‘ഞങ്ങളെ വിൽക്കാൻ വെച്ചതല്ല’ , കണ്ണൂർ നിഫ്റ്റിലെ വിദ്യാർത്ഥിനികൾ പറയുന്നു

”ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?
ജീന്‍സ് അസാധാരണമായ നാട്ടില്‍, ഞങ്ങള്‍ പറയുന്നു, We Are Not For Sale.
ഞങ്ങളുടെ വസ്ത്രം ഞങ്ങളുടെ സ്വാതന്ത്ര്യം.”

സാമൂഹ്യ വിരുദ്ധരായ പ്രദേശവാസികളിൽ നിന്നുള്ള ശാരീരികമായ അതിക്രമങ്ങള്‍ക്കെതിരെ കണ്ണൂർ ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (എന്‍.ഐ.എഫ്.ടി – നിഫ്റ്റ്) പെണ്‍കുട്ടികൾ നടത്തുന്ന സമരം ശക്തമാവുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് നിഫ്റ്റ്.

മാര്‍ച്ച് 14 നു നിഫ്റ്റിലെ വിദ്യാര്‍ത്ഥി നടന്നു വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്‌തതാണ്‌  വിദ്യാര്‍ത്ഥികളെ പ്രത്യക്ഷ സമരത്തിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയെ പിടിച്ചു വലിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ കടന്നു പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവരുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടി താഴെ റോഡില്‍ വീഴുകയായിരുന്നു. കാമ്പസിന്റെ മെയിൻ ഗെയിറ്റിന്റെ മുന്നിൽ വെച്ചായിരുന്നു സംഭവം

ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് പതിവാവുകയാണെന്നും ഇനിയും ഇവ സഹിക്കാൻ സാധ്യമല്ലെന്നും വിദ്യാർത്ഥികൾ മക്തൂബ് മീഡിയയോട് പറഞ്ഞു. അമ്പത് ദിവസങ്ങൾക്കിടെ ഉണ്ടാകുന്ന എട്ടാമത്തെ സംഭവമാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ശാരീരിക അക്രമണമടക്കമുള്ളവ നേരിടേണ്ടി വന്നത്.

പരസ്യമായ സമരം തുടങ്ങിയപ്പോൾ പല വിദ്യാര്‍ത്ഥികളും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഇവ മുഴുവൻ പരാതികളായി അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. പൂർണമായ തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍ പ്രതികരിച്ചു.

Photo- Facebook

Be the first to comment on "‘ഞങ്ങളെ വിൽക്കാൻ വെച്ചതല്ല’ , കണ്ണൂർ നിഫ്റ്റിലെ വിദ്യാർത്ഥിനികൾ പറയുന്നു"

Leave a comment

Your email address will not be published.


*