മുസ്‌ലിമിനെ ചുട്ടുകൊന്നവനെ സിംഹാസനത്തിലിരുത്തി ആദരിക്കുന്ന നാട്. അഫ്‌റസുലിന്റെ കൊലയാളിയെ ആദരിച്ചു റാലി

രാജസ്ഥാനില്‍ ലൗ ജിഹാദെന്ന വ്യാജ ആരോപണം ഉന്നയിച്ചു മുസ്‌ലിം യുവാവ് അഫ്‌റസുലിനെ വെട്ടിയും കത്തിച്ചും ചുട്ടുകൊന്ന ശംഭുലാലിന് രാമനവമി ദിവസം ജന്മനാട്ടിൽ ആദരം. ജോദ്‌പൂരിൽ രാമനവമി ദിവസം നടന്ന റാലിയില്‍ ശംഭുലാലിനെ പ്രതീകവല്‍ക്കരിച്ച് നിശ്ചലദൃശ്യം ഒരുക്കിയായിരുന്നു ആദരം. കൈയില്‍ മഴുവേന്തി സിംഹാസനത്തില്‍ ഇരുത്തിയാണ് ടാബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം മഴു ഉപയോഗിച്ച് അഫ്‌റസുലിനെ വെട്ടുകയായിരുന്നു ശംഭുലാൽ. അതിനെ മഹത്വവൽക്കരിച്ചാണ് മഴുവുമായി നിൽക്കുന്ന ശംഭുലാലിനെ സിംഹാസനത്തിൽ ഇരുത്തി ആനയിച്ചത്. ശിവസേന , വിശ്വ ഹിന്ദു പരിഷത് തുടങ്ങിയ സംഘടനകളാണ് കൊലയാളിയെ ആദരിച്ചു പരിപാടി നടത്തിയത്. ഇന്ത്യൻ ഹിന്ദുക്കളുടെ അഭിമാനം എന്നാണ് ശിവസേന നേതാവ് ശംഭുലാലിനെ വിശേഷിപ്പിച്ചത്.

ശംഭുലാലിന് സമീപം ‘ഹിന്ദു സഹോദരങ്ങളേ ഉണരൂ, നമ്മുടെ സഹോദരിമാരേയും പെണ്‍മക്കളെയും രക്ഷിക്കൂ’ എന്ന് എഴുതി വെച്ചിട്ടുമുണ്ട്. ഹിന്ദുപെണ്‍കുട്ടികളെ വഴി തെറ്റിക്കുന്ന സാഹചര്യത്തില്‍ ശംഭുലാല്‍ ചെയ്തത് ശരിയാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും ടാബ്ലോ അവതരിപ്പിച്ച ഹാരിസിങ് റാത്തോഡ് പറയുന്നു. വിവാഹിതനും പിതാവുമായ അഫ്‌റസുലിനെ ലവ് ജിഹാദ് എന്ന ഇല്ലാക്കഥ ഉണ്ടാക്കി കൊല്ലുകയായിരുന്നു ശംഭുലാൽ.

അഫ്‌റസുലിനെ ശംഭുലാല്‍ മഴു കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് തീകൊളുത്തി കൊന്നത്. ഒപ്പം അത് വീഡിയോവിലാക്കി ഇതൊരു മുന്നറിയിപ്പാണെന്ന ആക്രോശവും ഉണ്ടായിരുന്നു. പിടിയിലായ ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി ഹിന്ദുത്വ സംഘടനകള്‍ ധനശേഖരണമടക്കം നടത്തിയിരുന്നു. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയാണ് എത്തിയത്.ജയിലില്‍ വെച്ചും ഇയാൾ വര്‍ഗീയ പ്രചരണം നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 

Be the first to comment on "മുസ്‌ലിമിനെ ചുട്ടുകൊന്നവനെ സിംഹാസനത്തിലിരുത്തി ആദരിക്കുന്ന നാട്. അഫ്‌റസുലിന്റെ കൊലയാളിയെ ആദരിച്ചു റാലി"

Leave a comment

Your email address will not be published.


*