പനിനീര്‍ ഗന്ധമുള്ള ഗലികളിലൂടെ അജ്മീറിലേക്ക്

പുലര്‍ച്ചയുടെ ആലസ്യത്തില്‍ നിന്ന് വെയിലിന്‍റെ കാഠിന്യത്തിലേക്ക് അജ്മീര്‍ പെട്ടെന്ന് തന്നെ ഉണര്‍ന്നെഴുന്നേറ്റു. വെയിലിന്‍റെ ചൂട് കൂടിവരുന്നത് തൊലിപ്പുറം അറിഞ്ഞുതുടങ്ങിയിരുന്നു.

അജ്മീര്‍ ദര്‍ഗ്ഗയുടെ അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ ചെറിയൊരു മുറി എടുത്തു. ”അജ്മീര്‍ റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂം സൗകര്യം എന്തോ ഭീഷണി കാരണം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും, ദര്‍ഗ്ഗയില്‍ അത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലെന്നുമുള്ള” ഓട്ടോക്കാരന്‍റെ വളരെ ആത്മാര്‍ത്ഥമായ കള്ളം വിശ്വസിച്ചതിനാല്‍ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല എന്നും പറയാം. ലോഡ്ജിലേക്ക് ഞങ്ങളെയും കൂട്ടിവരുമ്പോള്‍ കൗണ്ടറില്‍ ഇരുന്ന ആളെ നോക്കി ഓട്ടോക്കാരന്‍ കമ്മീഷന്‍ച്ചിരി ചിരിച്ചിട്ടുമുണ്ടാവണം; കണ്ടില്ല.

ചൂട് കനക്കുന്നതിന് മുന്‍പ് ദര്‍ഗ്ഗയും പരിസരും കാണാമെന്ന് കരുതി പുറേത്തക്കിറങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്ന് പത്ത് പതിനഞ്ച് മിനുറ്റിന്‍റെ ദൂരം മാത്രമേയുള്ളൂ ദര്‍ഗ്ഗയിലേക്ക്. ഗലികളിലൂടെ മനുഷ്യരും മൃഗങ്ങളും കച്ചവടക്കാരും അതിനേക്കാളേറെ വേഗതയില്‍ ഹോണ്‍ മുഴക്കി കുതിക്കുന്ന ബൈക്കുകളും ഓട്ടോറിക്ഷകളും ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു നാലുചക്രവാഹനത്തിനു കഷ്ടപ്പെട്ട് പോകാന്‍ മാത്രം വീതിയുള്ള വഴിയാണ്. അതിലൂടെയാണ് ഈ വേഗപ്പാച്ചില്‍.

മഴയുടെയും പുഴകളുടെയും നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അധികനേരം ആ വെയില്‍ നടത്തം താങ്ങാനാകില്ല. എന്നാല്‍, മരുഭൂമിയുടെ ഈ പൊള്ളലുകള്‍ക്കെല്ലാം നടുവില്‍ അതിനെയെല്ലാം നിസ്സാരമാക്കി വളര്‍ന്നു നില്‍ക്കുന്ന ഒരു കേന്ദ്രമുണ്ട്. സമാധാനത്തിന്‍റെയും നിര്‍വചിക്കാനാവാത്ത സ്നേഹത്തിന്‍റെയും ആത്മീയതയുടെയും ഒത്തുചേരലായ സൂഫിസത്തിന്‍റെ തണുപ്പ് മനസ്സുകള്‍ക്ക് പകരുന്ന അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗ.

”Faith is a knowledge with in the heart, beyond the reach of proof” – ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ സത്യം തന്നെയാണ്. ദര്‍ഗ്ഗയുടെ ചുമരുകളിലേക്ക് തല മുട്ടിച്ച് പ്രാര്‍ത്ഥിച്ച് കരയുന്നവര്‍ക്കും, നേര്‍ച്ച പെട്ടിയില്‍ സമ്പത്തെല്ലാം നിക്ഷേപിക്കുന്നവര്‍ക്കും നമുക്ക് കാണാനാവാത്ത അവരുടേതായ കാരണങ്ങള്‍ കാണും, തീര്‍ച്ച.

