https://maktoobmedia.com/

നാദാപുരത്തെ അസീസിന് മമ്മൂട്ടി എഴുതിയ കത്ത്

തൊണ്ണൂറുകളുടെ ഒടുവിലാണ്. ബാംഗ്ലൂരിലെ പലചരക്കുകടകാലം. കൂടെയുള്ള എല്ലാവരും ആവശ്യത്തിന് സിനിമാപ്രാന്തന്മാരാണ്.

കൂട്ടത്തിൽ നാദാപുരത്തിനടുത്ത ഭൂമിവാതിൽക്കൽകാരനായ അസീസ് കടുത്ത മമ്മൂട്ടി ഫാനാണ്. ഫാൻ എന്ന് പറഞ്ഞാൽ പോരാ AC എന്ന് പറയേണ്ടി വരും. അത്രയും മുറുകിയ മമ്മൂട്ടി ഭ്രാന്തൻ. അതിരാത്രവും ആവനാഴിയും ഒക്കെ എത്ര വട്ടം കണ്ടു എന്ന് അസീസിന് തന്നെ ഓർമ്മയുണ്ടാവില്ല. പത്രത്തിൽ വരുന്ന സിനിമാ പരസ്യങ്ങളിലെ മമ്മൂട്ടിയെ വെട്ടിയെടുത്ത് റൂമിന്റെ ചുവരിൽ ആദരവോടെ സ്ഥാപിക്കുന്ന അസീസിന് അഭിനയം എന്നാൽ മമ്മൂട്ടി മാത്രമാണ്. മറ്റുള്ള നടന്മാരെയൊന്നും നടന്മാരായി പരിഗണിക്കുകയേ ഇല്ല മൂപ്പർ. മമ്മൂട്ടിയെ കുറിച്ച് സിനിമാ വാരികകളിൽ വരുന്നതൊക്കെ വായിച്ചും മമ്മൂക്കയുടെ പോരിശ പറഞ്ഞും ഹരം കൊള്ളുന്ന അസീസ്, ഓരോ മമ്മൂട്ടി സിനിമയെ പറ്റിയും ആവേശത്തോടെ പറയും… ‘ഫുൾ രംഗാണ് മോനേ..’

അങ്ങനെയിരിക്കെ അസീസ് ഒരുമാസത്തെ അവധിക്ക് നാട്ടിൽ പോയതിന്റെ പിറ്റേ ആഴ്ച ജുമുഅ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം അങ്ങാടിയിൽ നിൽക്കുകയാണ്. അപ്പോഴാണ് പോസ്റ്റ്മാൻ അസീസിന് വന്ന ഒരു കത്ത് ഏൽപ്പിക്കുന്നത്. ഈ കത്ത് കിട്ടിയതോടെ അസീസ് നാട്ടുമ്പുറത്തെ താരമായി മാറി. കാരണം ആ എഴുത്ത് സാക്ഷാൽ മമ്മൂട്ടിയുടേതായിരുന്നു!

“പ്രിയപ്പെട്ട അസീസ്, സുഖമെന്ന് കരുതട്ടെ. അന്ന് നാം ബാംഗ്ലൂരിൽ വെച്ച് പിരിഞ്ഞശേഷം ഒന്നുരണ്ടു സിനിമകളുടെ തിരക്കിലായിപ്പോയി. അടുത്തമാസം അവസാനം വീണ്ടും ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്. കാണണം.

സ്നേഹപൂർവ്വം

മമ്മൂട്ടി”

വെള്ളക്കടലാസിൽ കുറിച്ച മനോഹരമായ ഈ കറുത്ത അക്ഷരങ്ങൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നാട്ടിലെ ഒരു മാതിരി ആളുകൾക്കൊക്കെ കാണാപാഠമായി. ചായപ്പീടികയിലും ക്ലബ്ബിലുമൊക്കെ മമ്മൂട്ടി അസീസിന് അയച്ച കത്തായി ചൂടുള്ള ചർച്ചാ വിഷയം.

