https://maktoobmedia.com/

‘സുഡു’വിനോടുള്ള ഒരു ദേശത്തിന്റെ അതിരില്ലാത്ത സ്‌നേഹത്തിന്റെ കഥ. അഭയാർഥികളുടെ ലോകത്തെ നിസ്സഹായതകളുടെയും

അബ്‌ദുറഹീം ചേന്ദമംഗല്ലൂർ

ഫുട്ബോൾ മത്സരം കൊണ്ട് സ്നേഹത്തിന്റെ കഥ പറയുന്ന സിനിമ, മലപ്പുറത്തെ ഉമ്മമാരുടെ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമ, മലപ്പുറത്തിന്റെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരേട് എന്നീ രൂപത്തിലുള്ള വായനകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല സുഡാനി ഫ്രം നൈജീരിയ. അഭയാർത്ഥിയാക്കപ്പെടുന്ന , അരക്ഷിതമായി അലയേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചുള്ള വേദനയെ പങ്കുവെക്കുകയും, അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത സ്നേഹമുള്ള ഒരു ദേശത്തിന്റെ നിസ്സഹായതയെ പറയാതെ പറയുന്ന ഒന്ന് കൂടിയാണ് ഇൗ സിനിമ.

ആഫ്രിക്കയിൽ നിന്നുള്ള ആഭ്യന്തര കലാപങ്ങളെ കുറിച്ച വാർത്തകൾ നമുക്ക് പുതുമയോ , ആശ്ചര്യമോ ഇല്ലാത്ത ഒന്നാണ്. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിവെള്ളമില്ലായ്മ എന്നീ ആഫ്രിക്കയിൽ നിന്നുള്ള വാർത്തകൾ നിരന്തരം കേൾക്കുന്നവരാണ് നമ്മൾ മലയാളികൾ. കേട്ടുകേൾവി മാത്രമുള്ള ആഫ്രിക്കയുടെ ഇത്തരം കഥകൾ ഏതാനും ഷോട്ടുകളിലൂടെ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തട്ടും വിധം പകർന്ന് നൽകുന്നുണ്ട് സുഡാനി ഫ്രം നൈജീരിയ.

ഫുട്ബോൾ എന്നത് വിനോദത്തിന് വേണ്ടിയുള്ള കളി മാത്രമല്ലെന്നും അരക്ഷിതമാക്കപ്പെടുന്നവന്റെ അതിജീവന മാർഗം കൂടിയാണെന്ന് സിനിമ പങ്കുവെക്കുന്നുണ്ട്. നൈജീരിയൻ ഫുട്ബോൾ കളിക്കാരനെ കേന്ദ്രമാക്കി നീങ്ങുന്ന കഥയിൽ രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റ് വന്ന് വെള്ളം പാഴാക്കി കളയുന്ന ടീമംഗമായ മലയാളിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന രംഗവും, ‘ വെള്ളമല്ലേ അത് അടുക്കളയിൽ കിട്ടുമെന്ന’ മലയാളിയുടെ മറുപടിയും രണ്ട് ദേശങ്ങളുടെ വെള്ളത്തെ കുറിച്ച സങ്കൽപ്പം വരച്ച് കാട്ടുന്നു. സമൃദ്ധമായ വെള്ളത്തിൽ കഥാപാത്രങ്ങളുടെ ഇടക്കിടെയുള്ള കുളിയും ഇതിനോട് ചേർത്ത് വെക്കുമ്പോൾ അത് ഓരോ മലയാളിയുടെയും നെഞ്ചത്തേക്കുള്ള അടിയാണ്.

ഏതാനും വർഷങ്ങളായി അഭയാർഥികളാക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കുറിച്ചാണ് ലോകം ചർച്ച ചെയ്യുന്നത്. പശ്ചിമേഷ്യയിലെയും, ഏഷ്യയിലെയും യുദ്ധങ്ങളും, വർഗീയ കലാപങ്ങളും, വംശീയ ഉന്മൂലനങ്ങളും അനാഥരാക്കുന്ന , അഭയാർഥികളാക്കുന്ന മനുഷ്യരെ കുറിച്ചാണ് നിത്യേനയെന്നോണം നമ്മൾ വായിക്കുന്നത്. അതിൽ പ്രത്യേകം എടുത്ത് പറയേണ്ടവരാണ് മ്യാൻമർ ഭരണകൂടം വംശീയ ഉന്മൂലനം നടത്തികൊണ്ടിരിക്കുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾ. മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഇന്ത്യ…തുടങ്ങി രാജ്യങ്ങളിൽ ചിതറിയെറിയപ്പെട്ട ഇവരെ കുറിച്ച് മലയാള മണ്ണിലെ ഒരു ദേശത്തിന്റെ ആലോചനകളും, പ്രാർത്ഥനയും, നിസ്സഹായതയും, സിനിമയുടെ അവസാന ഭാഗത്ത് പറയാതെ പറയുന്നുണ്ട് ഇൗ സിനിമ.

പരദേശിയായിരുന്ന ബിയ്യുമ്മയുടെ ഭർത്താവിന്റെ യാത്രകളെ കുറിച്ച അവരുടെ പരാമർശവും, അവസാന ഭാഗത്തെ ഷോട്ടുകളും സംഭാഷണങ്ങളും സിനിമ കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ നിന്ന് മായില്ല. യാത്രാ രേഖകൾ നഷ്ട്ടപ്പെട്ടെന്ന തിരിച്ചറിവ് മുതൽ സൗബിന്റെ മജീദ് എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ,അമർഷം, അന്വേഷണങ്ങൾ എല്ലാം അതിർവരമ്പുകൾക്കും, രേഖകൾക്കും അപ്പുറമാണ് മനുഷ്യ സ്നേഹം എന്ന തുറന്ന് പറച്ചിലാണ്. ജീവിതം പച്ചപിടിക്കാനായി നാട്ടിൽ എത്തിയവനെ ഒന്നും തിരിച്ച് നൽകാതെ അരക്ഷിതാവസ്ഥയിലേക്ക് തന്നെ തിരിച്ചയക്കേണ്ടി വന്നതിന്റെ സങ്കടവും, വേദനയും അവസാന ഷോട്ടിൽ ഒരു വാക്ക് പോലും ഉരിയാടാതെ സൗബിൻ ഭംഗിയായി അവതരിപ്പിച്ചു. ഫുട്ബോൾ മത്സരം ഇതിവൃത്തമാക്കി മലപ്പുറത്തിന്റെ സ്നേഹത്തെ കുറിച്ച് മാത്രം പറയുന്ന ഒരു സിനിമ മാത്രമല്ലിത്. മനസ്സ് നിറയെ സ്നേഹമുള്ള ഒരു ദേശത്തിന് ചിതറിയെറിയപ്പെടുന്ന ഒരു കൂട്ടം മനുഷ്യരോടുള്ള സ്നേഹത്തിന്റെയും കൂടി കഥയാണ്.

Be the first to comment on "‘സുഡു’വിനോടുള്ള ഒരു ദേശത്തിന്റെ അതിരില്ലാത്ത സ്‌നേഹത്തിന്റെ കഥ. അഭയാർഥികളുടെ ലോകത്തെ നിസ്സഹായതകളുടെയും"

Leave a comment

Your email address will not be published.


*