ഗായകനായ കൃഷ്ണയേക്കാൾ വിപ്ലവകാരിയായ ടി.എം. കൃഷ്ണ

സനൂജ് സുശീലൻ

റോക്ക് എൻ റോൾ എന്ന മലയാള സിനിമ മിക്കവരും കണ്ടിട്ടുണ്ടാവും. അതിൽ റഹ്മാൻ അവതരിപ്പിക്കുന്ന ഹെൻറി ഒരു പെൺകുട്ടിയെ വളച്ചുകൊണ്ട് സ്റ്റുഡിയോയിൽ എത്തുമ്പോൾ ഭാര്യ കയ്യോടെ പിടിക്കുന്ന ഒരു സീനുണ്ട്. ഹെൻറിയെ രക്ഷിക്കാൻ വേണ്ടി ഗുണ അത് വയലിൻ കൃഷ്ണേട്ടന്റെ മകളാണെന്ന്‌ കള്ളം പറയുന്നു. എന്നാൽ ഹെൻറിയുടെ ഭാര്യ ആ കുട്ടിയുടെ പേര് ചോദിക്കുമ്പോ പേര് മുംതാസ് എന്നാണവൾ മറുപടി പറയുന്നത്.അതും പൊളിയാതിരിക്കാൻ വേണ്ടി കൃഷ്ണേട്ടന്റെ ശരിക്കുള്ള പേര് അബൂബക്കർ എന്നാണെന്നും അബൂബക്കർ എന്ന് പേരുള്ള ഒരു മുസ്ലീമിന് പണ്ട് സിനിമയിൽ ഒരു ചാൻസും കിട്ടുമായിരുന്നില്ലെന്നും അതുകൊണ്ടാണ് കൃഷ്ണനെന്ന് പേര് മാറ്റിയതെന്നുമൊക്കെ പറഞ്ഞു ഗുണ ഉരുളുന്ന രസകരമായ രംഗമാണ്.

ഇതൊരു തമാശ സീനാണെങ്കിലും അതിലെ വിഷയത്തിൽ കുറെ കാര്യവുമുണ്ട്. ഗുണ പറയുന്നതിനേക്കാൾ കിരാതമായിരുന്നു പണ്ടത്തെ കോടമ്പാക്കത്തെ ജാതി വിവേചനങ്ങൾ. കേട്ടറിഞ്ഞ ഒരു കഥയുണ്ട്. മലയാളത്തിലും ഒട്ടനവധി മികച്ച ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംഗീതജ്ഞനെക്കുറിച്ചാണ്. പുതുതായി ചാൻസ് ചോദിച്ചു വരുന്ന കുട്ടികളുടെയൊക്കെ തോളത്തു തട്ടി “വാ തമ്പി” എന്ന് പറഞ്ഞു വിളിക്കുമായിരുന്നു അദ്ദേഹം. പക്ഷെ സ്നേഹം കൊണ്ടല്ല, അകത്തു പൂണൂലുണ്ടോ എന്നാണ് സത്യത്തിൽ അദ്ദേഹം തപ്പി നോക്കിയിരുന്നതത്രെ. മുകളിലത്തെ സിനിമയിൽ സൂചിപ്പിച്ചതു പോലെ സ്വന്തം ജാതിയും മതവും മറച്ചു വച്ച് തന്നെയാണ് പലരും അവിടെ പിടിച്ചു നിന്നിരുന്നത്. നാഗൂർ ബാബു എന്ന ഗായകൻ മനോ ആയും മോഹദ്ദീൻ അബ്ദുൽ ഖാദർ രാജകിരൺ ആയുമൊക്കെ ഇപ്പോഴും ഫീൽഡിലുണ്ട്. പതിനഞ്ചോളം ഭാഷകളിൽ മൂവായിരത്തോളം ഗാനങ്ങൾ ആലപിച്ച മനോയെ മറ്റു ഗായകർക്കൊപ്പം അംഗീകരിക്കാൻ അവിടത്തെ പാരമ്പര്യ വാദികൾ ശ്രമിച്ചിട്ടില്ല എന്ന് നിഷ്പക്ഷമായി നിരീക്ഷിച്ചാൽ മനസ്സിലാവും.

