‘എല്ലാവരോടും നന്ദി , നേടിയെടുത്തത് ശരിയെന്നു തോന്നിയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യം’

” ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാൻ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് ” വാര്‍ത്താസമ്മേളനത്തില്‍ ഹാദിയയുടെ വാക്കുകള്‍.

‘എനിക്ക് ശരിയെന്നു തോന്നിയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് സുപ്രീംകോടതി നൽകിയത്. നഷ്ടമായത് ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു വർഷമാണ്.’ കോഴിക്കോട് മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു ഹാദിയ. ‘ഒപ്പം നിന്ന ഒരുപാട് പേരുണ്ട്. മാധ്യമങ്ങള്‍, സാഹിത്യ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍. പറഞ്ഞറിയിക്കാനാകാത്തത്ര നന്ദിയുണ്ട്’. ഡോ: വർഷ ബഷീർ , ഗോപാൽ മേനോൻ , ഡോ: ജെ ദേവിക , സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ പേരുകളും ഹാദിയ എടുത്തുപറഞ്ഞു.

“ഞാന്‍ ഫേസ്ബുക്കിലും മറ്റും ഒരുപാട് കണ്ടു, മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, മോശമായി ഞാന്‍ പെരുമാറുന്നു, അവരെ ഞാന്‍ കഷ്ടപ്പെടുത്തുന്നു.. അതും കൂടി ഞാന്‍ ഈ അവസരത്തില്‍ പറയുകയാണ്, എന്റെ പാരെന്റ്സ് എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരാണ്, എന്റെ പാരെന്റ്സിനും ഞാന്‍ ഒരുപാട് പ്രിയപ്പെട്ടവളാണ്. അവരില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് ഒരിക്കലും എനിക്കാഗ്രഹമില്ല.

ഒരുകാര്യം ഞാന്‍ എടുത്തു പറയുകയാണ്‌, ഞാന്‍ വിവാഹം കഴിക്കാന്‍ വേണ്ടിയല്ല മതം മാറിയത്. എനിക്ക് ശരിയെന്ന് തോന്നിയ ഒരു വിശ്വാസത്തിലോട്ട് മാറണമെന്ന്, അല്ലെങ്കില്‍, അതനുസരിച്ച് ജീവിച്ചില്ല എങ്കില്‍, നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു മനസ്സുണ്ട്, നമുക്ക് ശരി എന്ന് തോന്നിയത് പ്രവർത്തിക്കാൻ പറ്റാത്ത ഒരു സാഹചര്യം എല്ലാവര്ക്കും ഒരു ബുദ്ധിമുട്ടല്ലേ? എനിക്കത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയ ഒരവസ്ഥയിലാണ്, ഞാന്‍ വിശ്വസിക്കുന്നതാണ് പൂര്‍ണ്ണമായും ഞാന്‍ എന്ന് പുറംലോകത്തെ അറിയിക്കണം എന്ന് തോന്നിയിട്ടുള്ളത്. ആ രീതിയില്‍ എന്റെ വസ്ത്രധാരണവും ജീവിത ശൈലിയും മാറ്റിയപ്പോഴുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ്‌ ഇതെല്ലം ഉണ്ടായിട്ടുള്ളത്. എല്ലാവരും ചോദിക്കുന്നത് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നൊക്കെയാണ്. ആവശ്യമില്ലേ? നമുക്കിഷ്ടപ്പെട്ടത്‌ തിരഞ്ഞെടുത്ത് ആ രീതിയില്‍ ജീവിക്കാന്‍ പറ്റണ്ടേ? അല്ലെങ്കിലെങ്ങനെയാ നമ്മുടെ ഒക്കെ ജീവിതം പൂര്‍ണ്ണമാകുന്നത്?

‘നീ ഇങ്ങനെ ഡ്രസ്സ് ചെയ്തൂടെ’, ‘നിനക്കങ്ങനെ നടന്നൂടെ’.. അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ? മറ്റുള്ളവർക്ക് കമന്റ് ചെയ്യാം, ജസ്റ്റ് പറയാം, പക്ഷെ ശരിക്കും അത് തീരുമാനിക്കുന്നത് ഓരോരോ വ്യക്തികളുമല്ലേ? എന്റെ പരെന്റ്സിൽ നിന്ന് ഞാൻ വിട്ടുനിന്നതിന് കാരണം അവർ ഇതൊന്നും അംഗീകരിച്ചില്ല എന്ന് മാത്രമല്ല, വളരെ മോശമായി പെരുമാറുന്ന ഒരു സാഹചര്യവും കൂടി ഉണ്ടായി. ഞാൻ അഫിഡവിറ്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്, നിങ്ങൾക്കെല്ലാം അറിയാം എന്നെനിക്കറിയാം. എനിക്ക് മാനസികമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം വന്നപ്പോഴാണ് വീട്ടിൽ നിന്നും മാറിനിന്നിട്ടുള്ളത്.

ഫസ്റ്റ് ഹേബിയസ് കഴിഞ്ഞിട്ട് ഞാൻ അച്ഛനുമമ്മയുമായിട്ട് തുടർച്ചയായി ഫോണിൽ കോൺടാക്ട് ഉണ്ടായിരുന്നു, ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല. നല്ല രീതിയിൽ സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യം ഞങ്ങൾ ഫോണിൽ കമ്മ്യൂണിക്കേഷനുണ്ടായിരുന്നു. ഞാൻ എപ്പോഴും പറയുമായിരുന്നു, അച്ഛനും അമ്മയ്ക്കും എന്നെ കാണാൻ എപ്പോഴും വരാമെന്ന്. അവര് വിളിക്കുന്നിടത്തേക്ക് പോകാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്താന്നുവച്ചാൽ, പ്രശ്നം ഞാൻ മതം മാറി എന്നാണല്ലോ, ഒരു വില്ലേജ് ആണ്, അവിടെ മുസ്ലീംസ് ഇല്ല, എല്ലാവരും ഇതൊരു പ്രോബ്ളമായിട്ടെടുത്തിട്ടുണ്ട്, അതുകൊണ്ട് ചിലപ്പോൾ ഏതു രീതിയിലാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല.

അത് മാത്രമല്ല, കേസ് ഫസ്റ്റ് നടന്നത് മുതൽ എന്റെ അച്ഛന്റെ അഡ്വക്കേറ്റ് ആരാണ് എന്നതിൽ നിന്നെല്ലാം അദ്ദേഹം ആരുടെ പിടിയിലാണ് എന്ന് എനിക്കൂഹിക്കാൻ സാധിച്ചിട്ടുണ്ട്. ഊഹമല്ല, പൂർണ്ണാർത്ഥത്തിൽ അതാണ് ശരി. ശരിക്കും എന്റെ അച്ഛനെ ഇപ്പോൾ ഉപയോഗപ്പെടുത്തുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടുകൾ വിജയിപ്പിക്കാൻ വേണ്ടി എന്റെ അച്ഛനെയും അമ്മയെയും ഉപയോഗപ്പെടുത്തുകയാണ്. എന്റെ അച്ഛനുമമ്മയും ഇപ്പോൾ പ്രവർത്തിക്കുന്നത് സ്വന്തം മോൾക്കെതിരെയാണ്. പക്ഷേ, അവരറിഞ്ഞുകൊണ്ടല്ല, അവർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്, ശരിക്കും.”

Be the first to comment on "‘എല്ലാവരോടും നന്ദി , നേടിയെടുത്തത് ശരിയെന്നു തോന്നിയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യം’"

Leave a comment

Your email address will not be published.


*