https://maktoobmedia.com/

രസാണ് അതിർത്തികളിലെ ജീവിതം. സത്യത്തിൽ അവിടെ അതിർത്തികളേയില്ല

മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ  നദി മയ്യഴിക്കാരി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് . കേന്ദ്രഭരണ പ്രദേശമായ മാഹിയുടെയും കേരളത്തിന്റെയും അതിർത്തികളിലെ ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു. 

രണ്ടു രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഇടത്ത് ജീവിച്ചിട്ടുണ്ടോ ?
അല്ലെങ്കില്‍വേണ്ട രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഇടത്തെങ്കിലും ?
സര്‍ക്കാരും പോലീസും സംവിധാനങ്ങളും സ്‌കൂളും കോളേജുകളും ആസ്പത്രികളും റേഷന്‍കടകളും മദ്യശാലകളുമൊക്കെ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുള്‍വേലിയോ ഒറ്റവരിപാതയോ ഒരു സര്‍വ്വേവരികല്ലോ അതിര്‍ത്തി തിരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍…
രസമാണത്
ഞാന്‍ ജീവിച്ചിട്ടുണ്ട്
ഇപ്പോഴും അങ്ങനെയൊരിടത്തു തന്നെയാണ് വീട്
മറ്റെവിടെയുമല്ല മാഹിയില്‍ …
മാഹിയിലെ പള്ളൂരില്‍ എന്റെ വീടിന്റെ നേരെ അഭിമുഖമായി വരുന്ന വീടുകളെല്ലാം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ,ചൊക്‌ളി ,കോടിയേരി എന്നീ സ്ഥലങ്ങളുടെ ഭാഗമാണ് .
പ്രത്യക്ഷത്തില്‍ ജീവിത രീതിയിലോ സാമൂഹ്യ അവസ്ഥയിലോ പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നുമില്ല.

നേരത്തെ പറഞ്ഞ ചൊക്ലി ,പാനൂര്‍ കോടിയേരി ഭാഗങ്ങളെ ഞങ്ങള്‍ ( കേന്ദ്രഭരണ പ്രദേശമായ പോാണ്ടിച്ചേരിയുടെ ഭാഗമായ പള്ളൂര്‍ നിവാസികള്‍ ) കേരളം എന്നാണ് പൊതുവില്‍ പറയുക .അവര്‍ ഞങ്ങളെ ഫ്രഞ്ച് എന്നും വിളിക്കും .
ഉദാഹരണത്തിന് ബസ്സ്‌റ്റോപ്പില്‍ വെച്ച് രണ്ടു പേർ കണ്ടു മുട്ടിയെന്ന് വെക്കുക, സംസാരം ഇങ്ങനെ:

ചോദ്യം : ഇങ്ങളെ വീട് കേരളത്തിലാ ? ഫ്രഞ്ചിലാ ?

ഉത്തരം : ഞമ്മള് ഫ്രഞ്ചിലാപ്പാ ./ ഞമ്മള് കേരളത്തിലാപ്പാ .

ഫ്രഞ്ചുകാർ കൊടിയും താഴ്ത്തി സ്ഥലം വിട്ടിട്ട് കാലം കുറേ കഴിഞ്ഞെങ്കിലും മേല്‍പ്പറഞ്ഞ കേരളനിവാസികള്‍ മാഹിക്കാരെ അങ്ങനെയാണ് വിശേഷിപ്പിക്കുക.

ഇനി വൈദ്യുതി മുടങ്ങിയാലത്തെ കാര്യം

എന്റെ വീട്ടില്‍ കറണ്ട് പോയെന്നു വെക്കുക. ഉമ്മ പറയും , നദീ കേരളത്തില്‍ കരണ്ടുണ്ടോന്ന് വിളിച്ച് ചോദിച്ചേയെന്ന്.

ഞാനപ്പോള്‍ വീടിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന സുജാതേച്ചിയുടെ വീട്ടിലേക്ക് നീട്ടി കൂവി ചോദിക്കും സുജാതേച്ചീ ആട കരണ്ട്ണ്ടാന്ന്

ഉണ്ടെങ്കില്‍ എന്റെ വീട്ടിലെ മിക്‌സിയില്‍ പാതി അരഞ്ഞു കിടക്കുന്ന തേങ്ങ ചിരികിയതുമായി മിക്‌സിയോടെ ഉമ്മ എന്നെ കേരളത്തിലേക്ക് പറഞ്ഞു വിടും . ഞാന്‍ അവിടെ പോയി തേങ്ങ അരച്ച് തിരിച്ച് പോണ്ടിച്ചേരിയിലേക്ക് പോരും .