ഇപ്പോൾ ഇതൊക്കെ എഴുതാൻ കാരണം ടി എം .കൃഷ്ണയാണ്. അദ്ദേഹത്തെ പറ്റി കുറച്ചു കാലമായി എഴുതണമെന്നു വിചാരിക്കുന്നു. വെറും നാല്പതാമത്തെ വയസ്സിൽ റമോൺ മാഗ്‌സാസെ അവാർഡ് നേടിയ ഒരു സംഗീതജ്ഞനാണ് കൃഷ്ണ. കർണാടിക് സംഗീതത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ചില പ്രവണതകൾക്കെതിരെയുള്ള ധീരമായ നിലപാടുകളാൽ ശ്രദ്ധേയനാണ് അദ്ദേഹം. കർണാടിക് സംഗീത രംഗത്ത് നിലനിൽക്കുന്ന കടുത്ത ബ്രാഹ്മണ മേധാവിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പല യാഥാസ്ഥിതിക കലാകാരന്മാരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു അന്തരിച്ച എം എസ്സ് സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള കൃഷ്ണയുടെ നിരീക്ഷണം. ദേവദാസി സമുദായത്തിൽ ജനിച്ച അവർ തന്റെ ബ്രാഹ്മിൻ മുഖം മാത്രമാണ് ആസ്വാദകരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചതെന്നായിരുന്നു വലിയ വിവാദം സൃഷ്ടിച്ച ആ പ്രസ്താവന. വർഷങ്ങളോളം തന്റെ ബ്രാഹ്മിൻ ഇമേജ് പൊലിപ്പിച്ചു കാണിച്ചു സ്വന്തം സംഗീതത്തിലെ കുഴപ്പങ്ങൾ അവർ വിദഗ്ധമായി മറച്ചു വച്ചു, കൂടുതൽ സ്വീകാര്യത നേടി എന്നൊക്കെയായിരുന്നു അതിലെ പ്രധാന ഭാഗങ്ങൾ. അതിനു വേണ്ടി സ്വന്തം കുടുംബത്തിൽ നിന്ന് പോലും എം എസ്സ് അകൽച്ച പാലിച്ചു എന്ന അദ്ദേഹത്തിന്റെ തുറന്നടിക്കൽ ചില്ലറ വിവാദങ്ങളൊന്നുമല്ല സംഗീത ലോകത്തും പുറത്തും സൃഷ്ടിച്ചത്.

Image result for ms subbulakshmi and tm krishna

ശ്രദ്ധേയമായ കാര്യം എന്താണെന്നു വച്ചാൽ കൃഷ്ണയും ഒരു ബ്രാഹ്മണനാണ് എന്നതാണ്. ഇന്ത്യ മുഴുവൻ പേരുകേട്ട ടി ടി കെ ഗ്രൂപ്പിന്റെ സ്ഥാപകൻ ടി ടി കൃഷ്ണമാചാരിയുടെ അനന്തിരവനാണ് കൃഷ്ണ. പക്ഷെ ഒരു ബ്രാഹ്മണൻ പാലിക്കേണ്ട ജീവിതരീതി പിന്തുടരുകയോ പൂണൂൽ ധരിക്കുകയോ ചെയ്യാത്ത ഒരു ബ്രാഹ്മണനാണ് അദ്ദേഹം എന്ന് മാത്രം. ഈ കുലത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരാൾ വ്യത്യസ്തനാവില്ല എന്നാണ് അദ്ദേഹം പറയാനും പഠിപ്പിക്കാനും ശ്രമിക്കുന്നത്.

