വില്ലുവണ്ടികൾ മാത്രം നിരത്തുകളിൽ ഓടട്ടെ . തിങ്കളാഴ്ച്ചയിലെ ഹർത്താൽ എന്തുകൊണ്ട് പിന്തുണക്കപ്പെടണം?

PTI PHOTO

ശ്രുതീഷ് കണ്ണാടി

കേരളത്തില്‍ ഒരുപക്ഷേ ഏറ്റവും അധികം പ്രശ്നവത്ക്കരിക്കപ്പെടേണ്ട ഒരു സംഞ്ജയാണ് ‘പൊതു’ എന്ന് തോന്നുന്നു. വൈവിധ്യങ്ങളെ, വിഭിന്ന ശബ്ദങ്ങളെ വളരെ കൃത്യമായി അകറ്റി നിർത്തിക്കൊണ്ടും അപര ജീവിതങ്ങളെ അവരുടെ താത്പര്യങ്ങളെ പുറന്തള്ളിക്കൊണ്ടും രൂപപ്പെടുന്ന ഒരു സംഞ്ജയായി വേണം ‘പൊതു’വിനെ നാം മനസിലാക്കാന്‍. ‘പൊതു’വിന്റെ നിർമ്മിതിയിൽ ജാതി-രാഷ്ട്രീയ വ്യവഹാരങ്ങള്‍ ശക്തമായ ഇടപെടലുകള്‍ എല്ലാക്കാലത്തും നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. നിലവിലെ ഹൈന്ദവ-അധീശ വ്യവഹാരങ്ങള്‍ അതിന്റെ താത്പര്യങ്ങള്‍ ഏതെല്ലാം വിധത്തിലാണ് ‘പൊതുബോധം’ നിർമിച്ചെടുക്കന്നതെന്നു പഠന വിധേയമാക്കുന്നത് രസകരമായിരിക്കും. സവർണ്ണ -വരേണ്യ ബോധത്തെ ഇരുണ്ട ശരീരങ്ങൾക്ക് മുകളില്‍ അടിച്ചേൽപ്പിച്ചു കൊണ്ടും താഴെ നിന്നുള്ള കാഴ്ചകളെ റദ്ദു ചെയ്തു കൊണ്ടുമാണ് പൊതുബോധം ഇവിടെ നിലയുറപ്പിക്കുന്നത്. പൊതുവിടം, പൊതുമുതല്‍, പൊതുജനം തുടങ്ങിയ സങ്കല്പങ്ങളെല്ലാം അത്തരം വിവിധങ്ങളായ റദ്ദു ചെയ്യലുകളില്‍ നിന്നും ഉണ്ടാകുന്നതാണ്. അത് കൊണ്ട് തന്നെ വരേണ്യ നിർമ്മിതിയായ ‘പൊതു’വിനെ പിടിച്ചെടുക്കുക എന്നത് ശക്തമായ കീഴാളപക്ഷ-ജനാധിപത്യ രാഷ്ട്രീയമായി വേണം നാം മനസിലാക്കാന്‍.

ഏറ്റവും സംഘർഷ ഭരിതമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ദലിത് ജനത ഇന്ന് കടന്നു പോകുന്നതെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം അട്ടിമറിക്കാനുള്ള സുപ്രീം കോടതി-കേന്ദ്ര സർക്കാർ തുടങ്ങിയവരുടെ ഇടപെടലുകള്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും ദലിത്-ആദിവാസി ജനതയെ പുറന്തള്ളുന്നതിനുള്ള നിയമ നിർമ്മാണങ്ങള്‍, ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമകൾക്ക് നേരെയുള്ള പ്രഖ്യാപിത ആക്രമണങ്ങള്‍, അദ്ദേഹത്തിന്റെറ പേര് തിരുത്താനുള്ള ശ്രമങ്ങള്‍, ഭരണഘടന തിരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള ജാതി-രാഷ്ട്രീയ സംഘർഷങ്ങളോട് ഇടപെട്ടുകൊണ്ടാണ് ബഹുജനങ്ങള്‍ ഇന്ന് മുന്നോട്ട് പോകുന്നത്.പോയവാരം നടന്ന ഭാരത ബന്ദില്‍, സമരക്കാരെ ഭരണകൂടം നേരിട്ട രീതിയും തുടര്ന്ന് പന്ത്രണ്ട് ദലിതര്‍ പോലീസിന്റെര വെടിയേറ്റ് കൊല്ലപ്പെട്ടതും രാജ്യത്തിന്റെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ അടയാളമാണ്. പ്രതിരോധത്തിന്റെ പാതയിലേക്ക്, പുതിയ രാഷ്ട്രീയ ബോധ്യത്തിലേക്ക്, സാമൂഹിക ഉണർവുകളിലേക്ക് ദലിത് ജനത കാലെടുത്തു വെയ്ക്കുകയാണിന്ന്. എല്ലാ വരേണ്യ ജാതി-രാഷ്ട്രീയ വ്യവഹാരങ്ങളെയും അവര്‍ വെല്ലുവിളിക്കുന്നുണ്ട്.