സഞ്ചാരി മസ്ജിദിന്‍റെയും നാലാ ബസാറിന്‍റെയുമെല്ലാം ചെറിയ വഴികളിലൂടെ നടക്കുമ്പോള്‍, പൊറാത്തയും കോഴിയും ഇറച്ചിയുമെല്ലാം കണ്‍മുന്നില്‍ വേവുന്ന അടുപ്പുകളുടെ ആവി മുഖത്തേക്ക് പറ്റിച്ചേരും. ജിലേബിയും മധുര പലഹാരങ്ങളുമെല്ലാം ഗല്ലികളിലേക്ക് ഇറങ്ങിനില്‍ക്കുന്ന ചെറിയ കടകളില്‍ നിന്ന് മധുരമനോഹരഗന്ധമുയര്‍ ത്തിക്കൊണ്ടിരിക്കുന്ന കാഴ്ച്ച ദര്‍ഗ്ഗ തേടിയെത്തുന്ന ഏതൊരു സഞ്ചാരിക്കും തീര്‍ത്ഥാടകനും രുചിയുടെയും ഓര്‍മയുടെയും പുതിയൊരു അധ്യായം കൂടിയാണ് പകരുന്നത്.

വഴികള്‍ ദര്‍ഗ്ഗയിലേക്ക് കൂടുതലടുക്കുേമ്പോള്‍ പനിനീരിന്‍റെ മനം മയക്കുന്ന ഗന്ധവും തേടിയെത്തി ത്തുടങ്ങുന്നു. മൗലാനാ മുഹിയിനുദ്ദീന്‍ ചിഷ്ടിയുടെ കബറിടത്തില്‍ അര്‍ച്ചനയായി അര്‍പ്പിക്കാനുള്ള റോസാപുഷ്പങ്ങളുടെ ഇതളുകള്‍ വലിയ കൊട്ടകളിലും മറ്റുമായി ഗല്ലികള്‍ക്കിരുവശവും നേരിയ ചുവപ്പ് പ്രകാശത്തിന്‍റെ പശ്ചാത്തല ഭംഗിയില്‍ നിറമുറ്റിനില്‍ക്കുന്നു. കാസറ്റ് കടകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ആത്മീയ ഗാനങ്ങളുടെ അകമ്പടി കൂടിയാവുമ്പോള്‍ ദര്‍ഗയിലേക്കുള്ള വഴി പോലും ആത്മീയമായാനുഭവമായി മാറുന്നുണ്ട്.

ഇടയ്ക്ക് ചായ കുടിക്കാനായി ഒരു കടയിലേക്ക് കയറി. അഞ്ച് രൂപയ്ക്ക് ഒരു കുഞ്ഞുഗ്ലാസ് നിറയെ കിട്ടുന്ന മസാല ചായക്ക് ഒരു റീചാര്‍ജ്ജിംഗ് എഫക്ടാണ്. നമ്മുടെ നാട്ടില്‍ ചായമക്കാനിയെന്ന് വിളിക്കുന്നത് പോലെയുള്ള ഒരൊറ്റമുറി ചായക്കടയായിരുന്നു. രണ്ടു ബെഞ്ചുകളും രണ്ടു കസേരകളും ചായക്കുടിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിയിട്ടിട്ടുണ്ട്.

പര്‍ദ്ദയിട്ട ഒരു സ്ത്രീ, ഒരു ബെഞ്ചില്‍ തനിയെയിരുന്ന് ചായ കുടിക്കുന്നു. തൊട്ടപ്പുറത്തെ ബെഞ്ചിലും കസേരകളിലുമെല്ലാം പുരുഷന്മാര്‍ കൂട്ടം കൂടിയിരുന്ന് ചായ കുടിച്ച് സൊറ പറയുന്നു. പക്ഷെ, പരസ്പരം ആരും തുറിച്ചുനോക്കുന്നില്ല; അടക്കം പറയുന്നില്ല. യാതൊരു ഭാവഭേദവുമില്ലാതെ ആ സ്ത്രീ ചായകുടിച്ച്, കാശും കൊടുത്ത് ഇറങ്ങിപ്പോയി.

