കത്വ : എമ്മ വാട്ട്സൺ സ്വപ്‌നത്തിൽ വന്നപ്പോൾ

ഹനാൻ ബിൻത് ഉസ്‌മാൻ

കത്വ വിഷയത്തിൽ അഡ്വ.ദീപികയെ പിന്തുണച്ച് കൊണ്ടുള്ള എമ്മ വാട്സന്റെ ട്വീറ്റിനെ കുറിച്ചു വാർത്തകളും പോസ്റ്റുകളും ഫേസ്ബുക്കിൽ പലതു കണ്ടു. ഇന്നലെത്തന്നെ വാർത്ത കണ്ടിരുന്നുവെങ്കിലും പല പേജുകളും സുഹൃത്തുക്കളും അത് ഷെയർ ചെയ്ത് കണ്ടതോടെ സംഭവം വൈറൽ ആയെന്ന് മനസ്സിലായി. ഇന്നുച്ചയ്ക്ക് ശേഷം ഡെന്റൽ ക്ലിനിക്കിൽ വെറുതെ ന്യൂസ് ഫീഡ് നോക്കി ഇരിക്കുകയായിരുന്നു. വീണ്ടും അത്തരമൊരു പോസ്റ്റ് കണ്ണിൽ പെട്ടപ്പോഴാണ് മിനിഞ്ഞാന്നോ അതിനു മുന്നത്തെയോ രാത്രിയിൽ കണ്ട സ്വപ്നത്തെക്കുറിച്ചോർമ്മ വന്നത്.

മഴയും നല്ല ഇടിമിന്നലുമുണ്ടായിരുന്ന രാത്രിയിൽ ഉറക്കം വരാതെ അട്ടം നോക്കിയിരുന്ന് ഉറങ്ങിപ്പോയതിനിടയിൽ കണ്ടതാണ്. ഹാരി പോട്ടർ ആദ്യ സിനിമയാണ് ഇതിവൃത്തം. അതിലാണല്ലോ എമ്മക്ക് ഏഴു വയസ്സുള്ളത്. ഹോഗ്വാർട്സിന്റെ അന്തരീക്ഷം മൊത്തം ഇരുട്ടായിരുന്നു. വോൾഡമോർട്ട് വരുമ്പോഴുള്ള അന്തരീക്ഷം പോലെ. കാടും ഇരുട്ടും ഇടയിലെവിടെയോ ഒരു കെട്ടിടവും. കാട്ടിൽ ഒരിടത്ത് എമ്മയെ അബോധാവസ്ഥയിൽ വെള്ള ടർക്കിയിൽ പൊതിഞ്ഞ് കണ്ടെത്തുന്നു. ദേഹം മുഴുവനും ചോരപ്പാടുകൾ. സ്നേയ്പ് അടക്കമുള്ള വോൾഡ്മോർട്ടിന്റെ ആളുകള്‍ എമ്മയെ റേപ്പ് ചെയ്ത പോലെയാണ് തോന്നിയത്. എമ്മക്ക് ഹോഗ്‌വാർട്സിൽ വെച്ച് അങ്ങനെയും സംഭവിച്ചുവെന്നതാണ് കഥ എന്നു വിചാരിച്ചു. പക്ഷെ എമ്മക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഒരേഴു വയസ്സുകാരിയും കൂട്ടബലാത്സംഗവുമൊക്കെ ഉണ്ടായിരുന്നു താനും.

സ്വപ്നം അവസാനിച്ചതെങ്ങനെയെന്നോ അതിനു മുൻപ് എന്തെല്ലാം കണ്ടുവെന്നോ ഒന്നും ഓർമയില്ല. നേരം വെളുത്ത ശേഷം ഹോഗ്വാർട്സും എമ്മ വാട്സണും( ഹെർമിയോണി അല്ല) ഒക്കെയായിരുന്നു സ്വപ്നത്തിലെന്നു ഓര്മയുണ്ടായിരുന്നു. ഹാരിയും റോണും എന്തേ ഉണ്ടായില്ല എന്നൊന്നും ചോദ്യമുണ്ടായില്ല.

ഇന്നലെ തന്നെ ട്വീറ്റിനെ കുറിച്ചുള്ള വാർത്ത കണ്ടിരുന്നുവെങ്കിലും ഇന്നുച്ചക്ക് മാത്രമാണ് സ്വപ്നത്തെക്കുറിച്ചോർത്തത്. എമ്മയുടെ ഫോട്ടോ കണ്ട് എമ്മയെ ഞാൻ സ്വപ്നം കണ്ടിരുന്നുവെന്ന് അനിയത്തിയോട് പറയാൻ വാ തുറന്നതാണ്. സ്വപ്നമെന്തെന്നോർമ്മ വന്നപ്പോൾ സ്തംഭിച്ചു പോയി. നെഞ്ചിൽ മഞ്ഞു പെയ്തു. എവിടെയോ എന്തോ…

ഫാറൂഖ് കോളേജിൽ നിന്നും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദപഠനം പൂർത്തിയാക്കിയ ലേഖിക മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയാണ്.

Be the first to comment on "കത്വ : എമ്മ വാട്ട്സൺ സ്വപ്‌നത്തിൽ വന്നപ്പോൾ"

Leave a comment

Your email address will not be published.


*