ശ്രീദേവിക്കും വിനോദ് ഖന്നക്കും ആദരം. ദേശീയ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടനാ‍യി ബംഗാളി നടൻ റിഥി സെനും (നഗർ കീർത്തൻ) മികച്ച നടിയായി ശ്രീദേവിയും (മോം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജയരാജിനെയും (ഭയാനകം) സഹനടനായി ഫഹദ് ഫാസിലിനെയും (തൊണ്ടിമുതലും ദൃക്സാക്ഷിയും) ദേശീയ നേട്ടം തേടിയെത്തി. ദാദാ സാഹിബ് ഫാൽകെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്.

മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്.

മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിന് ഇന്ദ്രന്‍സിനെ പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞു. മികച്ച ഡോക്യുമെൻഡറിക്ക് അനീസ് കെ. മാപ്പിള (സ്ലേവ് ജെനസിസ്) അർഹനായി.

ടേക്ഒാഫിലെ നഴ്സായുള്ള മികച്ച പ്രകടനത്തിന് നടി പാർവതി പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. വിശ്വാസപൂർവം മൻസൂർ എന്ന സിനിമയിലെ ഗാനത്തിന് കെ.ജെ ‍യേശുദാസിനെ മികച്ച ഗായകനായും സന്തോഷ് രാജനെ (ടേക്ഒാഫ്) മികച്ച പ്രൊഡക്ഷൻ ഡിസൈനറായും തെരഞ്ഞെടുത്തു.

Be the first to comment on "ശ്രീദേവിക്കും വിനോദ് ഖന്നക്കും ആദരം. ദേശീയ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു"

Leave a comment

Your email address will not be published.


*