https://maktoobmedia.com/

ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

സന്തോഷ് കുമാർ

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.

പല തവണ എഴുതിയതാണ്. ഇനിയും ഇത് വിശദീകരിക്കുവാനുള്ള ശേഷിയില്ല, മുൻപ് എഴുതിയത് വീണ്ടും എഴുതുന്നു

എറണാകുളത്തെ ആദിവാസി ഹെറിറ്റേജ് സെൻററും കോഴിക്കോട്ടെ ആദിവാസി മ്യൂസിയവും കഴിഞ്ഞ് ഇപ്പോൾ വയനാട് ആദിവാസി തീം പാർക്ക് ! സർക്കാരും ബ്യൂറോക്രാറ്റുകളും എന്താ കരുതിയിരിക്കുന്നത്. ആദിവാസികൾ കാഴ്ചവസ്തുക്കൾ ആണെന്നോ ? ബ്രഹ്മണ പാർക്കും നമ്പൂതിരി മ്യൂസിയവും നായർ ഹെറിറ്റേജ് സെന്ററും ഇല്ലാത്ത നാട്ടിൽ ആദിവാസി മ്യൂസിയങ്ങൾ സർക്കാർ പണിയുന്നത് എന്തിനാണ് ? എന്തൊരു വംശീയതയാണിത്.

കോഴിക്കോട് കിത്താർഡ്സ് ആദിവാസി മ്യൂസിയം പണിയാൻ പദ്ധതി കൊണ്ടുവന്നപ്പോൾ എഴുതിയ കുറിപ്പാണ്.പുനഃപ്രസിദ്ധീകരിക്കുന്നു.

ആദിവാസികളെ ഭൂതകാലത്തിൽ മാത്രം കാണുന്ന ഒരു ഭരണകൂടവും ജനതയുമാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്. ആദിവാസികളുടെ വർത്തമാന രാഷ്ട്രീയ വ്യവഹാരങ്ങളോട് ഇപ്പോഴും ഭരണകൂടത്തിന് സംവദിക്കാൻ കഴിയാത്തതുകൊണ്ടാണ് ആദിവാസികളെ കാഴ്ചവസ്തുക്കളാക്കുന്ന മ്യൂസിയവും ഹെറിറ്റേജ് സെന്ററുമൊക്കെ നിർമ്മിക്കാൻ സർക്കാർ തയ്യാറാകുന്നത്. പോഷക ആഹാരക്കുറവുകൊണ്ടും പട്ടിണി കൊണ്ടും അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോഴും, കേരള ജനസംഖ്യയുടെ 1.45 ശതമാനം മാത്രം വരുന്ന അഞ്ചേകാൽ ലക്ഷം ജനതയുടെ ബഹുഭൂരിപക്ഷവും 8200 ൽ അധികം ട്രൈബൽ കോളനികളിലും സെറ്റിൽമെന്റുകളിൽ കഴിഞ്ഞിട്ടും, ഭൂമി – വിഭവധികാരം, രാഷ്ട്രീയ-സാമൂഹിക അധികാരം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊണ്ണൂറുകൾ മുതൽ തന്നെ ശക്തവും പ്രത്യക്ഷവുമായ സമരങ്ങൾ നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായ നടപടി സ്വീകരിക്കാതെ അതിനോടൊല്ലാം നിഷേധാത്മകവും സവർണ്ണവുമായ നടപടികൾ സ്വീകരിക്കുകയാണ് നമ്മുടെ ഭരണകൂടം ചെയ്യുന്നത്.

