സവർണ്ണ യുക്തിവാദം അൺലിമിറ്റഡ് : രവിചന്ദ്രൻ വേർഷൻ

കിരൺ കൃഷ്ണൻകുട്ടി

ആര്യന്മാരുടെ അധിനിവേശവും ഭരണ മേഖലയിലെ എത്തിപെടലും ഒരു ദിവസം കൊണ്ടോ ഒരു നൂറ്റാണ്ടു കൊണ്ടോ ഉണ്ടായതല്ലായിരുന്നു. കൃത്യമായി അവർ തദ്ദേശീയ ജനതയുടെ ആത്മീയമേഖലകളിൽ കടന്നു കൂടുകയും, തൽഫലമായി അവരുടെ വിശ്വാസ പ്രമാണങ്ങൾ തദ്ദേശീയ വിശ്വാസങ്ങളിൽ ലയിപ്പിക്കുകയും ആയിരുന്നു.വിശ്വാസങ്ങളെ തങ്ങൾക്കു അനുകൂലമാക്കി ഒരുജനതയുടെ സംസ്കാരത്തെ തന്നെ കൈയ്യടക്കിയ വിദ്വാൻമാരായ ആര്യന്മാർ, ഇന്ന് ആദിമ ജനതയുടെ തിരിച്ചറിവുകളെ ഭയപ്പെടുന്നു.തങ്ങളുടെ മതം യുക്തി ചിന്തയിൽ അധിഷ്ഠിതമായ ആശയങ്ങൾ അടങ്ങിയ ബുദ്ധമത വിശ്വാസം ആണെന്നും തങ്ങളെ അടിമകൾ ആക്കിയ ഹൈന്ദവ സംസകാരത്തെ മാറ്റിനിർത്തപ്പെടേണ്ടതാണന്നും, ഇന്ത്യയിലെ ആദിമ ജനത മനസിലാക്കി തുടങ്ങി എന്നുള്ളതാണ്. അന്ന് വിശ്വാസങ്ങളിൽ കടന്നു കൂടിയ അതെ ബുദ്ധിതന്നെ ഇന്നും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിന്റെ ബാക്കി പത്രമായി കാണാൻ സാധിക്കൂ, സവർണ യുക്തിവാദികളെയും അവർ നയിക്കുന്ന യുക്തി വാദ പ്രസ്ഥാനങ്ങളെയും.

യുക്തിവാദം പറയുകയും ഹിന്ദുത്വത്തിലെ ജാതീയമായ പ്രിവിലേജ് ഇഷ്ട്ടപെടുകയും, (ഇന്ത്യയിൽ പിന്നീട് കടന്നു വന്ന മതങ്ങളും വ്യത്യസ്തമല്ല) തരം കിട്ടുമ്പോൾ ഭരണ ഘടന അനുശാസിക്കുന്ന അവകാശങ്ങളെ വരെ ചോദ്യം ചെയ്യുന്നു. ആദ്യ നൂറ്റാണ്ടുകളിൽ നമ്മളെ എങ്ങനെ അടിമകൾ ആക്കിയോ, അതെ മാർഗം തന്നെ സ്വീകരിക്കുന്നതു നാം മനസിലാക്കേണ്ടിയിരിക്കുന്നു.

ഓരോ കാലഘട്ടങ്ങളിലും ഇവിടുത്തെ സവർണർ ഫാസിസ്റ്റുകൾക്ക് എതിരെ നിലപാടുകൾ സ്വീകരിക്കുന്ന, ജനങ്ങൾക് വേണ്ടി സംസാരിക്കുന്നു എന്ന നിലയിൽ ഉയർത്തി കൊണ്ട് വരുന്ന വ്യക്തിത്വങ്ങളിൽ ഒരാൾ മാത്രമായാണ്, ദലിത് വിരുദ്ധ നിലപാടുകളിൽ നിന്നും യുക്തൻ നായരേ മനസിലാക്കാൻ സാധിക്കുന്നത്. ദൈവം ഇല്ല പ്രസ്ഥാനം, അധസ്ഥിതന്റെ ചോരയിൽ വളർന്നുവന്നപ്പോൾ അതിന്റെ മുകളിൽ കസേരയിട്ടു ബ്രാഹ്മണനെ പ്രതിഷ്ഠിച്ചപോലെ, ദൈവവിശ്വാസങ്ങളെ, പ്രത്യേകിച്ചും ബ്രാഹ്മണ വിശ്വാസപ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന, വിദ്യാഭ്യാസമുള്ള ഒരു തലമുറ ഉയർന്നു വരുന്ന സാഹചര്യത്തിൽ കൃത്യമായ ഒരു പ്രതിഷ്ട നടത്താൻ നോക്കുന്നതിന്റെ പ്രതിഫലനം ആണ് പ്രൊഫസർ രവി ചന്ദ്രനെ പോലെ ഉള്ളവർ. തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാത്ത, തനിക്കു വേണ്ടിയും വാദിക്കുവാൻ ഫാൻസ്‌ ഉണ്ടെന്ന തോന്നലിൽ നിന്നും ഒക്കെ പൂച് പുറത്തു ചാടിയെന്നു മാത്രം സ്വതന്ത്ര ചിന്തകരെന്നും, യുക്തി വാദികൾ എന്നും വിശ്വസിക്കുന്ന പലരിലെയും ദലിത് വിരുദ്ധത ‘അണ്ടിയോട് അടുക്കുമ്പോളെ മാങ്ങയുടെ പുളി’ എന്നു പറയുംപോലെ ആണ്. സ്വസമുദായത്തിനു പ്രിവിലേജ് നഷ്ടപ്പെടും എന്നു ബോധ്യമാകുന്ന അവസരങ്ങളിൽ കൃത്യമായ ഇടപെടലുകൾ സമൂഹത്തിൽ നടത്തുവാനും, പൊതു ചിന്തയെ അത്രയും നാൾ നേടിയെടുത്ത വിശ്വാസ്യതയിലൂടെ മാറ്റിയെഴുത്തുവാനും എന്നുള്ള മനോഭാവം മാത്രമാണ്, ഇത്തരത്തിലുള്ള പരാമർശനങ്ങളിലൂടെ നടത്താൻ ശ്രമിക്കുന്നത്.

