കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത്?

ഷംസീർ ഇബ്രാഹീം

കഴിഞ്ഞ പത്തറുപത് വർഷത്തിനിടയിൽ വിവിധ പാർട്ടികളിൽ പെട്ട ഇരുനൂറ്റിമുപ്പതോളം പേരാണ് കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾ എന്നറിയപ്പെടുന്ന സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. സി പി എം, ആർ എസ് എസ് – ബി ജെ പി, കോൺഗ്രസ്, മുസ്‌ലിം ലീഗ്, എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലപ്പെടുകയും വിവിധ കൊലപാതക കേസുകളിൽ പ്രതികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും സി പി എം – ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ്. 48 ലെ മൊയ്യാരത് ശങ്കരൻ, 69 ലെ വാടിക്കൽ രാമകൃഷ്ണൻ, 71 ലെ യു കെ കുഞ്ഞിരാമൻ തുടങ്ങിയ പേരുകളും വർഷങ്ങളും ഇന്നും കണ്ണൂരിലെ വിവിധ പൊതുയോഗങ്ങളിൽ കേട്ട് വരാറുള്ള പേരുകളാണ്. ബസ്സിൽ യാത്ര ചെയ്യവേ കൊല ചെയ്യപ്പെട്ടവർ, കൊലപാതക കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർക്കെതിരിലുള്ള പക വീട്ടലുകൾ, ബന്ധുക്കളുടെയും കുട്ടികളുടെയും മുന്നിൽ വെച്ചുള്ള ആക്രമണങ്ങൾ, പാർട്ടി മാറിയതിന്റെ പേരിലുള്ള പ്രതികാരം, പാർട്ടിക്കോടതിയിലെ വിചാരണയ്ക്ക് ശേഷമുള്ള വധം തുടങ്ങിയ വൈവിധ്യങ്ങൾ ഈ കൊലപാതകങ്ങളിൽ കാണാം. മട്ടന്നൂർ എടയന്നൂരിലെ ശുഐബിന്റെ കാലുകളെയാണ് സി പി എം അക്രമി സംഘം ഉന്നം വെച്ച് അക്രമിച്ചതെങ്കിൽ ഇന്നലെ പള്ളൂരിൽ ആർ എസ് എസ് – ബി ജെ പി സംഘം കൊന്ന ബാബുവിന്റെ കഴുത്തായിരുന്നു അക്രമികളുടെ പ്രധാന ഉന്നം. കൊലപാതക രാഷ്ട്രീയ സംസ്കാരം രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളിലേക്കും സംക്രമിച്ചിട്ടുണ്ട്. പുതിയ കാലത്തു രാഷ്ട്രീയ കൊലപാതകങ്ങൾക്കു പുതിയ മാനങ്ങൾ കൈ വന്നു. കേരള ഗവർണ്ണർ മുഖ്യമന്ത്രിയെ വിളിപ്പിക്കുക, യു എ പി എ ചുമത്തുക, കേന്ദ്ര മന്ത്രിമാരുടെ വ്യാപക സന്ദർശനങ്ങൾ, അരിഞ്ഞു വീഴ്ത്തപ്പെട്ടവരുടെ മൃതശരീരങ്ങളുടെ ചിത്രങ്ങൾ വെച്ചുള്ള ഫ്ളക്സ് ബോർഡ് കാമ്പയിനുകൾ, രക്തസാക്ഷികളുടെ കുടുംബ സംഗമങ്ങൾ, രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും തുടങ്ങിയവ പുതിയ പ്രവണതകളാണ്. കൊലപാതകങ്ങൾക്കു പുറമെ കൊലപാതക ശ്രമങ്ങളിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടവരും ബോംബ് നിർമാണത്തിനിടയിൽ പരിക്കേറ്റവരും നിരവധിയാണ്. ഓരോ കൊലപാതകങ്ങളോടനുബന്ധിച്ചും സ്ഥിരമായി നടന്നു വരാറുള്ള പരിപാടികളും ഉണ്ട്. ഹർത്താലുകളാണ് അവയിൽ പ്രധാനമായിട്ടുള്ളത്. എണ്ണം ഇരുനൂറോക്കെ കഴിഞ്ഞതിനാൽ മുമ്പത്തെത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പലപ്പോഴും വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കാറുണ്ട്. സർവ കക്ഷി സമാധാന യോഗങ്ങളാണ് മറ്റൊന്ന്. കോൺഗ്രസ് പോലുള്ള പാർട്ടികൾ ഇടയ്ക്ക് ഉപവാസവും പദയാത്രയുമൊക്കെ നടത്തും. രക്തസാക്ഷി മണ്ഡപങ്ങളോ അവരുടെ പേരിലുള്ള ബസ് വെയ്റ്റിങ് ഷെഡുകളോ നിർമ്മിക്കുക പതിവാണ്. ആണ്ടുകൾ തോറും നിരവധി രക്തസാക്ഷി ദിനങ്ങൾ, ബലിദാനി സ്മൃതി സംഗമം, പുഷ്പാർച്ചനകൾ തുടങ്ങിയവയും നടന്നു വരുന്നുണ്ട്. സ്ഥിര സ്വഭാവത്തിൽ നടന്നു വരാറുള്ള മറ്റൊന്ന് പോലീസിന്റെ തിരച്ചിലുകളാണ്. ബോംബുകളും ബോംബ് നിർമാണ സാമഗ്രികളും വടിവാളുകളും പലപ്പോഴും പിടിച്ചെടുക്കാറുണ്ട്. ഈ കൊലപാതക്കേസുകളുടെ വിചാരണകൾ അധികമാരും ശ്രദ്ധിക്കാറില്ല. പാർട്ടികൾ തന്നെ പ്രതികളുടെ ലിസ്റ്റുകൾ പോലീസിനെ ഏല്പിക്കാറുണ്ട്. പ്രതികളുടെ സംരക്ഷണം പാർട്ടികൾ ഉറപ്പു വരുത്താറുമുണ്ട്.

കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത് എന്ന ആലോചന പ്രസക്തമാണ്. പരസ്യമായിട്ടല്ലെങ്കിൽ രഹസ്യമായിട്ടെങ്കിലും അവർ ഇതിനെ കുറിച്ച് ഓഡിറ്റിങ് നടത്തണം. ആർ എസ് എസ് ഇത് നടത്തണമെന്നില്ല. ആർ എസ് എസ് – ബി ജെ പി പരിവാരങ്ങളോട് നമുക്കൊന്നും പറയാനുമില്ല. കാരണം വിചാരധാരയിലൂടെ കൊല്ലാൻ കല്പിക്കപ്പെട്ടവരാണ് അവർ. വ്യക്തിയോട് വേണമെങ്കിൽ നമുക്ക് സംസാരിക്കാം. സംഘടനയോട് സാധ്യമല്ല. ശാഖകളും ശിക്ഷണങ്ങളും അവർക്ക് പകർന്നു നൽകുന്നത് ചോരക്കൊതിയും വംശീയതയും അടങ്ങാത്ത വിദ്വേഷങ്ങളുമാണ്. ഹിന്ദുത്വ ഭീകരത നടപ്പിലാക്കാൻ പ്രതിജ്ഞകൾ പുതുക്കുന്നവരോട് നിങ്ങൾ സംഘടനാപരമായ ആത്മ വിമർശനം നടത്തണമെന്ന് പറയുന്നതിൽ കാര്യമില്ല. ആർ എസ് എസ് – ബി ജെ പി അടക്കമുള്ള സംഘ്പരിവാർ ഉയർത്തുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് പ്രതിരോധ സംബന്ധമായ ആലോചനകളാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

കൊലപാതക രാഷ്ട്രീയത്തിൽ തുടർന്ന് കേൾക്കുന്ന പേര് സി പി എമ്മിന്റേതാണ്. ‘വർഗീയ ഫാഷിസ്റ്റ് പ്രതിരോധം’ എന്ന ലേബലിലാണ് സി പി എം പൊതുവിൽ അവരുടെ സംഘ്പരിവാർ കൊലപാതകങ്ങളെ വിശേഷിപ്പിക്കാറോ ന്യായീകരിക്കാറോ ഉള്ളത്. ഈ അവകാശ വാദത്തിന് കുഴപ്പമില്ലാത്ത സ്വീകാര്യതയും സ്വാധീനവും പലപ്പോഴും സി പി എമ്മിന് ലഭിക്കാറുമുണ്ട്. നരേന്ദ്ര മോദിയുടെ അധികാര ആരോഹണത്തിനു ശേഷം കണ്ണൂർ – തലശേരി പ്രദേശങ്ങളിലെ സി പി എം സഹാകാരികളായ മുസ്‌ലിം യുവാക്കൾ തങ്ങളുടെ സി പി എം സഹകരണത്തിന് കാരണമായി പലപ്പോഴും ഉന്നയിക്കാറുള്ള രാഷ്ട്രീയ കാരണം സി പി എമ്മിനുണ്ട് എന്ന് പറയപ്പെടുന്ന ഈ സംഘ് പരിവാർ പോരാട്ടവുമായി ബന്ധപ്പെട്ട രക്ഷാധികാര ( രക്ഷാകർതൃത്വ) ഇമേജാണ്. അതിനു വേണ്ടി തലശേരി കലാപ കഥകൾ ഇടയ്ക്കിടെ ഇറക്കി കൊണ്ടിരിക്കും. ഞങ്ങളില്ലെങ്കിൽ നിങ്ങളുടെ ( ന്യൂനപക്ഷങ്ങളുടെ അഥവാ മുസ്ലിംകളുടെ) അവസ്ഥ എന്താകുമെന്ന ഭീതിദമായ ചോദ്യങ്ങളെറിയും, രക്തസാക്ഷികളുടെ ലിസ്റ്റ് കാണിച്ചു, നോക്കൂ, നിങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഞങ്ങളുടെ എത്രയധികം സഖാക്കളാണ് ജീവൻ സമർപ്പിച്ചതെന്ന ശരാശരി ഒരു മലയാളിയെ തല കുലുക്കി സമ്മതിപ്പിക്കാൻ തക്ക വിധമുള്ള ലോജിക്കൽ ബ്രെയിൻ വാഷിങ് നടത്തും. കൊലപാതക രാഷ്ട്രീയത്തെ ഇങ്ങനെ സംഘ്പരിവാർ – ഫാഷിസ്റ്റ് വിരുദ്ധ പോരാട്ട പ്രവർത്തനമായി ഉയർത്തിക്കാട്ടുന്ന സി പി എം സ്ട്രാറ്റജിയെ വിശകലനം ചെയ്യേണ്ടതുണ്ട്. സി പി എം നടത്തുന്ന സംഘ് പരിവാർ ആക്രമണങ്ങളുടെ യഥാർത്ഥ കാരണം പ്രത്യയ ശാസ്ത്രപരമായ പത്തരമാറ്റ് സംഘ് വിരുദ്ധതയല്ല എന്നതാണ് യാഥാർഥ്യം. അധികാരം ലക്ഷ്യമിടുന്ന ഏതൊരു സംഘടനയ്ക്കും ഉണ്ടാകാവുന്ന വിരോധങ്ങളോ ആണ്ടുകളോളം കെടാതെ സൂക്ഷിക്കുന്ന പകയുടെയും പ്രതികാരത്തിന്റെയും കനലുകളോ ആണ് മിക്ക കൊലപാതകങ്ങളുടെയും പിറകിൽ പ്രവർത്തിക്കുന്നത്. സമീപ കാലത്തു സി പി എം എന്ന സംഘടനയുടെ കൊലക്കത്തികൾക്കിരയായ ചിലരാണ് ടി പി ചന്ദ്രശേഖരനും അരിയിൽ ശുകൂറും തലശേരിയിലെ ഫസലും എടയന്നൂരിലെ ശുഐബും. ഈ കൊലപാതകങ്ങൾ ഓരോന്നും പരിശോധിച്ച് നോക്കിയാൽ ഓരോന്നും ആസൂത്രിതമായിരുന്നു. ബാക്കിയെല്ലാം മിന്നൽ ആക്രമണങ്ങൾ ആയിരുന്നെങ്കിൽ ഷുക്കൂറിന്റെ കൊലപാതകം മിന്നൽ ആക്രമണം പോലുമായിരുന്നില്ല. പാർട്ടി കോടതിയിലെ വിചാരണയ്ക്ക് ശേഷം നടപ്പിലാക്കപ്പെട്ട വധ ശിക്ഷയായിരുന്നു. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഇത്തരം അസൂത്രിത കൊലപാതകങ്ങൾ നടത്താൻ സി പി എമ്മിനെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ കാരണം മാത്രമേ ആർ എസ് എസ് – ബി ജെ പി പ്രവർത്തകരുടെ കൊലപാതകങ്ങളുടെ പിറകിലും പ്രവർത്തിക്കുന്നുള്ളൂ. എന്നാൽ അതിനെ സമർത്ഥമായി “സംഘ് വിരുദ്ധ – ഫാഷിസ്റ്റ് വിരുദ്ധ – ന്യൂനപക്ഷ സംരക്ഷണ ” ലേബലുകളിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതിൽ സി പി എം വിജയിച്ചു എന്ന് പറയുന്നതാണ് കൂടുതൽ ശരി. കണ്ണൂരിൽ സി പി എം പ്രതി സ്ഥാനത്തുള്ളതും ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ കൊല ചെയ്യപ്പെട്ടതുമായ കൊലപാതക കേസുകളുടെ പശ്ചാത്തലങ്ങളോ കാരണങ്ങളോ അന്വേഷിക്കുമ്പോൾ ഇത് വ്യക്തമാകും.

