോലും അയാളുടെ താത്പര്യമായിരുന്നില്ല, താത്പര്യമല്ല എന്നാണ് മനസ്സിലാക്കുന്നത്. അതേ സമയം മോഹന്‍ലാല്‍ എന്ന മഹാമേരുവിന്റെ നിഴലില്‍ അയാളെ തേടിയെത്തുന്ന വെള്ളിവെളിച്ചത്തില്‍ നിന്ന് ആവുന്നത്രയും മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതായി അനുഭവപ്പെട്ടിട്ടുമുണ്ട്. അയാളുടെ യാത്രകളും അന്വേഷണങ്ങളും വായനയുമെല്ലാം ആ നടത്തത്തിന്റെ ഭാഗവുമാവും. മോഹന്‍ലാലിന്റെ മകനായി, സിനിമാ മേഖലയുടെ നോട്ടത്തിലുണ്ട് എന്നതൊന്നും അയാളുടെ ശ്രമങ്ങളെ റദ്ദു ചെയ്യാന്‍, ഒരു വ്യക്തി എന്ന നിലയില്‍ അയാളുടെ സകല പ്രവര്‍ത്തികളെയും ജഡ്ജ് ചെയ്യാനുള്ള അനുമതിയല്ലല്ലോ.

നമ്മളനുഭവിക്കാത്ത ജീവിതങ്ങളൊക്കെ നമുക്ക് കെട്ടുകഥകള്‍, ഫാന്‍സി മാത്രമാണ് എന്നു പറയാറുണ്ട്. അതു ശരി തന്നെയാണ്. എങ്കിലും ആ ഫാന്‍സി മറ്റൊരാളെ വിധിയെഴുതാന്‍ ഉപയോഗിക്കരുതെന്ന തോന്നലാണ് ഈ കുറിപ്പ്. പ്രണവിനെ വെറുതേ വിട്ടേക്കൂ. അയാള്‍ അയാളുടെ ജീവിതം ജീവിച്ചോട്ടെ.

Be the first to comment on "പ്രണവിനെ വെറുതെ വിട്ടേക്കൂ. അയാള്‍ അയാളുടെ ജീവിതം ജീവിച്ചോട്ടെ"

Leave a comment

Your email address will not be published.


*