പണ്ട് കേരളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഉള്ള കാലത്ത് ഞങ്ങള്‍ ഇരുസംസ്ഥാനക്കാർക്കുമിടയില്‍ വലിയ സഹകരണം നിലനിന്ന കാലം കൂടിയായിരുന്നു. അന്ന് നമ്മുടെ മധുമോഹന്റെ സീരിയല്‍ അടക്കം നിരവധി സീരിയലുകളുടെയും സൂര്യ, ഏഷ്യാനെറ്റ് പരമ്പരകളുടെയും ആരാധകരായിരുന്നു പ്രദേശത്തെ സ്ത്രീ ജനങ്ങള്‍. ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് ‘ ഫ്രഞ്ചിലും കേരളത്തിലും’കരണ്ട് പോകുന്നത് രണ്ടു വ്യത്യസ്ത സമയങ്ങളിലായിരുന്നു . ( അതിനിടയില്‍ പറയാന്‍ മറന്നു രണ്ടു സംസ്ഥാനമാണെങ്കിലും മാഹിക്ക് വൈദ്യുതി തരുന്നത് കേരളത്തില്‍ നിന്നാണ് കേട്ടോ )

സീരിയലിന്റെ ഒരെപ്പിസോഡു പോലും മുടങ്ങാതെ ഫ്രഞ്ച് – കേരള നിവാസികള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു എന്നതാണ് ഞാന്‍ പറയാന്‍ വന്നത്. കേരളത്തില്‍ അരമണിക്കൂര്‍ കരണ്ട് പോകുമ്പോള്‍ സീരിയല്‍ പ്രേമികള്‍ കൂട്ടത്തോടെ ഫ്രഞ്ചിലേക്ക് റോഡ് മുറിച്ചു കടന്ന് വരും .ഫ്രഞ്ചിലെ ലോഡ് ഷെഡ്ഡിംഗ് സമയത്ത് തിരിച്ചും. ( അതൊക്കെ ഒരുകാലം )

സീരിയല്‍ കാണലും തേങ്ങയരക്കലും മാത്രമല്ല അത്യാവശ്യത്തിന് വസ്ത്രം ഇസ്തിരിയിടാനും ഞങ്ങള്‍ കേരളത്തിലേക്കും തിരിച്ചവര്‍ ഫ്രഞ്ചിലേക്കും വരും .

രണ്ടു കൂട്ടരുടെയും കണക്കു കൂട്ടല്‍ തെറ്റുക മിക്കവാറും അച്ചു ഏട്ടന്‍ തേങ്ങയിടാന്‍ വന്ന് രണ്ടു കൂട്ടരുടെയും വൈദ്യുത ലൈനിന്റെ ഒത്ത നടുക്കായി ഓല വെട്ടിയിട്ടിട്ട് പോകുമ്പോള്‍ മാത്രമാണ് .മൂപ്പര്‍ക്ക് പിന്നെ തെങ്ങിന്റ മണ്ടയില്‍ കേറിയാല്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കേറിയത് പോലെയാ ,എന്ത് ഇന്ത്യ എന്ത് ഫ്രഞ്ച് .

അടുത്ത രസം റേഷന്‍ കടയിലാണ്
ഭക്ഷ്യ ഉത്പന്നങളുടെ വിതരണം ഇരു സംസ്ഥാനത്തും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ചെയ്യുന്നതെങ്കിലും ഫ്രഞ്ചിലെ റേഷന്‍ കടയില്‍ എല്ലാ സാധനങ്ങളും നല്ലതാണെന്നാണ് പൊതുവെ കേരളക്കാരുടെ വിശ്വാസം . അതുകൊണ്ട് ഫ്രഞ്ചുകാരുടെ റേഷന്‍കാര്‍ഡ് വാങ്ങി കൊണ്ടുപോയി അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും വാങ്ങുന്നവരുണ്ട്.
‘ ഇങ്ങളറിഞ്ഞിനാ കേരളത്തില്ണ്ട് നല്ല അരി വന്നിന് .ഓറോട്ടി ക്ക് നല്ലയാ പോലൂന്ന് ആരേലും വന്ന് പറഞ്ഞാല്‍ അവരുടെ റേഷന്‍കാര്‍ഡ് വാങ്ങി ഞങ്ങള് ഫ്രഞ്ചുകാർ അങ്ങോട്ടും വെച്ച്പിടിക്കും .