ഇന്നുവരെയും യുക്തി വാദ ചിന്തകളെയോ, സ്വതന്ത്ര നിലപാടുകളെയോ പ്രോത്സാഹിപ്പിക്കാത്ത മാധ്യമങ്ങൾ പോലും, അധസ്ഥിതന്റെ മേലുള്ള കടന്നുകയറ്റതെ, അവകാശ നിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ യുക്തി വാദ പരാമർശങ്ങൾ എന്ന ലേബലിൽ നിഷ്കളങ്കമായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന എത്ര മനോഹരമായ ആചാരങ്ങൾ.

യുക്തിവാദി ആയാൽ സാമൂഹ്യ സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും, അതു നിലനിൽക്കുന്ന ജാതി വ്യവസ്ഥയെ തകർക്കുമെന്നും പറയുന്നത്, കമ്മ്യൂണിസ്റ്റായാൽ, അല്ലെങ്കിൽ നമ്മൾ എല്ലാം ഹിന്ദുവാണ് എന്നു ഹിന്ദുത്വ അജണ്ട ഉയർത്തുന്ന വാദം പോലെ അടിസ്ഥാന രഹിതമായ കണ്ടെത്തലുകൾ മാത്രമാണ്. ഇന്നും വിഭവധികാര ശ്രണിയിൽ നിന്നും പുറം തള്ളപ്പെട്ടു നിൽക്കുന്ന ഒരു സമൂഹം യുക്തി ചിന്തകൾ ഏറ്റെടുത്തു മുന്നോട്ടുവരുന്നവർ അധികാര മേഖലകളിൽ എത്തി പെടുവാൻ ഉള്ള തങ്ങളുടെ അവകാശത്തെ ത്യജിച്ചാൽ ആ സമൂഹം ജാതി രഹിത സമൂഹം ആകും എന്നതിലെ നിഷ്കളങ്കമായ യുക്തി ബോധം ബോധമില്ലാത്ത മനുഷ്യരുടെ അടുത്ത് മതി.ഇവിടെ തങ്ങളുടെ അവാക്ശങ്ങളെയും,അധികാരപങ്കാളിത്തം നേടുന്നതിലൂടെ തങ്ങൾക്കു കിട്ടാവുന്ന വിഭവാധികാര നേട്ടങ്ങളെയും കുറിച്ച് ബോധ്യമുള്ള, വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു വരുന്നുണ്ട്. പ്രാദേശിക വിഷയങ്ങൾ പോലും അന്താരാഷ്ട്ര ഇടപെടൽ ആണെന്ന് കരുതുന്നത് പോലെ ആണ് എല്ലാം ബ്രഹ്മണ്യത്തിൽ ആണ് എന്നു സമർത്ഥിക്കുന്നത്, എന്തു ബാലിശമായ കണ്ടെത്തൽ ആണ്, ഒരു യുക്തിയും ഇല്ലാത്ത കണ്ടെത്തൽ എന്നേ പറയുവാൻ ഉള്ളൂ, രാജ്യത്തെ രാഷ്ട്രീപാർട്ടികളിലും, അധികാരം കേന്ദ്രങ്ങളിലും, നീതിപീഠം, ഔദ്യോഗിക മണ്ഡലങ്ങളിലും 3-5%വരുന്ന ബ്രഹ്മണ്യം ഉള്ളവർ ഭരിക്കുമ്പോൾ ആണെന്ന് കൂടി ഓർക്കണം ഈ പ്രസ്താവന.ഫാസിസം വരുന്നേ വരുന്നേ എന്നു പറഞ്ഞു അധികാരത്തിൽ കയറിയവർ, സംസഥാനത്തു ഫാസിസ്റ്റുകളെക്കാൾ മുന്നിൽ നിന്നും ദലിതുകളെ പീഡിപ്പിക്കുന്ന അവസ്ഥയാണ്.എന്തു കൊണ്ട് എന്നു മനസിലാകണം എങ്കിൽ ഭരണ വർഗ പാർട്ടിയുടെ കേന്ദ്ര തലങ്ങളിലെ ജാതി അന്വേഷണം മാത്രം മതി. സാഹചര്യം എല്ലാം എതിരായിട്ടും അധസ്ഥിത ജനതയുടെ പ്രത്യാശ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ തന്നെയാണ്, ആ അവകാശങ്ങളെ യുക്തി ബോധത്തിന്റെ മറവിൽ തച്ചുടയ്ക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട.

Be the first to comment on "സവർണ്ണ യുക്തിവാദം അൺലിമിറ്റഡ് : രവിചന്ദ്രൻ വേർഷൻ"

Leave a comment

Your email address will not be published.


*