നൈജീരിയ സുഡാനിൽ തന്നെയാണ്‌

മുഹ്‌സിൻ ആറ്റാശ്ശേരി

കോളേജ് പഠനകാലത്ത്‌ നോർത്ത്‌ ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരുപാട്‌ സഹപാഠികൾ ഉണ്ടായിരുന്നു. ഇറുകിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഈ കൂട്ടർ മുഴുവൻ മണിപ്പൂരികൾ ആയിരുന്നു. നാഗാലാൻഡ്‌ കാരനും അരുണാചൽകാരനും എന്തിനധികം അയൽ രാജ്യമായ ഭൂട്ടാനിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം മണിപ്പൂരി തന്നെ.

സുഡാനി ഫ്രം നൈജീരിയ എന്ന പടം കണ്ടില്ലെങ്കിലും കഥാതന്തുവിനെ ദ്യോതിപ്പിക്കുന്ന ഈ തലവാചകം കണ്ടപ്പോൾ മണിപ്പൂരിയാകേണ്ടി വന്ന ഭൂട്ടാനിസുഹൃത്തിന്റെ പ്രതിഷേധങ്ങളാണ്‌ ഓർത്തത്‌. പോപുലർ കൾചറിൽ പേരുകൾക്ക്‌ ഐഡന്റിറ്റിയിൽ വലിയ പ്രാധാന്യമുണ്ട്‌. ഈ പേരുകളാകട്ടെ വിചിത്രമായ രാഷ്ട്രീയങ്ങൾ പേറുന്നവയുമാണ്‌.

ഇവിടെ സുഡാനി ഫ്രം നൈജീരിയ എന്ന പേരു തന്നെ ശ്രദ്ധിച്ചാൽ സൂക്ഷ്മമായ സ്വത്വപ്രതിസന്ധി അത്‌ വിളിച്ചുപറയുന്നത്‌ കാണാം. നൈജീരിയ എന്ന രാജ്യത്തിലെ പൗരനെ മലപ്പുറത്ത്‌ എത്തുമ്പോൾ സുഡാനി എന്ന് ‘തെറ്റായി’ അഭിസംബോധന ചെയ്യുന്നു എന്ന ബോധം ഇതിലടങ്ങിയിരിക്കുന്നു. മലബാറുകാരന്‌ ഗൾഫ്‌ കുടിയേറ്റം വഴി ലഭിച്ചതാകാം ഈ ‘തെറ്റായ’ പ്രയോഗം എന്നും ധ്വനിപ്പിക്കുന്നു. എന്നാൽ മറിച്ചും ചില ചരിത്ര വസ്തുതകൾ ഉണ്ട്‌ എന്നറിയുക.

2011 വരെ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു സുഡാൻ. ഇന്ന് ദക്ഷിണ സുഡാൻ സ്വതന്ത്ര രാജ്യമാണ്‌. ഇത്രയുമാണ്‌ ‘സുഡാനെ’ക്കുറിച്ചുള്ള സാമാന്യമായ അറിവ്‌. ഈജിപ്തിനു തെക്കായും ഏത്യോപ്യക്ക്‌ വടക്കായും സ്ഥിതിചെയ്യുന്ന ദേശരാഷ്ട്രത്തെയാണ്‌ ലോകഭൂപടത്തിൽ ഇന്ന് കാണുക. എന്നാൽ ഇത്‌ കാഴ്ചയുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ.

കറുത്ത മനുഷ്യരെ കുറിക്കുന്ന പദമായ (അസ്വദ്, സൌദാ എന്നീ അറബി വാക്കുകളിൽ നിന്ന് ഉത്ഭവം) സുഡാൻ എന്ന വാക്ക്‌ ഇന്ന് മഗ്രിബ്‌ എന്നറിയപ്പെടുന്ന മേഖലക്ക്‌ തെക്ക്‌ ഭാഗത്ത്‌ കിടക്കുന്ന സഹാറ മരുഭൂമിക്കും തെക്ക് പുൽമേടുകളും വരണ്ട ഭൂമിയും അടങ്ങുന്ന വിശാലമായ ഭൂപ്രദേശത്തെയാണ്‌ സൂചിപ്പിച്ചിരുന്നത്.

