‘പാകിസ്ഥാനിലേക്ക് പോകുന്ന മഹാരാജാസ്’. കോളേജ് മാഗസിൻ വായിക്കാം

ഹിന്ദുത്വ ഭീകരതയെയും ജാതീയതയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മഹാരാജാസ് കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ ‘ റോഡ് ടു പാക്’. സച്ചിദാനന്ദന്റെ പീരങ്കികളില്‍ മുല്ലവള്ളി പടരുന്ന ദിവസം… എന്ന വരികളോടെ തുടങ്ങുന്ന മാഗസിൻ ‘ നജീബ് ഏവിടെ’ എന്ന് ഒന്നാം പേജിൽ തന്നെ ചോദിക്കുന്നു. പിന്നാലെ ജിഷ്ണു പ്രണോയിയും രോഹിത് വെമുലയും പേജുകളിലുണ്ട്.

എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയനാണ് മാഗസിന്‍ തയ്യാറാക്കിയത്. ജോർജ് കുട്ടി ജയിംസാണ് എഡിറ്റര്‍. പാക്കിസ്ഥാന്റെ ഭൂപടം പോലെ ടൈപ്പോഗ്രഫി കൊണ്ട് മാഗസിന്റെ പേരെഴുതിയ കവർ ചെയ്‌തത്‌ മുഹമ്മദ് സുഹ്‌റാബിയാണ്.

ഭരണകൂട ഭീകരതയെ രണ്ട് പതിറ്റാണ്ടിലധികമായി അതിജീവിക്കുന്ന പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനി ,ദലിത് അവകാശ പോരാളിയും എംഎൽഎയുമായ ജിഗ്നേഷ് മേവാനി , ജെഎൻയു ഗവേഷകവിദ്യാര്ഥിയും ഫാസിസ്റ്റ് വിരുദ്ധ സമരയിടങ്ങളിലെ സജീവ സാന്നിധ്യവുമായ ഉമർ ഖാലിദ് എന്നിവരുമായി എഡിറ്റോറിയൽ ടീം നടത്തുന്ന അഭിമുഖങ്ങൾ മാഗസിന്റെ ശ്രദ്ധേയതയാണ്.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ സംഘ് പരിവാറിന്റെയും ഭരണകൂട ഏജൻസികളുടെയും സംയുക്ത ആക്രമണത്തെ നേരിടേണ്ടിവന്ന ഹാദിയ , ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലടക്കം നുഴഞ്ഞുകയറിയ ജാതീയതെക്കെതിരെ ശബ്‌ദിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ജസ്റ്റിസ് കർണൻ , സഹോദരന്‍ അയ്യപ്പന്‍ എന്നിവരെ കുറിച്ചുള്ള ലേഖനങ്ങൾ റോഡ് ടു പാക്കിൽ കാണാം .

പുതുവൈപ്പിലെ ജനകീയ സമരവും കേരളത്തിലെ ട്രാന്സ്ജെന്ഡറുകളുടെ അതിജീവനത്തിന്റെ കഥകളും മാഗസിൻ ചർച്ച ചെയ്യുന്നു. ഗുജറാത്ത് വല്‍ക്കരിക്കപ്പെടുന്ന കര്‍ണാടകത്തെ കുറിച്ച് ഗൗരി ലങ്കേഷിന്റെ ലേഖനവും പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാഹുബലി സിനിമയിലെ ബ്രാഹ്മണിക്കല്‍ വംശീയതയെ കുറിച്ച് ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാറിന്റെ ലേഖനം , ദിവ്യഭാരതിയുടെ ചലച്ചിത്രം ‘കക്കൂസിനെ’ വായിക്കുന്ന നിമ്മി എസ്സിന്റെ ലേഖനം , ലിംഗരാഷ്ട്രീയമുയർത്തുന്ന ചോദ്യങ്ങളെ കുറിച്ച് പി ഗീത, ശീതള്‍ ശ്യാം എന്നിവരുടെ അഭിമുഖ സംഭാഷണങ്ങൾ എന്നിവയും മാഗസിന്റെ ഉള്ളടക്കമാണ്.

കോളേജ് മാഗസിന്റെ പിഡിഎഫ് ഈ സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം

Be the first to comment on "‘പാകിസ്ഥാനിലേക്ക് പോകുന്ന മഹാരാജാസ്’. കോളേജ് മാഗസിൻ വായിക്കാം"

Leave a comment

Your email address will not be published.


*