തട്ടിപ്പ് കാണിച്ചാണ് മലപ്പുറത്തെ കുട്ടികൾ ജയിക്കുന്നതെന്നു വിഎസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട്

Naseel Voici
എസ്എസ്എല്‍സി ഫലം പുറത്ത് വന്നതോടെ, മലപ്പുറത്തെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയതോടെ വീണ്ടും ഇതൊക്കെയാണ് ചര്‍ച്ച. ഉണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. എന്താണ് സംഭവമെന്നറിയാന്‍ വെറുതേ ചെറിയൊരു അന്വേഷണം നടത്തി. ‘ദി ഹിന്ദു’ പത്രത്തിന്റെ ആര്‍ക്കൈവ്സ് മാത്രമേ ഓണ്‍ലൈനില്‍ കിട്ടിയുള്ളു. മലയാള പത്രങ്ങളുടെ ലൈബ്രറിയില്‍ കൂടുതല്‍ വിവരങ്ങളുണ്ടാവാം.
ഏതായാലും സംഭവമിതാണ് – വര്‍ഷം 2005. മുസ്ലിം ലീഗിലെ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പത്ര സമ്മേളനം നടത്തി. (തീയതി: ഏപ്രില്‍ 24, ഞായറാഴ്ച, സ്ഥലം: തിരുവനന്തപുരം). നാല് വര്‍ഷം നീണ്ട യുഡിഎഫ് ഭരണത്തില്‍ പൊതു പരീക്ഷാ സംവിധാനം തകിടം മറിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട(!) ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ വകുപ്പിലെ തട്ടിപ്പുകളുടെ  ഒരു ചെറിയ ഭാഗം മാത്രമാണെന്നും. അന്വേഷണം നടത്തണമെന്നും അങ്ങനെ ചെയ്താല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച (കുതിപ്പ്) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു
ഈ അവസാന ഭാഗമുണ്ടല്ലോ, ആ ആരോപണം, അതാണ് വിഷയം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെയും നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നതിനിടെ, ആ തട്ടിപ്പുകളുടെയെല്ലാം ഭാഗമാണ്, അല്ലെങ്കില്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മലപ്പുറത്തെ വിദ്യാര്‍ഥികളുടെ വിജയശതമാനത്തിലുണ്ടായ കുതിപ്പ് എന്ന് പറഞ്ഞതാണ് പോയിന്റ്.
അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന പാലോളി മുഹമ്മദ് കുട്ടി ഈ ആരോപണത്തെ ഞങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ല എന്ന് പറഞ്ഞ് തള്ളിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച്, വിഎസ് പറഞ്ഞതിലും കാര്യമില്ലാതില്ല എന്ന് പറഞ്ഞുകൊണ്ട് ഹിന്ദുവില്‍ ഗൗരിദാസന്‍ നായര്‍ ലേഖനമെഴുതി. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്ക ജില്ലയായ മലപ്പുറത്ത് മുന്‍വര്‍ഷങ്ങളില്‍ വിജയിച്ചതിനേക്കാള്‍ കുട്ടികള്‍ ജയിക്കുന്നുണ്ടെന്നും (എസ്എസ്എല്‍സി, എന്‍ട്രന്‍സ്) അങ്ങനെ സ്റ്റാറ്റിറ്റിക്സ് നോക്കിയാല്‍ വിഎസിന്റെ ആരോപണം തള്ളിക്കളയാനാവില്ലെന്നുമായിരുന്നു അതിലെ പ്രധാന കണ്ടെത്തല്‍! ഏത് പിന്നാക്കം നിന്നവര്‍ മുന്നോട്ട് വന്നതില്‍, വരുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന്!

Be the first to comment on "തട്ടിപ്പ് കാണിച്ചാണ് മലപ്പുറത്തെ കുട്ടികൾ ജയിക്കുന്നതെന്നു വിഎസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട്"

Leave a comment

Your email address will not be published.


*