രണ്ട് ദലിത് യുവാക്കളുടെ വിവാഹം ഒരു സവർണഗ്രാമത്തെ ‘അസ്വസ്ഥപ്പെടുത്തുന്നതെങ്ങനെ’?

സഞ്‌ജയും ശീതലും വിവാഹം ചെയ്‌ത്‌ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവരാണ്. ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമത്തിലാണ് ദലിത് സമുദായാംഗങ്ങളായ ഇവർ രണ്ടുപേരുടെയും താമസം. താക്കൂർ വിഭാഗത്തിൽ പെട്ട സവർണർ ഭൂരിപക്ഷമായ ഈ ഗ്രാമത്തിൽ അഞ്ചോളം ദലിത് കുടുംബങ്ങൾ മാത്രേ താമസിക്കുന്നുള്ളു. തങ്ങളുടെ വിവാഹത്തിന് കുതിരപ്പുറത്തു കയറിയുള്ള ചടങ്ങ് വേണമെന്ന് ഇവർ ആഗ്രഹിച്ചതാണ് സവർണരായ താക്കൂർ വിഭാഗക്കാരെ അസ്വസ്ഥമാക്കിയത്.

ജാതിയിൽ താഴ്ന്നവർക്കു പറഞ്ഞതല്ല ഇത്തരം രീതികളെന്നും ഇവ ഗ്രാമത്തിലെ കീഴ്വഴക്കങ്ങളെ തെറ്റിക്കുമെന്നും താക്കൂർ വിഭാഗക്കാരും പ്രദേശത്തെ പോലീസ് അധികൃതരും ഒന്നിച്ചു പറയുന്നു.

” ഞങ്ങൾ ഇവിടെ അമ്പലമോ പള്ളിയോ പണിയണം എന്നല്ലല്ലോ പറയുന്നത് , ഇഷ്‌ടപ്രകാരം വിവാഹം ചെയ്യണമെന്നല്ലേ..” ശീതൾ ചോദിക്കുന്നു.

”ഈ നഗരത്തിൽ ഒരു ദലിത് വിവാഹവും ഇത്തരത്തിൽ നടന്നിട്ടില്ല , അതുകൊണ്ട് തന്നെ ഇത്തരം രീതികൾ പാരമ്പര്യങ്ങളെ തെറ്റിക്കുന്നതും ഗ്രാമത്തിൽ കലാപം ഉണ്ടാക്കുന്നതുമാണ് ” കുതിരപ്പുറത്തെ സഞ്ചാരത്തിനു അനുമതി നിഷേധിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ രാജ് കുമാർ സിങ് റിപ്പോർട്ടിൽ എഴുതി. ‘ അവർക്ക് ഞങ്ങളോട് അനുവാദം ചോദിച്ചു തീരുമാനം എടുക്കാമായിരുന്നു. ഇത് അവർ സ്വയം തീരുമാനിച്ചതാണ്. അംഗീകരിക്കാനാവില്ല ” താക്കൂർ സമുദായാംഗവും ശീതളിന്റെ അയൽവാസിയുമായ ഉമാ ദേവി പറഞ്ഞു.

‘വ്യത്യസ്‌തമായ’ രീതിയിൽ വിവാഹം നടത്താൻ ദലിത് കുടുംബങ്ങൾ തീരുമാനിച്ചതോടെ ഇവർക്കുള്ള വെള്ളം വിതരണം തടസ്സപ്പെടുത്തിയിരിക്കുകയാണ് താക്കൂർ സമുദായം. വെള്ളത്തിന്റെ അഭാവം ദലിത് കുടുംബങ്ങളുടെ കൃഷിയെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

സമാനസംഭവങ്ങൾ ഇന്ത്യയിൽ വ്യത്യസ്‌തയിടങ്ങളിൽ കാണാൻ കഴിയും. ഈ വർഷം മാർച്ച് 31 ന് ഗുജറാത്തിൽ പ്രദീപ് റാത്തോഡ് എന്ന ഇരുപത്തൊന്നുകാരനായ ദലിത് യുവാവിനെ ഒരുകൂട്ടം സവർണർ കൊന്നതിനുള്ള ‘കാരണം’ ദലിത് യുവാവായ പ്രദീപ് തന്റെ ഗ്രാമത്തിലൂടെ കുതിരപ്പുറത്തു കയറി സഞ്ചരിച്ചു എന്നായിരുന്നു. ഏപ്രിൽ രണ്ടിന് മധ്യപ്രദേശിലെ ഇരുപത്തേഴുകാരനായ രാം പ്രസാദ് ബംനിയ തന്റെ വിവാഹവേളയിൽ കുതിരസവാരി നടത്തിയത് ഹെൽമെറ്റ് ധരിച്ചായിരുന്നു. കുതിരപ്പുറത്ത് കയറിയ ദലിതന്റെ തലക്ക് കല്ലേറ് കിട്ടുന്നതായിരുന്നു കാരണം.

Be the first to comment on "രണ്ട് ദലിത് യുവാക്കളുടെ വിവാഹം ഒരു സവർണഗ്രാമത്തെ ‘അസ്വസ്ഥപ്പെടുത്തുന്നതെങ്ങനെ’?"

Leave a comment

Your email address will not be published.


*