https://maktoobmedia.com/

ചാലിയാറിലെ വിഷജലം; എളമരം കരീമും ഇടി ബഷീറും സർക്കാർ വക വാഹനങ്ങളിൽ ഒരിക്കലെങ്കിലും ഈ വഴി വരണം, പറയാനുണ്ട്

ചേന്ദമംഗല്ലൂർ സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ മഹമൂദ് കെടി എഴുതുന്നു:

എളമരം കരീമും ഇ .ടി .മുഹമ്മദ് ബഷീറും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സമുന്നത നേതാക്കളാണെങ്കിലും അവരെ ഒന്നിപ്പിക്കുന്നൊരു ഘടകമുണ്ട് . നാട്ടിലെ ഭൂമിയും കാട്ടിലെ മുളയും പടുമരങ്ങളും തുച്ഛം കാശിനു തീറെഴുതിക്കൊടുത്ത് സ്ഥാപിച്ച ബിർളാ കമ്പനിയിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വ പദവിയിലൂടെയാണ് അവർ രണ്ടു പേരും മന്ത്രിമാരായതും ഇപ്പോഴും നേതാക്കന്മാരായി തുടരുന്നതും .

മാവൂരിന്റെ ഭൂമിശാസ്ത്രം അറിയാത്തവർക്ക് വേണ്ടി വിശദീകരിക്കാം . മാവൂർ ഗ്വാളിയോർ റയോൺസിന്റെ പൾപ്പ് ഡിവിഷന്റെയും ഫൈബർ ഡിവിഷന്റെയും അതിരുകളാണ് എളമരം കടവും മന്തലക്കടവും . എളമരം കടവിനക്കരെയാണ് കരീമെങ്കിൽ മന്തലക്കടവ് അക്കരെക്കടന്നാൽ ബഷീറിന്റെ വീടായി .

പിണറായി സർക്കാറിനു ഗെയിൽ കമ്പനിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് പോലെയുള്ള പങ്കപ്പാടൊന്നും ഇല്ലായിരുന്നു സഖാവ് ഇ.എം.എസ് ന്റെ കാലത്ത് മാവൂരിൽ , കേരളത്തിലെ സ്വകാര്യ ഉടമസ്ഥതയിലെ ആദ്യത്തെ വൻകിട ഫാക്റ്ററിക്കു ഭൂമി ഏറ്റെടുക്കാൻ. ഭൂമി വിട്ടു നൽകിയവർക്കും അല്ലാത്തവർക്കുമായി ആയിരങ്ങൾക്ക് ജോലിയും എത്രയോ ഇരട്ടി ആളുകൾക്ക് പരോക്ഷമായുള്ള പ്രയോജനങ്ങളും കിട്ടി . മാവൂരങ്ങാടി ഒരു കൊച്ചു പട്ടണമായി .

പതിറ്റാണ്ടുകൾ കഴിയും മുൻപേ പണിയെടുക്കുന്നവർക്കും പ്രദേശവാസികൾക്കും ഒരു കാര്യം ബോധ്യമായി . തങ്ങളൊക്കെ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുകയാണെന്ന് . ഫാക്റ്ററിയിൽ നിന്നൊഴുക്കി വിട്ട വിഷമാലിന്യങ്ങൾ ഏറ്റു വാങ്ങി ചാലിയാർ മലീമസമായി .വിഷപ്പുക ശ്വസിച്ചും വിഷജലം കുടിച്ചും ക്യാൻസർ രോഗം ബാധിച്ചും നൂറുക്കണക്കിന് പേർ ആയുസ്സെത്തും മുൻപ് ഒടുങ്ങി .

ഒടുക്കം , നിരന്തരമായ ജനകീയ സമരങ്ങൾക്കും ( സമരത്തെ തകർക്കാനുള്ള മാനേജുമെന്റിന്റെയും ഒത്താശക്കാരായ തൊഴിലാളി സംഘടനകളുടെയും ചെറുത്തുനിൽപിന്റെയും ) ശേഷം കമ്പനി എന്നേക്കുമായി അടച്ചുപൂട്ടി .

പിന്നീട് , ഫാക്റ്ററി അതിന്റെ യന്ത്രസാമഗ്രികകളും കൂറ്റൻ പുകക്കുഴലുകളും പൊളിച്ചു മാറ്റിയതിനു ശേഷമുള്ള അവസ്ഥയെപ്പറ്റിയാണ് എനിക്കെഴുതാനുള്ളത് . അതിനു വേണ്ടിയാണ് ആരംഭത്തിൽ എളമരം കരീമിനെയും ഇ.ടി. ബഷീറിനെയും ഞാൻ മെൻഷൻ ചെയ്തതും . ആ രണ്ടു പേരും ഈ കാലയളവിൽ സംസ്ഥാനം ഭരിച്ച ഇരു മുന്നണികളുടെയും സർക്കാരുകളിൽ മന്ത്രിമാരായിരുന്നു . വ്യവസായാവശ്യത്തിനു വേണ്ടി തുച്ഛമായ വിലക്ക് സർക്കാർ അക്വയർ ചെയ്തു കൊടുത്ത ഭൂമിയിൽ ഉടമസ്ഥന് പരിസ്ഥിതി സൗഹൃദപരമായ വ്യവസായങ്ങൾ ഒന്നും തുടങ്ങാനായില്ലെങ്കിൽ അത് സർക്കാരിന് തിരിച്ചെടുക്കാം . അങ്ങനെ ചെയ്യാമെന്ന് രണ്ടു മുന്നണികളും ജനങ്ങളോട് വാക്ക് പറഞ്ഞതാണ് . പ്രദേശത്തെ ഇപ്പോഴത്തെ എം.എൽ.എ ഇടതു സഹയാത്രികൻ പി.ടി.എ റഹീമും അങ്ങനെ വാക്ക് കൊടുത്തതായാണ് ഞാൻ അറിഞ്ഞത് .
ഇനി അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും പോലും നിങ്ങൾ മൂന്നു പേരും അതിനു മുൻകൈ എടുക്കേണ്ടതുണ്ട്‌ . വർഷങ്ങളായി എളമരം കടവ് മുതൽ മാവൂർ ടൗൺ വരെയുള്ള റോട്ടിൽ ഒരു ദിവസം പോലും മുടങ്ങാതെ കോഴി വെയ്സ്റ്റ് തള്ളുകയാണ് . സ്വന്തം നാടല്ലേ ? സർക്കാർ വക വാഹനങ്ങളിൽ ഒരിക്കലെങ്കിലും നിങ്ങളൊക്കെ ഈ വഴി വരണം . വരുമ്പോൾ കാറിന്റെ ഗ്ലാസ്സുകൾ ഒന്ന് താഴ്ത്തി വെക്കണം . സ്വന്തം നാട്ടിന്റെ ചൂരും കാഴ്ചകളും അറിയാനും അനുഭവിക്കാനും കഴിയുന്നതൊരു പുണ്യമല്ലേ ?

Be the first to comment on "ചാലിയാറിലെ വിഷജലം; എളമരം കരീമും ഇടി ബഷീറും സർക്കാർ വക വാഹനങ്ങളിൽ ഒരിക്കലെങ്കിലും ഈ വഴി വരണം, പറയാനുണ്ട്"

Leave a comment

Your email address will not be published.


*