‘ അമ്പതിനായിരം മനുഷ്യർ നടന്നുവരുന്നുണ്ട്…’ കർഷകമഹാസമരം ഇന്ന് നിയമസഭയിലേക്ക്

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ വിറപ്പിച്ച്  കർഷകരുടെ ജാഥ മുംബൈ നഗരത്തിലെത്തി. അഞ്ചുദിവസത്തോളമായി തുടരുന്ന യാത്ര നാസിക്കിൽ നിന്ന് കാൽനടയായായാണ് ആരംഭിച്ചത്. 180 ലേറെ കിലോമീറ്ററുകൾ നടന്നാണ് അമ്പതിനായിരത്തിലധികം വരുന്ന കർഷകർ കിസാൻ സഭയുടെ നേത്യത്വത്തിൽ മുംബൈയിൽ എത്തിയത്. ഇന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സമരക്കാർ ചർച്ച നടത്തുണ്ട്. തിങ്കളാഴ്ച മുതൽ നിയമസഭ വളയുമെന്നാണ് സമരക്കാരുടെ ഭീഷണി.

കർഷക കടം എഴുതിത്തള്ളുക , വനംവകുപ്പ് ആദിവാസികളിൽ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനൽകുക , വിള നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

സിപിഎമ്മിന്റെ കർഷകകൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സഭ നേതൃത്വം നൽകുന്ന സമരത്തിന് പ്രകാശ് അംബേദ്കറുടെ ഭാരിപ്പ ബഹുജൻ മഹാസംഘ് അടക്കമുള്ള ദലിത് സംഘടനകൾ , എൻസിപി , ശിവസേന തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.

രാംദാസ് പ്രീനി ശിവാനന്ദൻ ഫേസ്‌ബുക്കിൽ എഴുതുന്നു :

” പ്രിയപ്പെട്ടവരേ…
അൻപതിനായിരം മനുഷ്യർ നടന്ന് വരുന്നുണ്ട്. അതിലേറെ സ്വപ്‌നങ്ങൾ നടന്ന് വരുന്നുണ്ട്. അത്രമേൽ ആവേശം കൊള്ളിക്കുന്നുണ്ട്, ഈ നീണ്ട നടത്തം അത്രമേൽ പ്രതീക്ഷ പകരുന്നുണ്ട്.

കർഷകരാണ്, കർഷക തൊഴിലാളികളാണ്. മറ്റുള്ളവരുടെ വിശപ്പടക്കുന്നവരാണ്. ഒറ്റ രാത്രികൊണ്ട് ലക്ഷങ്ങൾ അക്കൗണ്ടിൽ കയറുമെന്ന പ്രലോഭനം കേട്ട് ഇറങ്ങിവരുന്നതല്ല. എല്ലാവരുടെയും പശിയടക്കാനാണ്. മാധ്യമലാളന കിട്ടുന്ന നായകരില്ല. മണ്ണിൽ പണിയെടുക്കുന്നവരുടെ കൈത്തഴമ്പും ആത്മാർത്ഥതയും സ്വന്തമായുണ്ട്. പിന്നെ ഈ രാജ്യത്തിന്റെ പലകോണുകളിൽ കർഷകർ അവസാനത്തെ അത്താണിയായി കാണുന്ന, നമ്മുടെ പ്രതിരോധവും പ്രതീക്ഷയുമായ കിസാൻസഭയുടെ സംഘാടനമുണ്ട്.

കിസാൻ ലോങ്ങ് മാർച്ച് അഞ്ച് ദിവസം പിന്നിട്ടു കഴിഞ്ഞു. കുത്തക മാധ്യമങ്ങൾ ഈ രാത്രിയിലും അംബാനിയുടെ ചെക്കൻ തടി കുറച്ചതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. അവരുടെ ബഹുനില സ്റ്റുഡിയോകളുള്ള, അംബാനിമാരും അദാനിമാരും കയ്യേറിയിരിക്കുന്ന മഹാ നഗരത്തിലേക്കാണ് ഈ കർഷക ഗ്രാമങ്ങൾ നടന്ന് വരുന്നത്.

എല്ലാ എതിർസ്വരങ്ങളും തങ്ങൾക്കനുകൂലമായ വിവാദങ്ങളാക്കി നമുക്ക് തന്നെ കച്ചവടം ചെയ്യുന്ന സംഘപരിവാർ- കോർപ്പറേറ്റ് കൂട്ടുകെട്ട് കഴിഞ്ഞ വർഷം നിന്ന് വിറച്ചത് ഈ പോരാളികൾക്ക് മുന്നിലാണ്. കർഷകർക്ക് മുന്നിലാണ്, കിസാൻ സഭയ്ക്ക് മുന്നിലാണ്. അവർ വീണ്ടും വരികയാണ്. മഹാരാഷ്ട്ര നിയമസഭ വളയാൻ. പറഞ്ഞ് പറ്റിച്ചവരോട് കണക്ക് ചോദിക്കാൻ. ഈ ഈ ചോരപ്പാടുകൾ വെറുതെയാവില്ല. ഈ പ്രതിരോധം ഈ പോരാട്ടം വെറുതെയാവില്ല.

അഞ്ച് ദിവസം കൊടും വേനലിൽ അവഹേളനങ്ങളെയും, അവജ്ഞകളെയും വകവെക്കാതെ നടന്നുവരുന്ന ഈ വർഗ്ഗബോധം നാളെ രാവിലെ മുംബൈ നഗരത്തിൽ പ്രവേശിക്കുകയാണ്. എല്ലാവരോടും പറയണം, എല്ലാവരും വരണം. കൂടണം.

പ്രിയപ്പെട്ടവരേ
അൻപതിനായിരം മനുഷ്യർ നടന്ന് വരുന്നുണ്ട്. അതിലേറെ സ്വപ്‌നങ്ങൾ നടന്ന വരുന്നുണ്ട്. അത്രമേൽ ആവേശം കൊള്ളിക്കുന്നുണ്ട്, ഈ നീണ്ട നടത്തം അത്രമേൽ പ്രതീക്ഷ പകരുന്നുണ്ട്.
എല്ലാവരോടും പറയണം, എല്ലാവരും കൂടണം.
നാളെ നമ്മുടേതാണ്… “

Be the first to comment on "‘ അമ്പതിനായിരം മനുഷ്യർ നടന്നുവരുന്നുണ്ട്…’ കർഷകമഹാസമരം ഇന്ന് നിയമസഭയിലേക്ക്"

Leave a comment

Your email address will not be published.


*