ഇന്നത്തെ സുഡാൻ ദക്ഷിണ സുഡാൻ രാജ്യങ്ങൾക്ക്‌ പുറമെ ഛാഡ്‌, നൈജർ, നൈജീരിയ, ബുർക്കിനൊഫാസോ, മാലി, ഘാന ബെനിൻ തുടങ്ങി ആഫ്രിക്കയുടെ മദ്ധ്യപശ്ചിമതീരത്ത്‌ സ്ഥിതിചെയ്യുന്ന സെനഗലിന്റെ ഭാഗങ്ങൾ അടക്കം ഉൾക്കൊള്ളുന്ന അയ്യായിരത്തോളം കിലോമീറ്റർ നീണ്ടുകിടക്കുന്ന വിശാലമായ പ്രദേശമാണ്‌ സുഡാൻ എന്ന് അറിയപ്പെട്ടിരുന്നത്‌. അങ്ങനെ നോക്കുമ്പോൾ നൈജീരിയ സുഡാന്റെ ഭാഗമാണ്‌!

ഭൂമിശാസ്ത്രപരമായ പേരുകൾക്കും ഭൂപ്രദേശങ്ങൾക്കും ദേശരാഷ്ട്ര രൂപങ്ങളുടെ ഉത്ഭത്തിനുശേഷം സംഭവിക്കുന്ന അർത്ഥവ്യത്യാസങ്ങളുടെ നല്ലൊരു കാഴ്ചയാണിത്‌. നാഗരികതകളുടെ പടയോട്ടങ്ങളും കോളനിക്കാരുടെ കപ്പലോട്ടങ്ങളും രാജ്യാതിർത്തികളെ മാത്രമല്ല അതിനുള്ളിലെ മനുഷ്യരുടെ ബോധങ്ങളെ തന്നെ മാറ്റിമറിക്കുമല്ലോ.

പതിനഞ്ചാം നൂറ്റാണ്ട്‌ മുതലുണ്ടായ കോളനിവാഴ്ചക്കാലത്ത്‌ യൂറോപ്യർ മറ്റ്‌ നാടുകളെ പോലെത്തന്നെ ആഫ്രിക്കയെയും പകുത്തെടുത്തു. ഇരുപതാം നൂറ്റാണ്ടിണ്ടാവുമ്പോൾ ഇന്നത്തെ സുഡാൻ ആംഗ്ലോ ഈജിപ്ഷ്യൻ സുഡാനായി മാറി. മാലി നൈജർ സെനെഗൽ തുടങ്ങിയ (ഇന്നത്തെ) രാജ്യങ്ങൾ അടങ്ങിയ ഫ്രഞ്ച്‌ സുഡാനും ഉണ്ടായി. 1940കൾ വരെ ഈ ഫ്രഞ്ച്‌ സുഡാൻ നിലനിന്നിരുന്നു എന്നറിയുമ്പോഴാണ്‌ അതിനു ശേഷം ഈ പ്രദേശങ്ങൾക്ക്‌ സംഭവിച്ച മാറ്റങ്ങളുടെ വേഗത നമ്മെ അമ്പരപ്പിക്കുക. ഒപ്പം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ പ്രദേശം ഇന്ന് പിന്നാക്ക പ്രദേശമായി തുടരുന്നതിലേക്കുള്ള ചില സൂചകങ്ങളും കിട്ടും.