ഭരണകൂട വയലൻസുകളെ , സവർണ്ണ -ജാതി വയലന്സുികളെ ഭൗതികമായും മറ്റു ഇടപെടലുകളിലൂടെയുമൊക്കെ പ്രതിരോധിക്കാന്‍ തദ്ദേശീയ ജനത സജ്ജമായിക്കഴിഞ്ഞു എന്നതാണ് യാഥാർഥ്യം . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കീഴാള പ്രതിരോധങ്ങളുടെ ചുവടു പിടിച്ച് ‘പുരോഗമന’ കേരളത്തിലും ശക്തമായ ദലിത് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. തിങ്കളാഴ്ച വിവിധ ദലിത് രാഷ്ട്രീയ സംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, സൈദ്ധാധികർ സംയുക്തമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന ഹർത്താൽ ഒരുപക്ഷേ കേരളത്തില്‍ ഉയർന്നു വരുന്ന അതിശക്തമായ കീഴാള രാഷ്ട്രീയ ധാരയുടെ ഭാവിനിർണയിക്കുന്നതും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതുന്നതുമായിരിക്കുമെന്ന കാര്യത്തില്‍ തർക്കമുണ്ടാവേണ്ടതില്ല.

പൊതുവിടം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് അയ്യങ്കാളി വില്ലുവണ്ടി പായിച്ച് ജാതി ബോധത്തെ വെല്ലു വിളിച്ചതെങ്കില്‍ ആ പൊതുവിടത്തിന്റൊ അധികാരം തങ്ങളുടേത് കൂടെയാണെന്ന് തെളിയിക്കുന്ന തദ്ദേശീയ ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി വേണം തിങ്കളാഴ്ച നടക്കാനിരിക്കുന്ന ദലിത് ഹർത്താലിനെ വിലയിരുത്താന്‍. എന്നാല്‍ ഹർത്താലിനെതിരെ ഇപ്പോള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന പൊതുബോധം, മുമ്പ് സൂചിപ്പിച്ച പോലെ ‘പൊതു’ സംഞ്ജയ്ക്കകത്ത്‌ ഇരുണ്ട-കീഴാള ശരീരങ്ങൾക്ക് ഇടം ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതും അതോടൊപ്പം കേരളത്തിന്റെ ‘പുരോഗമന-ജാതി’ മറ നീക്കി പുറത്തുവരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടെയാണ്. ചരിത്രപരമായി അടിസ്ഥാന ജനതയുടെ പ്രതിരോധങ്ങളെ, അവരുടെ രാഷ്ട്രീയ ഇടപാടുകളെയെല്ലാം ഹിംസാത്മകമായി ചിത്രീകരിക്കാന്‍ ആഭിജാത്യ വിഭാഗങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നത് നാം കാണാതിരുന്നുകൂട. ഇരുണ്ട ശരീരങ്ങളെ വയലൻസുമായി കൂട്ടിവായിക്കുന്നത് വരേണ്യ ജനതയുടെ (കു)തന്ത്രപരമായ നീക്കങ്ങളില്‍ ഒന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ ‘പൊതുബോധം’, ‘വയലൻസ് ’ തുടങ്ങിയ ഇത്തരം വരേണ്യ ടൂളുകളോട് ഏറ്റവും ക്രിയാത്മകമായ പ്രതിരോധം തീർക്കാൻ ദലിത് ജനത ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

നിലവിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍, ചരിത്രപരമായ ഒരു ഘട്ടത്തില്‍ ദലിത്-ആദിവാസി-ബഹുജന്‍ രാഷ്ട്രീയം എത്തിനിൽക്കുകയാണ് . അത് കൊണ്ട് തന്നെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ദലിത് ഹർത്താൽ വിജയിപ്പിക്കേണ്ടത് കീഴാള രാഷ്ട്രീയ ധാരകളില്‍ ഇടപെടുന്ന, വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമായി നാം ഏറ്റെടുക്കേണ്ടതുണ്ട്. ആയതിനാല്‍ പൊതുവിടങ്ങളിലെ ആധിപത്യം ഉറപ്പിച്ചു കൊണ്ട്, സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിക്കൊണ്ട് അയ്യങ്കാളി പടച്ചു വിട്ട വില്ലുവണ്ടികള്‍ കേരളത്തിന്റെ പൊതു നിരത്തുകളില്‍ കൂടെ തിങ്കളാഴ്ച തലങ്ങും വിലങ്ങും പായുമെന്നു ഉറച്ചു തന്നെ നമുക്ക് വിശ്വസിക്കാം. വില്ലു വണ്ടികള്‍ മാത്രം!

Be the first to comment on "വില്ലുവണ്ടികൾ മാത്രം നിരത്തുകളിൽ ഓടട്ടെ . തിങ്കളാഴ്ച്ചയിലെ ഹർത്താൽ എന്തുകൊണ്ട് പിന്തുണക്കപ്പെടണം?"

Leave a comment

Your email address will not be published.


*