‘ഒന്നു പോവ്വോ ഞങ്ങളെ മുന്നില്‍ നിന്ന് ‘ ഇന്നാട്ടിലെ ഭരണകൂടത്തോട് അവർ പറയുന്നത്

മൃദുല ഭവാനി

“എന്റെ പൊര പോക്കരുത്” എന്നു കരഞ്ഞു വിളിച്ചുകൊണ്ട് പൊലീസ് എന്റെ കണ്മുന്നിൽ നിൽക്കരുത്, പോകണം എന്നു പറഞ്ഞ പത്തുവയസുകാരി പെണ്കുട്ടി പിണറായി വിജയന് ഒരു പക്ഷെ ഒരു വികസന വിരുദ്ധ തീവ്രവാദിയും അതിലേറെ ഒരു മുസ്‌ലിം തീവ്രവാദിയും ആയിരിക്കും.

പൊലീസ് വീട്ടിലേക്കെറിഞ്ഞ വലിയൊരു കല്ലെടുത്ത് കൊണ്ടാണ് അവൾ പുറത്തേക്ക് വന്നതും.

ഞങ്ങൾക്കിവിടെ ജീവിക്കണം. എന്റെ പൊര പോക്കരുത് ഇത് പോയാൽ വേറെ വെക്കാനുള്ള പൈസ തരില്ലല്ലോ എന്നാണ് അവളുടെ ചോദ്യം.  കുടിയൊഴിപ്പിക്കലിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും മാത്രമുള്ള അറിവാകണം ഈ എതിർപ്പുകൾക്ക് കാരണം എന്നില്ല, ചിലപ്പോൾ ഭൂമിയിൽ സ്വന്തം നിൽപ്പിടം പോലെ സ്വസ്ഥമായ മറ്റൊരിടം ഇല്ലെന്നും വികസനത്തിന്റെ  പേരിൽ നടക്കുന്ന ചൂഷണങ്ങളെ പറ്റിയും പ്രകൃതി വിഭവങ്ങളുടെ അതിരു കടന്ന കൊള്ളയും ഒക്കെ തിരിച്ചറിഞ്ഞും കൊണ്ടുകൂടിയാകാം…

മുൻകാല കുടിയൊഴിപ്പിക്കലുകള്ടെ ചരിത്രം ജനങ്ങളിൽ ഉണ്ടാക്കുന്ന പൊതുധാരണ അത് മനുഷ്യത്വ വിരുദ്ധമായ ഭരണകൂട വഞ്ചനയാണ് എന്നതാണ്‌.  സ്വന്തം നിലനിൽപ്പിന്റെ പേരിൽ അധികാരമില്ലാത്ത മനുഷ്യർ നടത്തുന്ന  അതിജീവന സമരങ്ങൾക്ക് എന്നും തീവ്രവാദി മുദ്രയെ ചാർത്തപ്പെട്ടിട്ടുള്ളൂ, അതത് സമയത്തെ സർക്കാരുകൾ അത് ഭംഗിയായി ചെയ്തു.

വികസന പദ്ധതികൾ ഒരിക്കലും പ്രകൃതിപക്ഷമോ ജനപക്ഷമോ അല്ല. അത് ഭരണകൂട പക്ഷമാണ്. പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന മനുഷ്യർ, അധികാരമില്ലാത്തവർ എന്നിവരെയോക്കെ അത് തുടർച്ചയായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

സ്വന്തം നിലനിൽപ്പ് മാത്രമല്ല വരാൻ പോകുന്ന തലമുറകളുടെ നിലനിൽപ്പും ഇപ്പൊ ജീവിക്കുന്ന മനുഷ്യരുടെ ആശങ്കയാണ്. ഈ ഭൂമി നാളേക്ക് എങ്ങനെ ഇരിക്കും എന്ന ആശങ്ക. അതിൽ ഏത് ഭാഗങ്ങളിലൂടെ ഏതൊക്കെ തരത്തിൽ വരുംതലമുറ നിയന്ത്രിക്കപ്പെടും എന്നും ദുരിതവും ചൂഷണവും അനുഭവിക്കും എന്നും ഉള്ള ആശങ്ക.

ഉപരിവർഗത്തിന്റെ ഭരണതാത്പര്യങ്ങൾക് പക്ഷെ ഈ ആശങ്ക പരിചയമില്ല. വീട് തകർക്കാൻ ചെല്ലുന്ന ജെസിബികൾക്ക് മുന്നിൽ കുഴഞ്ഞുവീണ മനുഷ്യരെയാണ് പത്തു വർഷങ്ങൾക്ക് മുമ്പ് മൂലമ്പള്ളിയിൽ നിന്നും ചില മാധ്യമങ്ങളെങ്കിലും കാണിച്ചത്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പ്രതിഷേധിച്ചവരെ മാവോയിസ്റ്റുകൾ എന്നു വിളിച്ചു, മാവോയിസ്റ്റുകളാണ് ഇതിനു പിന്നിൽ എന്നു പ്രക്ഷോഭകരായ ജനങ്ങളുടെ മുഴുവൻ ഏജന്സിയും റദ് ചെയ്തുകൊണ്ട്. പിന്നീട് തിരുത്തുകയും ചെയ്തു. വല്ലാർപാടം കണ്ടെയ്‌നർ റോഡിനു വേണ്ടി മൂലമ്പിള്ളിയിൽ നിന്നും കുടിയൊഴിക്കപ്പെട്ട ജനങ്ങൾ ഇന്നും ചതുപ്പു നിലത്തും പുറമ്പോക്കിലും ഒക്കെയായി കഴിയുകയാണ്.

മൂലമ്പിള്ളി പാക്കേജിൽ ഒരൊറ്റ വാഗ്ദാനം പോലും നടപ്പാക്കിയിട്ടും ഇല്ല. മൂലമ്പിള്ളി പാക്കേജ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഇനി അത്തരത്തിലുള്ള പാക്കേജുകൾ ഒന്നും ഇനി കേരളത്തിൽ യാഥാർഥ്യമാകാൻ പോകുന്നില്ലെന്നു ആഴ്ചകൾക്ക് മുമ്പു കണ്ടപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട വിൻസന്റ് പറഞ്ഞു…

അവർ കീഴാറ്റൂർ സമരത്തെ വലിയ പ്രതീക്ഷയിലാണ് നോക്കുന്നത്. അധികാരമില്ലാത്ത മനുഷ്യർ ഭരണകൂടത്തിന്റെ സ്വേച്ഛകളോട് ഇങ്ങനെ പ്രതികരിക്കുന്നു. കാസർഗോഡ് തലമുറകളെ മുഴുവൻ വിഷത്തിൽ ഒടുക്കി കൊന്നുകൊണ്ടിരിക്കുന്ന പോലെ, ഭരണകൂടം വിചാരിച്ചതെല്ലാം നടപ്പാക്കുന്നു, ഇതല്ലാതെ മറിച്ച് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?

Be the first to comment on "‘ഒന്നു പോവ്വോ ഞങ്ങളെ മുന്നില്‍ നിന്ന് ‘ ഇന്നാട്ടിലെ ഭരണകൂടത്തോട് അവർ പറയുന്നത്"

Leave a comment

Your email address will not be published.


*