‘ ബിക്കമിങ്’. ഷബ്‌ന സുമയ്യയുടെ ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 20 മുതൽ കോഴിക്കോട്

” ഇതൊരു സ്നേഹനിമിഷമാണ്, കാത്തിരിപ്പിനൊടുവില്‍ അക്ഷരങ്ങള്‍ വെളിച്ചം കാണുകയും നിറങ്ങള്‍ കണ്ണുകളെ ചുംബിക്കുകയും ചെയ്യുന്ന മനോഹരമായൊരു കൂടിച്ചേരല്‍.. അവിടെ പുസ്തകത്താളുകളിലൂടെ മനസ്സില്‍ കയറിയ പ്രിയപ്പെട്ട ചിത്രകാരിയുണ്ടാവും , വാക്കുകളെ ആദ്യമായി പ്രസിദ്ധീകരണത്തിനെടുത്ത , ഇപ്പോള്‍ സിനിമ കൊണ്ട് വിസ്മയിപ്പിക്കുന്ന പ്രതിഭയുണ്ടാവും.. പിന്നെ ഒപ്പം നിന്ന് സ്നേഹിച്ച കുറച്ചു മനുഷ്യരും” ഷബ്‌ന സുമയ്യ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ കാലങ്ങളായി സജീവ സാന്നിധ്യമാണ് ഷബ്‌ന സുമയ്യ. ആലുവ സ്വദേശിയായ ഷബ്‌ന തന്റെ വ്യത്യസ്തമായ വരകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡിജിറ്റൽ പെയിന്റിങ്ങുകൾ അടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഷബ്‌നയുടെ വരകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ട്. ആദ്യകാലത്ത് ഏറെ വായിക്കപ്പെട്ട ബ്ലോഗുകളുടെ രചയിതാവ് കൂടിയാണ് ഷബ്‌ന സുമയ്യ.

ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഷബ്‌ന സുമയ്യയുടെ പെയിന്റിങ്ങുകളുടെ പ്രദർശനവും ആദ്യ കൃതിയുടെ പ്രകാശനവും മാര്‍ച്ച്‌ 20 ന് കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കും. ‘ബിക്കമിംഗ്’ ആര്‍ട്ട്‌ എക്സിബിഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ ആണ്. മാർച്ച് 25 വരെ പ്രദർശനം ഉണ്ടാവും.

ഷബ്‌ന സുമയ്യയുടെ ആദ്യ കൃതി ‘ കനൽ കുപ്പായം ‘ , ക്യാപ്റ്റൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ പ്രജേഷ് സെൻ പ്രകാശനം ചെയ്യും. പെന്‍ഡുലം ബുക്‌സ് ആണ് പ്രസാധകർ. ഷബ്‌നയുടെ ജീവിതപങ്കാളി കൂടിയായ ഫൈസല്‍ ഹസൈനാര്‍ ആണ് കനൽകുപ്പായത്തിന്റെ കവർ ചെയ്‌തിരിക്കുന്നത്‌. 65 രൂപയാണ് പുസ്‌തകത്തിന്റെ മുഖവില.

പുസ്‌തകത്തെ കുറിച്ച് : ” ഈ വരികളിലും വരകളിലും നിസ്സഹായതയുടെ പിടച്ചിലും, പ്രണയത്തിന്റെ തണുപ്പും, എത്ര ചവിട്ടിത്തേച്ചാലും വീണ്ടും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ പച്ചപ്പും, യുദ്ധം കൊന്നുതീർക്കുന്ന മനുഷ്യരെ കുറിച്ചുള്ള വേവലാതിയും, മാതൃഹൃദയങ്ങളുടെ അടക്കിപ്പിടിച്ച നിലവിളിയുമുണ്ട്. നിസ്സംഗമായൊരു വർത്തമാനം പോലെ പറഞ്ഞു പോകുന്നതൊക്കെയും ഹൃദയഭിത്തികളിൽ മുള്ളു കൊണ്ട് കോറിയ പോലെ ചോര പൊടിയിക്കുന്നു”

Be the first to comment on "‘ ബിക്കമിങ്’. ഷബ്‌ന സുമയ്യയുടെ ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 20 മുതൽ കോഴിക്കോട്"

Leave a comment

Your email address will not be published.


*