ഇത്രയും വർഷങ്ങളായിട്ടും മറ്റു സമുദായത്തിൽ പെട്ട ഒരാൾ പോലും കർണാടക സംഗീതത്തിൽ ഉയർന്നു വരാത്തതിന്റെ കാരണമായി അദ്ദേഹം വിശ്വസിക്കുന്നത് സമൂഹം കൊണ്ടുനടക്കുന്ന ചില ധാരണകളെയാണ്. കർണാടക സംഗീതം വരേണ്യ വർഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് താഴ്ന്ന സമുദായക്കാർ പോലും മനസ്സുകൊണ്ട് അംഗീകരിച്ചിരിക്കുന്നതാണെന്നാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട വാദം. കടുത്ത ജാതി വിവേചനങ്ങൾ പാലിക്കുന്ന തമിഴ് സംസ്കാരത്തിൽ അതൊരു അത്ഭുതകരമായ കണ്ടുപിടിത്തമൊന്നുമല്ല. ഇതൊന്നും തങ്ങൾക്കു പറഞ്ഞിട്ടില്ല എന്ന് താഴ്ന്ന ജാതിയിൽപ്പെട്ടവർ തന്നെ മനസ്സുകൊണ്ട് അംഗീകരിച്ചിരിക്കുന്നതുകൊണ്ട് അതിൽ നിന്നൊരാൾ പോലും ഈ “ആഢ്യൻ” സംഗീതത്തിൽ പേരെടുക്കാത്തത് ആരെയും അലോസരപ്പെടുത്തുന്ന ഒരു സംഗതിയുമല്ല. ഇളയരാജയെ പോലെ ചില അപവാദങ്ങൾ മാത്രമാണ് എടുത്തു പറയാനുള്ളത് . പക്ഷെ അവർ പോലും ആരംഭദശകളിൽ ജാതിയുടെ പേരിലുള്ള അവഹേളനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇതൊക്കെ പറയുമ്പോഴും ബ്രാഹ്മണർ കർണാടിക് മ്യൂസിക് എന്ന സംഗീത ശാഖയ്ക്ക് നൽകിയ സംഭാവനകളെയും കൃഷ്ണ അംഗീകരിക്കുന്നു. അവിടെയാണ് അദ്ദേഹം വ്യത്യസ്തനാവുന്നതും. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച “A Southern Music – The Karnatik Story’ എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇത് വിശദീകരിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് സമുദായം ഇതിലൊരു മാറ്റം വരുത്താൻ മുന്നിട്ടിറങ്ങിയില്ല, കുറച്ചുകൂടി inclusive ആയില്ല എന്ന പരാതിയും കൃഷ്ണയ്ക്കുണ്ട്. സമൂഹത്തിൽ പലപ്പോഴും മാറ്റങ്ങൾ വരുത്തുന്നത് ഭൂരിപക്ഷത്തിലെ പുരോഗമനവാദികളായ ഒരു ന്യൂനപക്ഷമാണ് എന്ന വസ്തുത കർണാടിക് സംഗീതത്തിന്റെ കാര്യത്തിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നതൊരു വസ്തുതയാണ്.

Image result for tm krishna

ഇത്തരം നിലപാടുകൾ കാരണം സ്വാഭാവികമായും ആരാധകരേക്കാൾ അദ്ദേഹത്തിന് വിമർശകരാണ് കൂടുതൽ. വളരെ ഉറക്കെയുള്ള ശബ്ദത്തിൽ പാടുന്ന അദ്ദേഹത്തിന്റെ സംഗീതത്തെപോലും അവരിൽ ചിലർ അക്രമിച്ചിട്ടുണ്ട്. മുണ്ടും ജൂബയുമണിഞ്ഞ , ഷോൾ പുതച്ച ടിപ്പിക്കൽ കച്ചേരി പാട്ടുകാരന്റെ ഭാവഹാവാദികൾ അല്ല അദ്ദേഹത്തിന്റേത്. ഡിസൈനർ ജൂബകളും കുർത്തയും പാന്റും ഷർട്ടും ഒക്കെയിട്ട് കച്ചേരി പാടാൻ ഒരു മടിയുമില്ലാത്തയാളാണ് അദ്ദേഹം ( ഇത്തരം ക്ളീഷേകളെ പൊളിച്ചെഴുതുന്ന ഒരാൾ മലയാളത്തിലുമുണ്ട്. അഗം ബാൻഡിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണൻ ) . സാധാരണ ലൈൻ ബസ്സിൽ യാത്രക്കാരുടെ ഇടയിൽ കമ്പിയിൽ തൂങ്ങി നിന്നുകൊണ്ട് കച്ചേരി പാടിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. പാരമ്പര്യ സംഗീതത്തിനെ ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസങ്ങളെ തച്ചു തകർക്കുക എന്നത് മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതിലെ മോട്ടിവേഷൻ എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

