ഗപ്പിക്ക് ശേഷം അമ്പിളി. സൗബിന്‍ നായകനായി ജോണ്‍പോള്‍ പടം വരുന്നു

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചലചിത്രം അമ്പിളിയില്‍ സൗബിന്‍ സാഹിര്‍ നായകന്‍. ഒപ്പം നവീന്‍ നാസിം , തന്‍വി റാം എന്നീ പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് തന്റെ രണ്ടാമത്തെ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഗപ്പിയുടെ സംവിധായകനില്‍ നിന്നുള്ള പുതിയ ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പിന് മിനിറ്റുകള്‍ക്കകം അപൂര്‍വ്വ സ്വീകാര്യതയാണ് ലഭിച്ചത്.

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവും തെളിച്ചവുമേകുന്ന മനുഷ്യരെക്കുറിച്ചാണ് അമ്പിളി സംസാരിക്കുകയെന്നും ജോണ്‍പോള്‍ പറയുന്നു.

ജോണ്‍പോള്‍ ജോര്‍ജ് എഴുതുന്നു.

”ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത്
കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്.
പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ. സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം എന്ന നായകനെയും തന്‍വി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം പരിചയപ്പെടുത്തുന്നുണ്ട്.
ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍.”

Be the first to comment on "ഗപ്പിക്ക് ശേഷം അമ്പിളി. സൗബിന്‍ നായകനായി ജോണ്‍പോള്‍ പടം വരുന്നു"

Leave a comment

Your email address will not be published.


*