സ്ത്രീകള്‍ തനിയെ റോഡിലിറങ്ങിയാല്‍ സദാചാരപ്രബോധകരെ നേരിടേണ്ടിവരുന്ന, പര്‍ദ്ദയെ തടവറയായി മാത്രം അവതരിപ്പിക്കുന്ന, സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും കൊട്ടക്കണക്കിന് കാണിക്കാറുള്ള നമ്മുടെ നാട്ടില്‍ ഇത്തരം കാഴ്ച്ചകള്‍ അപൂര്‍വ്വമാണ്. ഇനിയഥവാ ചായക്കടയിലെങ്ങാനും ഇങ്ങനെ ഒരു പെണ്ണ് തനിയെ ചായ കുടിക്കാന്‍ കയറിയാല്‍, ചുറ്റുമുള്ളവരെ മൈന്‍ഡ് ചെയ്യാതെ കാലും കയറ്റിവച്ചിരുന്നാല്‍. തുറിച്ചുനോട്ടങ്ങളും അടക്കംപറച്ചിലുകളും അവസാനിക്കുമോ? ഒരു ചായമക്കാനിയില്‍ പുരുഷന് ജന്മനാ പതിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ എല്ലാ ഭാവങ്ങളും സ്വയം ഉള്‍ക്കൊണ്ട് ഒറ്റയ്ക്കിരിക്കുന്ന ആ സ്ത്രീ- അതൊരു പ്രതീകമായി തോന്നി.

ദര്‍ഗയിലേക്ക് നടന്നു. അജ്മീര്‍; മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുള്ള വിശ്വാസമാണ്. പല നിറവും മണവുമുള്ള മനുഷ്യര്‍, വീതി കുറഞ്ഞ ഗലികളിലൂടെ, നിറഭേദമില്ലാതെ ഇടകലര്‍ന്ന് മുഹ്യുനുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗ്ഗയിലേക്ക് പനിനീര്‍ പൂക്കളും നേര്‍ച്ച വസ്തുക്കളുമായി ഒഴുകുന്നു. നേര്‍ച്ചക്കിണര്‍ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളാലും വില കൂടിയ പട്ടുവസ്ത്രങ്ങളാലും അങ്ങനെ പല നേര്‍ച്ച വസ്തുക്കളാലും നിറയുന്നു. ദര്‍ഗ്ഗയുടെ മുന്നില്‍ ഖവാലി ഉയര്‍ന്നുകൊണ്ടിരുന്നു. കരഞ്ഞും പ്രാര്‍ത്ഥിച്ചും മനുഷ്യര്‍ ദൈവത്തിലേക്കെന്ന പോലെ സ്വയം സമര്‍പ്പിക്കുന്നു. നേരത്തേ പറഞ്ഞ പോലെ, ഓരോരുത്തര്‍ക്കും വിശ്വാസത്തിന്‍റെ ഓരോ വഴികള്‍.

പ്രണയത്തിന്‍റെയും വിശ്വാസത്തിന്‍റെയും പനിനീര്‍ പൂക്കളുടെ മണമുള്ള ഗലികളിലൂടെ, മാലയും വളകളും നിറമണിഞ്ഞ് നില്‍ക്കുന്ന വഴികളിലൂടെ കാഴ്ച്ചകളും തേടി നടത്തം തുടര്‍ന്നു.

Be the first to comment on "പനിനീര്‍ ഗന്ധമുള്ള ഗലികളിലൂടെ അജ്മീറിലേക്ക്"

Leave a comment

Your email address will not be published.


*