ആഫ്രിക്കയുടെ ഭൂപടം ഒറ്റനോട്ടത്തിൽ തന്നെ കണ്ണിലുടക്കുക അതിലെ അസാധാരണവും അസ്വാഭാവികവുമായ നേർ രേഖയിൽ വരുന്ന അതിർത്തികളാണ്‌. സാധാരണയായി രാജ്യാതിർത്തികൾക്ക്‌ മാനദണ്ഠമാവാറുള്ള ഭൂമിശാസ്ത്ര അതിർത്തികൾ (നദികൾ, പർവ്വതങ്ങൾ തുടങ്ങിയവ) ഇങ്ങനെ നേർവരയിൽ ആവുക സാധ്യമല്ലല്ലോ. മറ്റാരുടെയോ സൗകര്യങ്ങൾക്കും മുൻ നിശ്ചിത താൽപര്യങ്ങൾക്കും വേണ്ടി വരച്ചേടുത്ത ഈ അതിർത്തികൾ കോളനിവൽകരണം മനുഷ്യബോധങ്ങളിൽ തീർത്ത വടുക്കളുടെ പ്രതീകങ്ങൾ തന്നെ. ഈ പങ്കുവെപ്പിൽ പ്രദേശവാസികൾക്ക്‌ ഒരു റോളും ഇല്ല.

കോളനിയനന്തര കാലത്തും അവർ നിശ്ചയിച്ച അതിർത്തികളും ഭരണ രീതികളും ബോധങ്ങളും കോളനീകൃത ജനം തുടർന്ന് വന്നു. ഈ അതിർത്തികൾ പരസ്പരം അന്യരാക്കിയ ജനതകൾ തീരാത്ത അതിർത്തി തർക്കങ്ങളിലൂടെ തമ്മിൽ അടിച്ച്‌ യജമാനന്മാരുടെ താൽപര്യങ്ങൾ നിറവേറ്റി വരുന്നു. ഈ അഭ്യന്തര കലഹങ്ങൾ തീർക്കാൻ മധ്യസ്ഥന്റെ റോളിൽ വരാറുള്ളത്‌ പഴയ യജമാനന്മാർ തന്നെയാവുന്നത്‌ ഇന്നത്തെ കൗതുകങ്ങളിൽ പെടും. ഈ ഇടപെടലുകളിൽ പോലും പഴയ പങ്കുവെപ്പുകളുടെ ഒർമകൾ പ്രവർത്തിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ അൽജീരിയയിലോ മധ്യ ആഫ്രിക്കയിലൊ പ്രശ്നങ്ങൾ ഉണ്ടാകുമ്പ്പൊൾ ഫ്രാൻസാണ്‌ ചർച്ചക്ക്‌ വരിക. പശ്ച്മേഷ്യയിൽ അത്‌ ബ്രിട്ടനാണ്‌. ലിബിയയിൽ ഇടപെടാൻ ഒരുഘട്ടത്തിൽ അറച്ചു നിന്ന ഇറ്റലിയെ മറ്റുള്ളവർ ചേർന്ന് അതിലേക്ക്‌ കൊണ്ടുവരുന്നു.

സുഡാൻ വിഭജനവും സിറിയയിലെ റഷ്യൻ ഇടപെലുകളുമൊക്കെ മറ്റ്‌ ഉദാഹരണങ്ങൾ.