ആ സമയത്ത് മനോരമ ആഴ്ചപ്പതിപ്പിൽ തുടർച്ചയായി വരുന്ന മമ്മൂട്ടിയുടെ ആത്മകഥയോടൊപ്പം പരിചിതമായ ആ കൈയൊപ്പ് നേരിൽ കണ്ട എല്ലാവരും ആശ്ചര്യപ്പെട്ടു.

എന്താണ് മമ്മൂട്ടിയും അസീസും തമ്മിലുള്ള ഇത്ര വലിയ അടുപ്പം എന്ന് തിരിച്ചും മറിച്ചും ചോദിച്ച കൂട്ടുകാരോടു് “അതൊക്കെ ഉണ്ട് കുഞ്ഞിമ്മോനെ” എന്ന ഭാവത്തിൽ അസീസ് ചിരിച്ചൊഴിഞ്ഞു. നാട്ടിലെ കടുത്ത മമ്മൂട്ടി ഫാൻസ് അസീസിനെ നോക്കി അസൂയപ്പെട്ടു.

അസീസിന്റെ കയ്യിൽ നിന്നും കത്ത് ടൗണിലെ ട്യൂട്ടോറിയൽ കോളേജിലും മറ്റും പഠിക്കുന്ന സുഹൃത്തുക്കൾ പലരും വാങ്ങി കൊണ്ടുപോയി. ‘ന്റെ ചങ്ങായിക്ക്’ ‘ന്റെ എടവലക്കാരന്’ ‘ന്റെ കുടുംബക്കാരന്’ വന്ന മമ്മൂട്ടിയുടെ കത്ത് എന്ന് കൂട്ടുകാരെ കാണിച്ചു ഷൈൻ ചെയ്തു.

അസീസിന്റെ ലോഗ്യക്കാരനാവാൻ ചെറുപ്പക്കാരൊക്കെ ഉത്സാഹിച്ചു. കല്യാണങ്ങൾക്കും സൽക്കാരങ്ങൾക്കും യുവാക്കൾ അസീസിനെ പ്രത്യേകം ക്ഷണിച്ചു. മമ്മൂട്ടി ബാംഗ്ലൂരിൽ വരുമ്പോൾ അറിയിക്കാനും ഒന്ന് പരിചയപ്പെടുത്താനും ഫോട്ടോ എടുക്കാനും സൗകര്യം ചെയ്യണമെന്ന് ശട്ടം കെട്ടി.

അങ്ങനെ ഒരുമാസക്കാലം നാട്ടുമ്പുറത്തെ സൂപ്പർസ്റ്റാറായി വിലസിയ ശേഷം അസീസ് ബാംഗ്ലൂരിൽ ഞങ്ങളുടെ ലാവണത്തിൽ തിരിച്ചെത്തി. സംഭവബഹുലമായ ഈ കഥകളൊക്കെ വിളമ്പിയ ശേഷം ബാഗിൽ ഭദ്രമായി വെച്ച കത്ത് പുറത്തെടുത്തു.

പല കൈകൾ മറിഞ്ഞ് കവർ കീറിയും കത്തിന്റെ മടക്കുകൾ പൊടിഞ്ഞും അക്ഷരങ്ങളിലെ മഷി പടർന്നും തുടങ്ങിയിരിക്കുന്നു. “ന്റെ കുഞ്ഞിമ്മോനെ…. സമ്മയിച്ച്”. കത്ത് മേശപ്പുറത്തു വെച്ച് അസീസും ഞാനും ചിരിച്ചു.

മേശപ്പുറത്ത്, അസീസ് നാട്ടിൽ പോകും മുമ്പ് മമ്മൂട്ടിയുടെ കൈയൊപ്പ് നോക്കി പഠിക്കാൻ കൊണ്ടുതന്ന മനോരമ വീക്കിലിയുടെ പുറം ചട്ടയിൽ നിന്ന് മമ്മൂട്ടി ഞങ്ങൾ രണ്ടാളെയും നോക്കി ചിരിച്ചു

Be the first to comment on "നാദാപുരത്തെ അസീസിന് മമ്മൂട്ടി എഴുതിയ കത്ത്"

Leave a comment

Your email address will not be published.


*