ഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര

Naseel Voici

യാത്രാ ചിത്രങ്ങളും കഥകളും പങ്കുവയ്ക്കുന്നരെ നോക്കി പലരും പറയാറുള്ള ഒരു ഡയലോഗുണ്ട് – ”ഓഹ്, കയ്യില്‍ കാശുണ്ടേല്‍ പിന്നെ എങ്ങനേം ഊര് ചുറ്റാമല്ലോ. ഇതൊന്നും സാധാരണക്കാര്‍ക്ക് കഴിയുന്ന കാര്യമല്ല”. ജീവിതത്തിലെ കെട്ടിമാറാപ്പുകളുടെ കണക്കു നിരത്തിയിട്ട് നമുക്കിതൊന്നും പറ്റത്തില്ലേ എന്നും പറഞ്ഞ് നെടുവീര്‍പ്പിടും. ആരെയും കുറ്റപ്പെടുത്തിയതല്ല, എന്റേം നിങ്ങളുടേം ഒക്കെ കാര്യം തന്നെയാവും.

അങ്ങനെയാണെങ്കില്‍ നമുക്ക് ഒരാളെ പരിചയപ്പെടാം. ആലപ്പുഴക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസിനെ. വലിയ കച്ചവടക്കാരനോ കോര്‍പ്പറേറ്റ് ജോലിക്കാരനോ ഒന്നുമല്ല, ഒരു സാധാരണ കണക്കു വാധ്യാരാണ്. അദ്ദേഹം ഒരു യാത്ര പോവുകയാണ്. ദുബായ്, ഇറാന്‍, ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോ വരെ. വിമാനത്തിലോ കപ്പലിലോ അല്ല. പലരും പോയ പോലെ കാറിലോ ബുള്ളറ്റിലോ അല്ല, സൈക്കിളില്‍. അതെ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങുകയാണ് ഈ അധ്യാപകന്‍.

ലോട്ടറിയടിച്ചിട്ടൊന്നുമല്ല ഈ യാത്ര. പകരം ലോകം കാണാനും പുതിയ അനുഭവങ്ങളോടുള്ള ഒടുങ്ങാത്ത പ്രണയം കൊണ്ടുമാണ്. അതാവുമല്ലോ ഓവര്‍ ടൈം ജോലിയെടുക്കാനും ട്യൂഷനെടുത്ത് കിട്ടുന്ന പണം ഒരുക്കൂട്ടി വയ്ക്കാനുമൊക്കെ അയാള്‍ക്ക് ഊര്‍ജം നല്‍കിയത്. ഈ ആവേശം തന്നെയാണ് മാസങ്ങള്‍ക്കു മുന്‍പ് ഒരു സ്വപ്നം മാത്രമായിരുന്ന യാത്ര ഇന്ന് യാഥാര്‍ഥ്യമാക്കിയത്.

വീസാ നടപടികളും മറ്റു രേഖകളുമൊക്കെ റെഡിയായിക്കഴിഞ്ഞു. അതോടെ തന്നെ കഥയുടെ ഒന്നാം അധ്യായം കഴിഞ്ഞല്ലോ. ഇനി ദുബായില്‍ നിന്ന് ഫെറി വഴി ഇറാനിലെ ബന്ദർ അബ്ബാസ്സിൽ എത്തുന്നതോടെ സൈക്കിളിന്റെ പെഡലുകള്‍ക്ക് ജീവന്‍ വയ്ക്കും. രണ്ടാമധ്യായം തുടങ്ങും. അതങ്ങനെ അഞ്ചു മാസത്തോളം നീളും. ഫൂട്ബോള്‍ ലോകകപ്പിന്റെ ആരവങ്ങളുയരുന്ന നേരത്ത് റഷ്യയില്‍ യാത്ര അവസാനിക്കും.

നമുക്ക് പരിചയമുള്ള യാത്രകളില്‍ നിന്ന് ഏറെ വ്യത്യസ്തമാവും ഈ യാത്രയെന്ന് തോന്നുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന പോലെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ നാട്ടതിരുകള്‍ക്ക് അപ്പുറത്തേക്ക് പുതിയ യാത്രകള്‍ നടത്താന്‍ ആത്മവിശ്വാസം പകരുന്ന ഒരു ഒന്നൊന്നര യാത്ര. ഒരുപാട് പൈസയുണ്ടെങ്കിലേ യാത്ര ചെയ്യാനൊക്കൂ എന്ന ധാരണകളെ പൊളിച്ചെഴുതുന്ന ലോകസഞ്ചാരം.

നമുക്ക് ക്ലിഫിന്റെ കഥകളിലേക്ക് കാതോര്‍ക്കാം. സ്വപ്നങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച് അവയെ സ്വതന്ത്രമാക്കാം. മിണ്ടിയും പറഞ്ഞും പങ്കുവച്ചും അങ്ങനെ അങ്ങനെ യാത്രകളുടെ കപ്പലേറാം. പറക്കാം, ആക്സിലേറ്റര്‍ കൊടുക്കാം…പിന്നെ ദൂരത്തെക്കുറിച്ച് ആകുലപ്പെടാതെ സൈക്കിളേറാം.

Be the first to comment on "ഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര"

Leave a comment

Your email address will not be published.


*