അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

Sanuj Suseelan

എന്റെ ഒരു സുഹൃത്തിന്റെ അനുജത്തി വടക്കേ ഇന്ത്യയിൽ എവിടെയോ നഴ്‌സിംഗിന് പഠിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം ആ കുട്ടിയുടെ കോളജിനടുത്ത് എന്തോ വർഗീയ ലഹളയുണ്ടായത് . ഹോസ്റ്റൽ എല്ലാം അടച്ചതുകൊണ്ടു അടുത്ത ദിവസം തന്നെ വീട്ടിലേയ്ക്കു തിരിക്കണം. ട്രെയിൻ കടന്നു പോകുന്ന കുറച്ചു പ്രദേശങ്ങളിൽ ലഹള പടർന്നിട്ടുണ്ട്. അവിടെ അവർക്കു ആകെയുള്ള പരിചയക്കാരൻ അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവനും കുടുംബവുമാണ്. കുട്ടിയെ വീട്ടിലെത്തിക്കാനുള്ള ചുമതല അമ്മാവൻ സ്വയം ഏറ്റു. സുരക്ഷിതയായി കുട്ടിയെ പുള്ളി വീട്ടിലെത്തിക്കുകയും ചെയ്തു. അതിനു ശേഷമാണു ആ രണ്ടു ദിവസം അനുഭവിച്ച ടെൻഷൻ അവൻ തുറന്നു പറഞ്ഞത്. ലഹളക്കാരേക്കാൾ അമ്മാവനെയായിരുന്നുവത്രെ അവർക്കു പേടി. സ്ത്രീ വിഷയത്തിൽ അത്രയ്ക്കുണ്ടായിരുന്നു പുള്ളിയുടെ കുപ്രസിദ്ധി. എന്തിന് , അയാളാണ് കുട്ടിയെ വീട്ടിലെത്തിച്ചതെന്നു പോലും അവർ ആരോടും പറഞ്ഞില്ല. അങ്കിൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഇതൊക്കെ ഓർമ വന്നു. നല്ല രീതിയിൽ ഇഴച്ചിലുള്ള ചിത്രമാണ്, വെറുമൊരു മെസ്സേജ് കൊടുക്കാൻ വേണ്ടി ഒരുപാടു വലിച്ചു നീട്ടി എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഒരുപാടു വായിച്ചിട്ടു കണ്ടതുകൊണ്ടാണോ എന്നറിയില്ല അങ്ങനെ എനിക്ക് തോന്നിയില്ല. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.

ഊട്ടിയിലെ ഒരു സമരത്തെത്തുടർന്ന് വീട്ടിലേക്കു പോകാൻ വേണ്ടി ബസ്സ് കാത്തു നിൽക്കുന്ന ശ്രുതിയുടെ മുന്നിലേക്കാണ് അച്ഛന്റെ സുഹൃത്തായ കൃഷ്ണകുമാർ എന്ന കെ കെ അവതരിക്കുന്നത്. കോഴിക്കോട്ടെത്തിക്കാം എന്നുപറഞ്ഞു അവളെ അയാൾ വണ്ടിയിൽ കയറ്റി യാത്ര തിരിക്കുന്നു. കുന്നും കുഴിയും കാടും മലയുമിറങ്ങിയുള്ള അവരുടെ യാത്രയാണ് കഥയുടെ ഭൂരിഭാഗവും. മേല്പറഞ്ഞതു പോലെ സ്ത്രീകളുടെ കാര്യത്തിൽ അത്യാവശ്യം കുപ്രസിദ്ധിയുള്ള അയാളുമൊത്താണ് മകൾ വന്നുകൊണ്ടിരിക്കുന്നതെന്നറിഞ്ഞ അവളുടെ അച്ഛൻ വിജയൻ സ്വാഭാവികമായും ടെൻഷനിലായി. മറ്റുള്ളവർ പേടിക്കുമെന്നതുകൊണ്ടു ഭാര്യയോട് അതൊക്കെ മറച്ചു വച്ചതിനു ശേഷം ഉറക്കമൊഴിഞ്ഞു മകൾക്കു വേണ്ടി അയാൾ കാത്തിരിക്കുന്ന ഒരു രാത്രി. മറുവശത്ത് ഇരുളിൽ വനത്തിൽ കൂടി ഏതൊക്കെയോ ഊടുവഴികളിൽ ഓടിക്കൊണ്ടിരിക്കുന്ന ആ വണ്ടി. അപകടം എപ്പോൾ സംഭവിക്കുമെന്ന ആശങ്കയിൽ പ്രേക്ഷകരും വിജയനൊപ്പം സഞ്ചരിക്കുന്നു. നാടുകാണി ചുരത്തിലൂടെയും ഗുണ്ടൽപ്പേട്ടിലൂടെയുമൊക്കെ ഇതുപോലെ ഒരുപാടു തവണ വണ്ടിയോടിച്ചിട്ടുള്ളത് കൊണ്ടാവാം ആരംഗങ്ങൾ ഒരുപാട് ഓർമ്മകൾ മനസ്സിലേയ്ക്ക് കൊണ്ടുവന്നു.

