https://maktoobmedia.com/

ജിനേഷ്…

അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. ജിനേഷ് മടപ്പള്ളിയെന്ന കവിയെയും കൂട്ടുകാരനെയും മലയാളിക്ക് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ദിവസം ജിനേഷ് മടപ്പള്ളി യാത്രയായി.

വടകര ഒഞ്ചിയം യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷ് മടപ്പള്ളി ഇതേ സ്‌കൂളിനുള്ളില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു ജിനേഷിന്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ടി ഐ എം ട്രെയിനിങ് കോളേജ് നാദാപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്പ് തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. മുറുവശ്ശേരി പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കവിതകള്‍ പലതും ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ജിനേഷിനെ സുഹൃത്തുക്കൾ ഓർക്കുന്നു

കവി ശൈലൻ , ജിനേഷിനെ അനുസ്‌മരിച്ചെഴുതി :

” ജിനേഷ്..,

നീ പോവേണ്ടായിരുന്നു..

അത്രമേൽ സങ്കടം തോന്നുന്നു,
ഒരു വേർപാടിലും പതിവില്ലാത്ത വിധം..

അത്രബന്ധമൊന്നും നമ്മൾ തമ്മിലില്ലായിരുന്നു..
പക്ഷേ
കണ്ടുമുട്ടുമ്പോഴൊക്കെയുള്ള ശൈലേട്ടാ..എന്ന നിന്റെ കൊച്ചുകുഞ്ഞിനെപ്പോലെയുള്ള നിഷ്കപടമാം സ്നേഹം..
നമ്മുടെ ആലിംഗനങ്ങൾ..

ഓർക്കുമ്പോൾ നിറയുന്നു..

നീ പോവേണ്ടായിരുന്നു..

വിട ”

രാഘുനാഥൻ കൊളത്തൂർ എഴുതി :

” കവി ജിനേഷ് മടപ്പള്ളി
ഇനി കവിതയെഴുതുകയോ
കവിയരങ്ങുകളിൽ
പങ്കെടുക്കുകയോ ഇല്ല
പുസ്തകശാലയിലോ
സാഹിത്യ സമ്മേളനങ്ങളിലോ
വെച്ച് ഇനി കണ്ടുമുട്ടുകയുമില്ല…
സൗമ്യമായ ഒരു ചിരി
ഒരു സ്പർശം…
ഇനി അയാളിൽ നിന്നും
പ്രതീക്ഷിക്കരുത്……..
ഓരോ സുഹൃത്തുക്കൾക്കും
അയാൾ പകർന്ന സ്നേഹത്തെ ഓർത്തോർത്ത് വിങ്ങുന്ന ഹൃദയവുമായ്
ജീവിക്കുക………..
അയാൾ സ്വസ്ഥനായ് ഉറങ്ങട്ടെ”

ജിനേഷിനെ അനുസ്മരിച്ച് ദീപ നിഷാന്ത് കുറിച്ചു :

” വടകര ടൗൺഹാളിൽ വെച്ച് ലിജീഷും ബിജുവുമാണ് ജിനേഷിനെ പരിചയപ്പെടുത്തിത്തന്നത്… അയാളുടെ പുസ്തകപ്രകാശനമായിരുന്നു തലേന്ന്.. അത്രമേൽ ഹൃദ്യവുംസൗമ്യവുമായിരുന്നു ജിനേഷിൻ്റെ പെരുമാറ്റം…

അയാളങ്ങ് പോയെന്ന് വിശ്വസിക്കാനാവുന്നില്ല…

മരണഗന്ധമുള്ള ആ വരികൾ ഉള്ള് പൊള്ളിക്കുന്ന പോലെ…

ജിനേഷ് എഴുതിയതു പോലെ,

“കൊല്ലപ്പെട്ടതിനു ശേഷം
എഴുതപ്പെടുന്ന കവിതകൾ
വൈകിയെത്തിയവയാണ്

നേരേത്തേ പുറപ്പെടാഞ്ഞതിന്‍റെ
കുറ്റബോധവും പേറിയാണ് അത് വരുന്നത്….”

പ്രിയപ്പെട്ടവനേ,

കവിതയിലൂടെ ചിരംജീവിയായി വാഴ്ക…”

കവിയും സുഹൃത്തുമായ ശ്രീജിത്ത് അരിയല്ലൂർ ജിനേഷിനെ ഓർത്തെഴുതി “

” 2018 ഏപ്രിലിലെ രണ്ടാം വാരത്തിൽ എപ്പോഴോ ആണ്
ലിജീഷ് കുമാർ
എന്നെ ഫോൺ വിളിക്കുന്നത്.
അപ്പോൾ എടുക്കാൻ പറ്റിയില്ല.
തിരിച്ചു വിളിച്ചപ്പോൾ
പ്രശോഭ് ആണ് ഫോൺ എടുത്തത്.
അവൻ പറഞ്ഞു;
“ശ്രീജിത്തേട്ടാ…ജിനേഷ് മടപ്പള്ളിയുമായി കുറച്ചു നേരം സംസാരിക്കണം.അവന്റെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കണം”…!

