കുഞ്ഞുണ്ണിക്കൊരു മോഹം. എന്നും കുഞ്ഞായിട്ടു രമിക്കാൻ! മലയാളത്തിന്റെ മാഷ് ഓർമയായി 12 വർഷം

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കുഞ്ഞുണ്ണിമാഷ് ഓർമയായി പന്ത്രണ്ട് വർഷം. ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി.കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു കുഞ്ഞുണ്ണി കവിതകളിൽ. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മാഷായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984) ,സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)
വാഴക്കുന്നം അവാർഡ്(2002) , വി.എ.കേശവൻ നായർ അവാർഡ് (2003) എന്നിവ ലഭിച്ചു. കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും 2002 -ലും പുരസ്കാരങ്ങൾ സമ്മാനിച്ചു. കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

മാഷിന്റെ പുസ്തകങ്ങൾ :

ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിയുടെ കവിതകൾ
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)

കുഞ്ഞുണ്ണിക്കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.

സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം

 

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

“ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല”

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ

Be the first to comment on "കുഞ്ഞുണ്ണിക്കൊരു മോഹം. എന്നും കുഞ്ഞായിട്ടു രമിക്കാൻ! മലയാളത്തിന്റെ മാഷ് ഓർമയായി 12 വർഷം"

Leave a comment

Your email address will not be published.


*