Image result for uncle malayalam movie

ഒരുപക്ഷെ ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ കുഴപ്പവും. ഇത്തരം സാഹചര്യങ്ങൾ പരിചയമില്ലാത്ത ഒരാൾക്ക് ആദ്യപകുതി സാമാന്യം നല്ല ബോറടിയായി തോന്നും. പക്ഷെ അവരുടെ ആ യാത്ര നല്ല രസകരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. കെ കെയും ശ്രുതിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും മനോഹരമായ ചില നിമിഷങ്ങളും ചിത്രത്തിൽ അവിടവിടെയായുണ്ട്. അതെല്ലാം ആസ്വദിക്കുമ്പോഴും അയാൾ ആ കുട്ടിയെ എപ്പോഴാണ് ഉപദ്രവിക്കാൻ പോകുന്നതെന്ന ഒരു ഭയവും ഉടനീളമുണ്ടാവും. കൃഷ്ണകുമാറിന് ശ്രുതിയോടുള്ളത് സ്നേഹമാണോ വാത്സല്യമാണോ കാമമാണോ എന്ന് പെട്ടെന്ന് മനസ്സിലാവാത്ത രീതിയിലാണ് അതൊക്കെ വർക്ക് ചെയ്തിരിക്കുന്നതും.

അതുപോലെ തന്നെ ചിത്രത്തിന്റെ അവസാനം നടക്കുന്ന സംഭവത്തിലെ മെസ്സേജ് കാണിക്കാനാണ് ഇത് ഇത്രയും “വലിച്ചു നീട്ടിയിരിക്കുന്നത്” എന്ന അഭിപ്രായത്തോടും വ്യക്തിപരമായി യോജിക്കുന്നില്ല. ആ മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്.

ജോയ്‌മാത്യു എന്ന സിനിമാക്കാരനെക്കാൾ ഇഷ്ടം ജോയ് മാത്യു എന്ന എഴുത്തുകാരനെയും മനുഷ്യനെയുമാണ്. ജീവിതത്തിൽ ഒരുപാട് സാഹസങ്ങൾ ചെയ്തിട്ടുള്ളയാളായതുകൊണ്ടാവാം അദ്ദേഹത്തിന്റെ എഴുത്തിന് സത്യസന്ധതയുടെയും നന്മയുടെയും ഒരു മണമുണ്ട്. പൂനാരങ്ങാ എന്ന പുസ്തകത്തിൽ വായിച്ച രസകരമായ കഥകളിലെ സംഭാഷണങ്ങളുടെ ഒരു സ്വാഭാവം ഇതിലും കുറച്ചൊക്കെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേക്കേയും ശ്രുതിയുമൊത്തുള്ള ആ യാത്ര എവിടെ എങ്ങനെ അവസാനിക്കും എന്ന ആശങ്ക കൊണ്ടുവന്നിരിക്കുന്നത് പ്രകടമായ സംഗതികളിലൂടെയല്ല. നമ്മുടെ മനസ്സിലേയ്ക്ക് അങ്ങനെയൊരു ചിന്ത കൊണ്ടുവന്നിരിക്കുകയാണ്. അത് മനഃപൂർവം ചെയ്തതാണോ അതോ ആദ്യത്തെ പ്ലാൻ പാളിയപ്പോൾ പറ്റിയതായോ എന്നറിയില്ല. പക്ഷെ ഇതാണ് കുറച്ചു കൂടി നല്ല ട്രീറ്റ്‌മെന്റ് ആയി എനിക്ക് തോന്നിയത്. കെ കെ ഏതു തരത്തിലുള്ള ആളാണെന്ന ആശയക്കുഴപ്പം ഉടനീളം നിലനിർത്താൻ അതുകൊണ്ടായിട്ടുണ്ട്. ജോയ് മാത്യുവിന്റെ ബലഹീനതകളായ കോഴിക്കോടിന്റെ നന്മയും ശോഭീന്ദ്രൻ മാഷുമൊക്കെ ഇതിലും അവിടവിടെ വന്നു പോകുന്നുണ്ട്. ഗിരീഷ് ദാമോദരൻ പണിയറിയാവുന്ന സംവിധായകൻ തന്നെയാണെന്ന് തോന്നുന്നു. ചെറിയ പാളിച്ചകൾ ഒക്കെയുണ്ടെങ്കിലും അദ്ദേഹം ജോലി നന്നായി ചെയ്തിട്ടുണ്ട്.