അപ്പോൾ, പറഞ്ഞു വന്നത് പുറമ്പോക്കു പാടലിനെ പറ്റിയാണ്. ആരാലും അവകാശപ്പെടാതെ കിടക്കുന്ന ആർക്കും വേണ്ടാത്ത ഭൂപ്രദേശത്തെയാണ് പുറമ്പോക്കെന്നു അർത്ഥമാക്കുന്നത്. കാലക്രമേണ സമൂഹത്തിനു ഉപയോഗമില്ലാത്ത എന്തിനെയും പുറമ്പോക്കെന്നു വിളിക്കാൻ തുടങ്ങി. അത്യാഗ്രഹികളായ മനുഷ്യർ പുറമ്പോക്കു ഭൂമികൾ കയ്യേറുന്നത് ഇപ്പോൾ പുതിയ സംഭവമല്ല. ജലാശയങ്ങളുടെയും റോഡുകളുടെയും അടുത്തുള്ള ഭൂമികൾ കയ്യേറി കെട്ടിടങ്ങൾ പണിയുക, അല്ലെങ്കിൽ മാലിന്യ നിക്ഷേപത്തിനുപയോഗിക്കുക തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ വൻ നഗരങ്ങളും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇത്തരം ഒരു സ്ഥലമാണ് ചെന്നൈ നഗരത്തിലെ എന്നൂർ ക്രീക്ക്. പല വ്യവസായ സ്ഥാപനങ്ങളും ഭരണാധികാരികളുടെ ഒത്താശയോടെ ഭൂമിവെട്ടിപ്പിടിച്ച് അവിടെ കെട്ടിടങ്ങൾപണിതു തള്ളിയിട്ടുണ്ട്. ദിവസവും ഫ്ലൈ ആഷ് ടൺ കണക്കിന് കൊണ്ട് തള്ളുന്നത് മൂലം മീനുകൾ കൂട്ടത്തോടെ ചത്തടിഞ്ഞു. മത്സ്യബന്ധന തൊഴിലാളികൾക്ക് ജോലിയില്ലാതായി. ഇതിനെതിരെ നിത്യാനന്ദ് ജയരാമൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കുറേക്കാലമായി പോരാടുകയാണ്.ആ പോരാട്ടത്തിന്റെ ഭാഗമായി കബീർ വാസുകി എന്ന സംഗീതജ്ഞൻ സൃഷ്ടിച്ചതാണ് “ചെന്നൈ പുറമ്പോക്കു പാടൽ” എന്ന തമിഴ് റാപ് ഗാനം. അപ്രശസ്തരായ അവർക്ക് അത് അധികം ജനങ്ങളിലെത്തിക്കാൻ കഴിയാത്ത ഒരു പ്രതിസന്ധിയുണ്ടായി.

ഇവിടേയ്ക്കാണ് ടി എം കൃഷ്ണ എത്തുന്നത്. തമിഴ് നാട്ടിൽ താമസിച്ചിട്ടുള്ളവർക്കറിയാം, അവിടെ പല തരം തമിഴ് പ്രചാരത്തിലുണ്ട്. ചെന്നൈ നഗരത്തിലെ ജനങ്ങൾ സംസാരിക്കുന്ന തമിഴല്ല മധുരൈ പോലുള്ളിടത്തു പ്രയോഗത്തിലുള്ളത്. നാഗർകോവിൽ , ട്രിച്ചി ഭാഗങ്ങളിൽ എത്തുമ്പോൾ അത് വീണ്ടും മാറും. ഈ ഗാനത്തിൽ ചെന്നൈ തമിഴ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഭാഷാപരമായി വളരെ ഉയർന്ന നിലവാരത്തിലുള്ള കർണാടിക് സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിലേയ്ക്ക് ഈ ഗാനത്തെ അതേപടി കൃഷ്ണ ട്രാൻസ്ഫോം ചെയ്തു. ഒരുപാടു അലങ്കാരങ്ങളും ആലഭാരങ്ങളുമുള്ള കർണാടക സംഗീതത്തിന്റെ അത്തരം ഊടുപാടുകൾ അഴിച്ചുവെച്ച് സാധാരണ ഭാഷയിൽ എഴുതി വയ്ക്കപ്പെട്ട ഒരു “പാട്ടിനെ” അതിലേയ്ക്ക് ചേർത്തു വച്ചു കൃഷ്ണ. “പൊറമ്പോക്ക് എൻ പൊറുപ്പ് .. പൊറമ്പോക്ക് ഉൻ പൊറുപ്പ്” തുടങ്ങിയ ലളിതമായ വാക്കുകളെ നിസ്സാരമായി അദ്ദേഹം അതിലേക്കു പ്രവേശിപ്പിച്ചു. സംഗീതത്തെയും ചിന്തയെയും പ്രകോപിക്കുന്ന, രസപ്രധാനമായ പൊറമ്പോക്ക് പാടൽ തമിഴ്‌നാട്ടിൽ തരംഗങ്ങൾ സൃഷ്ടിച്ചു. മഹത്തായ ഒരു സന്ദേശത്തെ ലളിതമായ വരികളിലൂടെ, ക്ലാസിക്കൽ സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കിയ ഒരു കലാകാരൻ സാധാരണ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുക്കുകയായിരുന്നു. ഒന്നും രണ്ടുമല്ല, ഒരാഴ്ചയാണ് ശുദ്ധമായ കർണാടിക് ബേസിലുള്ള ഈ ഗാനം യൂട്യൂബിൽ ട്രെൻഡ് ചെയ്തത്. ഈ നേട്ടം കൈവരിച്ച ആദ്യത്തെ കർണാടിക് ഗാനവുമാണ് പൊറമ്പോക്ക് പാടൽ.