കോളനിയനന്തര കാലത്ത്‌ സമാനമായ കാര്യങ്ങൾ ഇന്ത്യയിലും കാണാം. സിന്ധു നദീതടം മുതൽ ബ്രഹ്മപുത്ര തടങ്ങൾ വരെ വ്യാപിച്ച്‌ കിടന്നിരുന്ന ഭൂപ്രദേശത്തെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പദം ഇന്ന് പലതരം കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും കഴിഞ്ഞ്‌ ദേശരാഷ്ട്രം എന്ന അർത്ഥതിൽ പ്രയോഗിക്കപ്പെടുമ്പോൾ ഇന്ത്യക്കുള്ളിൽ ഇന്ത്യക്കാരല്ലാത്തവർ ഉണ്ടാവുന്നു. നമ്മുടെ ചരിത്ര ആഖ്യാനങ്ങളിൽ അയ്യായിരം വർഷങ്ങൾക്ക്‌ മുന്നേ നിലനിന്നിരുന്ന ‘രാഷ്ട്രം’ എന്ന ബോധം നിർമ്മിച്ചെടുക്കുകയും ആ ‘രാഷ്ട്ര’ യുക്തിക്ക്‌ അകത്തും പുറത്തുമായി സമകാലിക രാഷ്ട്രീയ യുക്തികളെ പ്രതിഷ്ഠിക്കുകയും ചെയ്തതിൽ നിന്നാണല്ലൊ ഇന്ത്യ ‘വിഭജിക്ക’ പ്പെടുന്നത്‌. രാഷ്ട്രമായി നിലവിലില്ലാതിരുന്ന ഒന്ന് എങ്ങനെ വിഭജിക്കപ്പെടും എന്ന ചോദ്യം അപ്രസക്തമാവുന്നതും ഈ ആഖ്യാനത്തിന്റെ മറിമായം തന്നെ. ദക്ഷിണെഷ്യയിൽ (കുറച്ച്‌ സൂക്ഷ്മതക്ക്‌ വേണ്ടി അങ്ങനെ പ്രയോഗിക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു) ഇന്നും തുടരുന്ന കുടിപ്പകകളും ഒരുപാട്‌ യുദ്ധങ്ങളും ഈ വിഭജനം എന്ന ആഖ്യാനത്തിന്റെ സൃഷ്ടികൾ തന്നെ. ഈ യുദ്ധങ്ങളിൽ നിന്ന് നേട്ടങ്ങൾ കൊയ്യുന്നത്‌ പഴയ കോളനി യജമാനന്മാരാണ്‌. മധ്യസ്ഥന്റെ റോളിലും അവർ തന്നെ.

ബോംബെയിൽ എത്തുന്ന മലയാളി തൽക്ഷണം മദ്രാസി ആയിത്തീരുകയും ആ ആയിത്തീരലിനു സമാന്തരമായി അവിടെ മണ്ണിന്റെ മക്കൾ വാദം പുതിയൊരു അക്രമാസക്ത രാഷ്ട്രീയമായി ഉയർന്ന് വരികയും ചെയ്തത്‌ നമുക്ക്‌ മുന്നിൽ സംഭവിച്ച കാര്യമാണ്‌. കേരളത്തിനകത്ത്‌ തന്നെ ഇതുപോലെ അപര പ്രദേശങ്ങളായോ മറ്റ്‌ പേരുകളിൽ അറിയപ്പെടുന്ന പ്രദേശങ്ങളായോ നിലനിൽക്കുന്ന പല സ്ഥലങ്ങളും കാണാം. ഇന്ത്യയിൽ നിന്നുള്ള ബംഗാളി എന്ന പ്രയോഗം ബംഗ്ലാദേശുകാർ അധികമായി കാണപ്പെടുന്ന ഗൾഫിൽ സവിശേഷമായതാണ്‌. ബംഗാളിൽ നിന്നുള്ള ഇന്ത്യക്കാരൻ എന്ന പ്രയോഗത്തിലും അതിന്റെ തലകീഴായ പ്രയോഗത്തിലും രണ്ട്‌ രാഷ്ട്രീയവും രണ്ട്‌ ബോധങ്ങളും പ്രവർത്തിക്കുന്നു. സുഡാന്റെ ഭാഗമായിരുന്ന നൈജീരിയയിൽ നിന്ന് വരുന്നയാളെ സുഡാനി ഫ്രം നൈജീരിയ എന്ന് വിളിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഈ ബോധത്തോട്‌ സുഡാനിൽ തന്നെയാണ്‌ നൈജീരിയ എന്ന് തിരിച്ചു പറയുമ്പോൾ പുറത്ത്‌ വരുന്നത്‌ വ്യത്യസ്തമായ മറ്റൊരു ബോധമായിരിക്കും.

Be the first to comment on "നൈജീരിയ സുഡാനിൽ തന്നെയാണ്‌"

Leave a comment

Your email address will not be published.


*