ആ വിളി വരുമ്പോൾ ഏറ്റെടുത്ത
പൊതു പരിപാടികളുടെ തിരക്കിലായിരുന്നു ഞാൻ.
എങ്കിലും പെട്ടന്ന് ഒരു ദിവസം
എല്ലാവരും കൂടി വീട്ടിലേക്ക് വരാമെന്നു പറഞ്ഞു.
പ്രശോഭ് വീണ്ടും വിളിച്ചു.
ആ ഇടയ്ക്കാണ് എനിക്ക്
ആശാൻ പുരസ്കാരം ലഭിക്കുന്നത്.
അത് വാങ്ങി വന്നാൽ
ഉടൻ ഇരിക്കാമെന്നു ഞാൻ പറഞ്ഞു.
പോകും മുൻപുള്ള ദിവസങ്ങളിൽ ഒന്നും അവർക്ക് വരാനും പറ്റിയില്ല.
ഏപ്രിൽ 30 ന് എങ്ങാനും
ജിനേഷ് തന്നെ നേരിട്ട് വിളിച്ചു.
ഞാൻ ആശ്വസിപ്പിച്ചു…
ധീരനായി ഇരിക്കാൻ പറഞ്ഞു.
ഞാൻ അന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആണ്.

പുരസ്‌കാരം വാങ്ങി നേരെ ഞാൻ വന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടക്കുന്ന എന്റെ അച്ഛന്റെ അടുത്തേക്ക്…
ഇപ്പോഴും അവിടെ ഇരിക്കുന്നു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷം ലിജീഷ് എന്നെ വിളിച്ചു ചോദിക്കുന്നു ;
“ജിനേഷ് വന്ന് ക്കോ ഇങ്ങളെ അടുത്ത്” എന്ന്…!
ഞാൻ പറഞ്ഞു ;ഞാൻ വീട്ടിലില്ല… ആശുപത്രിയിൽ തന്നെ എന്ന്.

മനസ്സിൽ ഭീതി പടർന്നെങ്കിലും
ലിജീഷിനെ ഞാൻ ആശ്വസിപ്പിച്ചു.
ജിനേഷ് ആത്മഹത്യ ചെയ്യില്ല
എന്ന പ്രതീക്ഷയിൽ
ഞാൻ ലിജീഷിനോട് ധൈര്യമായി ഇരിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.

ഇതാ ഇപ്പോൾ ഈ ഞായറിന്റെ പുലർച്ചയിൽ പ്രതാപേട്ടന്റെ മെസ്സേജ്…
ജിനേഷ് മടപ്പള്ളി പോയെന്ന്…!

ഇന്നലെ രാത്രി
പഠിപ്പിക്കുന്ന സ്കൂളിൽ പോയി തൂങ്ങിമരിച്ചു…!

ചില ഭീതികളിൽ ആയിരുന്നു അവന്റെ മനസ്സ്.
മറികടക്കാൻ ആയില്ല.
അവൻ അത് ചെയ്തു.

രണ്ടായിരത്തിന്റെ തുടക്കം തൊട്ട് എത്ര കവിതകളാണ് എനിക്കയച്ചു തന്നത്.

മുറ്റത്തിൽ അവന്റെ കവിതയില്ലാത്ത ലക്കങ്ങൾ കുറവായിരുന്നു.
‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സിൽ പോകുമ്പോൾ’…!
അങ്ങിനെ എത്രയെത്ര…!
അവന്റെ വീട്ടിൽ പോയിട്ടുണ്ട്.
അച്ഛൻ അന്നില്ലായിരുന്നു.
അമ്മ പിന്നീട് മരിച്ചു.
പെങ്ങളുടെ കല്ല്യാണത്തിന് പോയതാണ് ഒടുവിൽ…!

അവന്റെ കണ്ണുകളും സംശയങ്ങളും കാരണം ഞാൻ കളിയാക്കി
“അപസ്‌മാർ മടപ്പള്ളി”
എന്ന് വിളിക്കുമായിരുന്നു.
ഇടക്ക് ഞാൻ ജിനേഷ് എന്ന് വിളിക്കുമ്പോൾ അവൻ പറയുമായിരുന്നു.
“ശ്രീജിത്തേട്ടാ…ഇങ്ങള് അപസ്‌മാർ മടപ്പള്ളീന്ന് വിളിച്ചാൽ മതിയെന്ന്…!

അവസാനം കണ്ടത്
അവന്റെ പുസ്തക പ്രകാശനത്തിന് പോയപ്പോൾ…?!
ഒന്നും ഓർക്കാനാവുന്നില്ല…!

‘അപസ്‌മാർ മടപ്പള്ളി’…വിട…!”

Be the first to comment on "ജിനേഷ്…"

Leave a comment

Your email address will not be published.


*