ഇടക്ക് ഫ്രഞ്ചിലുള്ള സ്‌കൂള്‍കുട്ടികള്‍ കേരളത്തിലെ സ്‌കൂളില്‍ എഇഓ തലയെണ്ണാന്‍ വരുന്ന ദിവസം അവിടെ ചെന്നിരുന്ന് കൊടുക്കും . രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഞാന്‍ പോയിട്ടുണ്ട് തൊട്ടടുത്ത സ്‌കൂളില്‍ .എഇഓ പേര് ചോദിച്ചപ്പോള്‍ പേരും ,ക്ലാസും ഒപ്പം ഞാന്‍ പഠിച്ചിരുന്ന ഫ്രഞ്ചിലെ സ്‌കൂളിന്റെ പേരും ചേര്‍ത്ത് പറഞ്ഞു പോയത് ടീച്ചര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാനാണ് എന്നെ ഇവിടെ കൊണ്ട് വന്ന് ഇരുത്തിയിരിക്കുന്നതെന്ന് അറിയാതെയായിരുന്നു .

ഹര്‍ത്താലിന്റെ കാര്യം വന്നാല്‍ ഞങ്ങൾ കെണിയും . കേരളത്തില്‍ മൊത്തമായുള്ള ഹര്‍ത്താലില്‍ പങ്കെടുക്കാതെ ഫ്രഞ്ചുകാർക്ക് തരമില്ല.
ഞങ്ങളുടെ പ്രദേശത്ത് വണ്ടിയോടിക്കാമെന്നു വെച്ചാല്‍ തലനാരിഴ വ്യത്യാസത്തിന് വണ്ടി ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാല്‍ കേരളമായി . ഹര്‍ത്താലനുകൂലികള്‍ പഞ്ഞിക്കിടും . അതുകൊണ്ട് ആ ദിനങ്ങള്‍ ഞങ്ങള്‍ക്കും ടിവി കണ്ടിരിക്കാനുള്ള ദിനമാണ്

ഇങ്ങനെ ,പറഞ്ഞാല്‍ തീരാത്തത്ര രസങ്ങളുണ്ട് അതിര്‍ത്തിയിലെ ജീവിതത്തില്‍
ഫ്രഞ്ചുകാർ ( ശരിക്കും ഫ്രഞ്ചുകാർ ) ഞങ്ങള്‍ക്ക് സ്വാതന്ത്യം തന്നത് ഒരു ഓഗസ്റ്റ് 16 നാണ് . ഇന്ത്യ അപ്പോഴേക്കും സ്വതന്ത്രമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു ,അതുകൊണ്ട് ഒറ്റ ഗുണമേയുള്ളൂ . ഞങ്ങള്‍ക്ക് ഓഗസ്റ്റ് 15 ഉം 16 ഉം പൊതു അവധികളാണ് .രണ്ടും ഞങ്ങള്‍ ആഘോഷിക്കും .
കോറോത്തെ തിറ മാഹി കനീസപ്പള്ളി പെരുന്നാള് തുടങ്ങിയവയൊക്കെ ഒരഅതിര്‍വരമ്പുകളില്ലാതെ ഞങ്ങളെല്ലാവരും പൊന്നോണമാക്കി മാറ്റാറുണ്ട് .

രസമാണ് അതിര്‍ത്തികളിലെ ജീവിതം
സത്യത്തില്‍ അവിടെ അതിര്‍ത്തികളേയില്ല
രാജ്യാതിര്‍ത്തികളില്ലാത്ത ഒരു ലോകം ഉണ്ടാവട്ടെ

Read Original Post Here.

Be the first to comment on "രസാണ് അതിർത്തികളിലെ ജീവിതം. സത്യത്തിൽ അവിടെ അതിർത്തികളേയില്ല"

Leave a comment

Your email address will not be published.


*