കുറച്ചു കാലമായി അദ്ദേഹത്തിന്റെ കച്ചേരികൾ കേൾക്കുന്നുണ്ട്. യേശുദാസിന്റെ പാട്ടു കേട്ട് വളർന്നു വന്ന ഒരു സാധാരണ മലയാളത്താൻ ആയതുകൊണ്ട് പുള്ളിയുടെ ശബ്ദം ആദ്യമൊന്നും ഇഷ്ടമായിരുന്നില്ല.

കർണാടക സംഗീതത്തിലെ സാങ്കേതികതകൾ അറിയാത്ത ഒരു സാധാരണ ശ്രോതാവാണ്‌ ഞാൻ.അതും ഒരു പ്രശ്നമാണ്. എന്നിരിക്കിലും അദ്ദേഹം പാടിയതിൽ ചിലതൊക്കെ അസാമാന്യമായി തോന്നിയിട്ടുമുണ്ട്. മായാമാളവ ഗൗളം ഉദാഹരണം. എന്തായാലും എന്നെപ്പോലെയുള്ള മലയാളികൾക്ക് അദ്ദേഹത്തിന്റെ പനി പിടിച്ചത് പോലുള്ള അടഞ്ഞ സ്വരം ഇഷ്ടമാകാൻ സാദ്ധ്യത കുറവാണ് ( പ്രശസ്ത കന്നഡ പോപ്പ് ഗായകൻ രഘു ദീക്ഷിതിന്റെ കാര്യത്തിലും എനിക്ക് ആദ്യമൊക്കെ ഇങ്ങനെ തോന്നിയിരുന്നു. ഇപ്പൊ കുറച്ചൊക്കെ മാറി) .

ഇത്രയും നീട്ടിപിടിച്ചു എഴുതിയത് കൃഷ്ണയോടുള്ള ആരാധന മൂലമാണ്. ഗായകനായ കൃഷ്ണയേക്കാൾ വിപ്ലവകാരിയായ കൃഷ്ണയെയാണ് ആരാധിക്കുന്നതെന്നു മാത്രം. അദ്ദേഹത്തിനെ ഒരുപിടി അഭിമുഖങ്ങളും കച്ചേരികളും യൂടൂബിലുണ്ട്. കേട്ട് നോക്കൂ. നിങ്ങൾക്കും അത് തന്നെ തോന്നും.

( ബ്രാഹ്മണ സമുദായത്തെ പേരെടുത്തു പറഞ്ഞിരിക്കുന്നത് അവരെ ആക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. കൃഷ്ണയും അത് ഉദ്ദേശിച്ചിട്ടില്ല. ജാതിപരമായ മുൻവിധികൾ മാറ്റിവച്ചു മറ്റുള്ളവരും ആ സംഗീതത്തിലേയ്ക്ക് വരണമെന്നും വളരണമെന്നും മാത്രമാണ് അദ്ദേഹം ലക്ഷ്യമിടുന്നത് )

Be the first to comment on "ഗായകനായ കൃഷ്ണയേക്കാൾ വിപ്ലവകാരിയായ ടി.എം. കൃഷ്ണ"

Leave a comment

Your email address will not be published.


*