സാമൂഹികനീതിക്കായി തെരുവിലിറങ്ങി ദലിത് ജനത. ആളിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ പ്രതീക്ഷയാണ്

കെകെ ബാബുരാജ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന ദലിത് പ്രക്ഷോഭണങ്ങൾക്കു പിന്നിൽ വലിയ സംഘടനകളോ ,വലിയ മുന്നൊരുക്കങ്ങളോ ഇല്ലെന്നതാണ് ശ്രദ്ധിക്കേണ്ടതായ കാര്യം ,സ്വയം പ്രചോദിതരായി ദലിതർ മുന്നിട്ടിറങ്ങുന്ന ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളിലൊന്നാണ് ഇത്. സംസ്ഥാന സർക്കാരുകളോ, കേന്ദ്ര സർക്കാരോ ഇത്തരമൊരു പ്രക്ഷോഭണത്തെ പ്രതീക്ഷിച്ചിരുന്നില്ലെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പട്ടികജാതി/വർഗ്ഗ അതിക്രമം തടയൽ നിയമത്തിനെ ദുർബലപ്പെടുത്തിക്കൊണ്ടുള്ള മാർച്ച് 10-ലെ സുപ്രീം കോടതി വിധിക്കെതിരെയും, നിയമം സംരക്ഷിക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ദലിത് സംഘടനകൾ ഭാരത് ബന്ദ് ആഹ്വാനം ചെയ്തെന്നു പറയാമെന്നേയുള്ളൂ . അടിസ്ഥാന പ്രശ്നം, സംഘപരിവാർ അധികാരത്തിൽ വന്നതിനു ശേഷം സാമൂഹിക മർദ്ദനങ്ങൾ കൂടിയതും , ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ ജീവിതത്തിലുണ്ടായ തകർച്ചയുമാണ് . ഗോരക്ഷാ സംഘങ്ങൾ മുതൽ പ്രാദേശിക സവർണ്ണ ഗുണ്ടകൾ വരെ അക്രമം അഴിച്ചുവിടുന്നതും , അംബേദ്ക്കർ പ്രതിമകൾ തകർക്കുന്നതും , എല്ലാ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽനിന്നും സർക്കാർ പിൻവാങ്ങിയതും ,കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതും,സംവരണ വ്യവസ്ഥയെ മേലാള താല്പര്യങ്ങക്കനുസരിച്ചു മാറ്റിമറിക്കുന്നതും ദലിത് രോഷം അണപൊട്ടാൻ കാരണമായിട്ടുണ്ട്.

ഭരണപക്ഷത്തെ ചില കക്ഷികളും പ്രതിപക്ഷം ഒന്നടങ്കവും ,നിരവധി സന്നദ്ധ സംഘടനകളും പൊതു വ്യക്തിത്വങ്ങളും ദലിത് സമരങ്ങൾക്കു പിന്തുണ നൽകുന്നുണ്ട്. ഈ മുന്നേറ്റത്തിലൂടെ സംഘപരിവാർ ശക്തികളെ ഒറ്റപ്പെടുത്തുക, മോദി സർക്കാരിന്റെ അന്ത്യം കുറിക്കുക എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നടപ്പിലാവേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം , ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തെയും സാമൂഹികനീതി സമരങ്ങളെയും മുന്നോട്ടു കൊണ്ട് പോകുന്ന ചരിത്രത്തിന്റെ മോട്ടോറുകളാണ് ഇത്തരം കീഴാള സമരങ്ങളെന്നു എല്ലാവരും തിരിച്ചറിയുക എന്നതാണ് . അതുൾക്കൊണ്ടു തങ്ങളുടെ നയപരിപാടികളിൽ പൊളിച്ചെഴുത്തു നടത്താനും വിവിധ രാഷ്ട്രീയ സംഘടനകൾക്ക് ബാധ്യതയുണ്ട്.

Be the first to comment on "സാമൂഹികനീതിക്കായി തെരുവിലിറങ്ങി ദലിത് ജനത. ആളിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ പ്രതീക്ഷയാണ്"

Leave a comment

Your email address will not be published.


*