മമ്മൂട്ടി അടുത്ത കാലത്ത് ചെയ്ത ഏറ്റവും നല്ല വേഷങ്ങളിലൊന്നാണ് ഇതിലെ കൃഷ്ണകുമാർ എന്ന അങ്കിൾ. ട്രെയ്‌ലർ വന്നപ്പോൾ ഞാൻ വിചാരിച്ചത് പണ്ട് മമ്മൂട്ടി തന്നെ അഭിനയിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പായിരിക്കുമോ ഇതെന്നാണ്. പക്ഷെ അതൊന്നുമല്ല കൃഷ്ണകുമാർ. തനിക്കു മാത്രം സാദ്ധ്യമായ ചില നുറുങ്ങു വിദ്യകളിലൂടെ മമ്മൂട്ടി ആ കഥാപാത്രത്തെ മനോഹരമാക്കി ( മേക്കപ്പ് പാളിപ്പോയെങ്കിലും )

Image result for uncle malayalam movie

കാർത്തിക മുരളീധരനെ അവസാനം കണ്ടത് സി ഐ എ എന്ന ചിത്രത്തിലാണ്. ഒരു അഭിനേതാവെന്ന നിലയിൽ കാർത്തിക ബഹുദൂരം മുന്നേറിയിരിക്കുന്നു. സ്വന്തം ഡബ്ബിങ്ങും ആണെങ്കിൽ കാർത്തികയുടെ പ്രകടനം ഒന്നാംതരം എന്ന് വേണം വിശേഷിപ്പിക്കാൻ. ചെറിയ ഒരു പെൺകുട്ടിയുടെ കുസൃതിയും ഭയവും സന്തോഷവും സങ്കടവും എല്ലാം സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന് പറ്റിയ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു കാർത്തിക. ( ദുൽഖറിനോടും അപ്പനായ മമ്മുക്കയോടും രണ്ടു ചിത്രങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടിയ ആദ്യ നായികയാവും കാർത്തിക എന്നൊരു മമ്മുക്ക ഫാൻ പറഞ്ഞപ്പോഴാണ് ഓർമ വന്നത്. ഹി ഹി )

രചയിതാവായ ജോയ് മാത്യു അവതരിപ്പിച്ച വിജയനിൽ ചെറിയ കല്ലുകടി അനുഭവപ്പെട്ടിരുന്നു. ശ്രുതിയുടെ അമ്മയായ ലക്ഷ്മിയെ മുത്തുമണി മിന്നുന്ന പ്രകടനത്തിലൂടെ ഭംഗിയാക്കി. ശ്രദ്ധിച്ചിട്ടുണ്ടോ, ചിലപ്പോഴൊക്കെ ആണുങ്ങൾ തളർന്നു പോകുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾ അസാധാരണമായ ധൈര്യം കാണിച്ചു മുന്നോട്ടു വരുന്നത് ? ഒരു സാധാരണ അമ്മയായി തോന്നിപ്പിക്കുന്ന ലക്ഷ്മി സംഘർഷം നിറഞ്ഞ ഒരു സാഹചര്യത്തിൽ ഭർത്താവിനേക്കാൾ കരുത്തു കാണിക്കുന്നത് അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതിന്റെ ഫുൾ ക്രെഡിറ്റും എഴുത്തുകാരന് അവകാശപ്പെട്ടതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയെ പോലെ തന്നെ ലക്ഷ്മിയെയും കാണാവുന്നതാണ്.

ബിജിബാൽ ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് സിനിമയിൽ. മമ്മൂട്ടിയെ കൊണ്ട് പാടിച്ച ഗാനം ബോറാകാതെ സൂക്ഷിച്ചതിനു ബിജിബാലിന് നന്ദി. “ഈറൻ മാറുമോമൽ ..” ഈയടുത്ത കാലത്തു വന്ന നല്ല ഈണങ്ങളിലൊന്നാണ്.

Be the first to comment on "അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ"

Leave a comment

Your email address will not be published.


*