സ്വയംഭരണാവകാശത്തിനും വനാവകാശത്തിനും ഭരണഘടനാ – നിയമപരിരക്ഷയുണ്ടായിട്ടും അവയൊന്നും നടപ്പിലാക്കാതെ റീ ലൊക്കേഷന്റെ പേരിൽ പത്തുലക്ഷം രൂപ നൽകിക്കൊണ്ട് ആദിവാസികളെ കാട്ടിൽ നിന്നും കുടിയിറക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഇത്തരത്തിൽ ആദിവാസി വിരുദ്ധമായ നടപടികളുമായി ഒരുവശത്ത് സർക്കാർ മുന്നോട്ട് പോകുകയും മറുവശത്ത് നഗരങ്ങളിൽ മ്യൂസിയവും ഹെറിറ്റേജ് സെൻററുമൊക്കെ പണിഞ്ഞ് ഭൂതകാലത്തിൽ ജീവിച്ചിരുന്ന സംരക്ഷിക്കേണ്ട വസ്തുവായി മാറ്റുന്നതിന് പിന്നിൽ കോടിക്കണക്കിന് കേന്ദ്രഫണ്ട് വകയിരുത്തി അടിച്ചു മാറ്റുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. കോഴിക്കോട് ഇപ്പോൾ 16.6 കോടി രൂപയ്ക്ക് പണിയുന്ന ഗോത്ര മ്യൂസിയം ആദ്യത്തേതല്ല. എർണാകുളം നഗരമധ്യത്തിൽ 50 കോടി രൂപയ്ക്കാണ് പട്ടികവർഗ്ഗ വകുപ്പ് ആദിവാസികളെ കാഴ്ചവസ്തുക്കളാക്കാൻ ട്രൈബൽ ഹെറിറ്റേജ് സെൻറർ പണിഞ്ഞു കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്ത് പഠിക്കാൻ എത്തിയ ഇരുപതോളം ആദിവാസി വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതു കൊണ്ട് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ഇടമലക്കുടിയിൽ നിന്ന് നിയമപഠനത്തിന് എത്തിയ രാമചന്ദ്രന് മാസങ്ങളോളമാണ് തെരുവിൽ കഴിയേണ്ടിവന്നത്. ഒടുവിൽ രാമചന്ദ്രന്റെ മുൻ കൈയ്യിൽ ആദിവാസി – ദളിത് നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിച്ചതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടുകൊണ്ട് പട്ടികജാതി വകുപ്പിന് കീഴിലുള്ള ഹോസ്റ്റലിൽ താമസ സൗകര്യമൊരുക്കുന്നത്.

ആദിവാസികളുടെ വികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാന പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിനുള്ള നയം ആവിഷ്‌കരിക്കുകയോ, സൗകര്യങ്ങളൊരുക്കുകയോ ചെയ്യുന്നില്ല. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ മൂന്ന് ഹോസ്റ്റലുകള്‍ക്ക് മാത്രമേ പട്ടികവര്‍ഗ്ഗ വികസനവകുപ്പില്‍ നിന്ന് ധനസഹായം നല്‍കുന്നുള്ളു. അതിനാല്‍, മറ്റു ജില്ലകളിലെല്ലാം പട്ടികജാതി വികസനവകുപ്പ് നടത്തുന്ന ഹോസ്റ്റലുകളില്‍ ലഭ്യമാകുന്ന പരിമിതമായ സീറ്റുകളില്‍ മാത്രമേ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നുള്ളു. ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നതപഠനം ഉപേക്ഷിക്കേണ്ടിവരികയാണ്. ആദിവാസി സമൂഹത്തെ അറിവധികാര വിഭവ സമൂഹമാക്കി മാറ്റേണ്ട ഒരു തലമുറ പഠിക്കാൻ സൗകര്യം ഇല്ലാതെ തെരുവിൽ കഴിയേണ്ടി വരുമ്പോഴാണ് എറണാകുളം നഗരമദ്ധ്യത്തിൽ 50 കോടി രൂപയ്ക്ക് ഹെറിറ്റേജ് സെന്ററും മ്യൂസിയവും പണിയുന്നതെന്ന് കൂടി നാം ഓർക്കണം.

ആദിവാസി വിരുദ്ധമായ ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും സമരപരിപാടികളും നാം രൂപപ്പെടുത്തേണം. ആദിവാസി ജനത സാമൂഹിക- രാഷ്ട്രീയ- വിഭവാധികാരത്തിനായി ഉയർത്തിയ ആവശ്യങ്ങളെ പരിഗണിക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. ആദിവാസികളും ദളിതരും നേരിടുന്ന സാമൂഹിക പുറംന്തള്ളലിന് ജാതി വ്യസ്ഥിതി മാത്രമല്ല ഭരണകൂടവും ഉത്തരവാദിയാണ്. രാഷ്ട്രീയ പരിഹാരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. രാഷ്ട്രീയ പരിഹാരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. അല്ലാതെ ഗോത്ര മ്യൂസിയവും, ഹെറിറ്റേജ് സെന്ററും, മലയാളിയുടെ സഹതാപവുമല്ല ആവശ്യം.

Be the first to comment on "ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്"

Leave a comment

Your email address will not be published.


*