ആവർത്തിക്കുന്നു, ആർ എസ് എസ് – ബി ജെ പി യാദികളോട് ആത്മപരിശോധന നടത്തണമെന്ന് പറയുന്നത് അർത്ഥശൂന്യമാണ്. അതിനാൽ സി പി എമ്മിനോട് തന്നെയാണ് പറയാനുള്ളത്. കണ്ണൂരിലെ നിങ്ങളുടെ ഈ ഫാഷിസ്റ്റ് വിരുദ്ധ കൊലപാതക രാഷ്ട്രീയം, നാടിനു പോകട്ടെ, നിങ്ങൾക്ക് നേടിത്തന്നിട്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? സംഘടനാപരമായ നേട്ടങ്ങൾ? ആർക്കാണ് അണികൾ വർധിച്ചത്? കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഇരുകൂട്ടരും കണക്കാണെന്ന ബോധനിർമ്മിതി ആർക്കാണ് കൂടുതൽ ഗുണം ചെയ്തിട്ടുള്ളത്? സി പി എമ്മിനോ അതോ സംഘ്പരിവാറിനോ ? കൊലപാതക പരമ്പരകളുടെ പ്രതിസ്ഥാനത്തു സംഘ്പരിവാർ എന്ന ഒരേയൊരു ഭീകരതയെ പ്രതിഷ്ഠിക്കുന്നതിൽ, അങ്ങനെയുള്ള സംഘ് വിരുദ്ധ ജനാധിപത്യ പോരാട്ട സാദ്ധ്യതകളിൽ നിൽക്കുന്ന പ്രധാന തടസ്സം സി പി എമ്മാണ്. ഇന്ത്യയിലെ സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ പ്രധാന ഇരകൾ മുസ്ലിംകളാണ്. ഏതെങ്കിലും ഒരു മുസ്ലിം സംഘടനയോ വ്യക്തിയോ ആണ് സംഘിനെതിരിൽ ഒരു ആക്രമണമോ കൊലപാതകമോ നടത്തുന്നതെങ്കിൽ അതിനെ വിശേഷിപ്പിക്കാൻ സി പി എം ഉപയോഗിക്കുന്ന രാഷ്ട്രീയ ഭാഷ എന്തായിരിക്കും ? അതിനെ നിങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമായി അംഗീകരിക്കുമോ ? പലപ്പോഴും നിങ്ങളറിഞ്ഞോ അറിയാതെയോ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയ യുക്തി സംഘ്പരിവാറിന്റെ അതെ രാഷ്ട്രീയ യുക്തി തന്നെയാണ്. പല വിഷയങ്ങളിലും നിങ്ങളുടെ രാഷ്ട്രീയ ഭാഷയും സംഘ്പരിവാറിന്റെ അതെ രാഷ്ട്രീയ ഭാഷ തന്നെയാണ്. സംവരണം, വികസനം, മലപ്പുറം ഹർത്താൽ അറസ്റ്റുകൾ മുതലായ സമീപകാല വിഷയങ്ങളിൽ കുമ്മനത്തിന്റെയും കോടിയേരിയുടെയും സ്വരചേർച്ചകളെ ലളിതമായി വിശകലനം ചെയ്യാനാവില്ല. കേരളത്തിൽ സി പി എമ്മിൽ നിന്ന് (കോൺഗ്രസ് പോലുള്ള മറ്റു പാർട്ടികളിൽ നിന്നും) സംഘ് പരിവാറിലേക്ക് പ്രവർത്തകർ ചേക്കേറുന്നത് പലപ്പോഴും നിങ്ങൾക്കും അവർക്കും ഇടയിലുള്ള പാട മുട്ടത്തോടിനകത്തെ പാട പോലെ നേർത്തതായത് കൊണ്ടാണ്. വളരെ പെട്ടെന്ന് ഓസ്മോസിസ് സംഭവിക്കും. ഫാഷിസ്റ്റ് വിരുദ്ധതയുടെ ഈ നേർത്ത പാടയും വെച്ചുകൊണ്ട് കണ്ണൂരിലെ കൊലപാതകങ്ങളെ ഗ്ലോറിഫൈ ചെയ്യുന്നത് കാപട്യമാണ്. സി പി എം എന്ന സംഘടന നന്നാകണമെന്ന ഒരു ആഗ്രഹവും വ്യക്തിപരമായി എനിക്കില്ല. കാരണം അടിസ്ഥാനപരമായി കമ്മ്യൂണിസം എന്താണെന്ന്, അതിന്റെ രാഷ്ട്രീയ ഉന്മൂലനം എങ്ങനെയാണെന്നത് ലോകചരിത്രം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. പക്ഷെ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാതിരിക്കാനാവില്ല. ഒന്ന്, സംഘ് വിരുദ്ധതയുടെ നേർത്ത മുട്ടപ്പാടയുടെ നൈർമല്യത്തെ ചൈനാ വന്മതിലിന്റെ കെട്ടുറപ്പ് പോലെ അവതരിപ്പിക്കുന്നത്. രണ്ട്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ സംഘപരിവാറിനെ ക്ഷയിപ്പിക്കും എന്ന രാഷ്ട്രീയവും പ്രായോഗികവുമായ മൗഢ്യം. സംഘ്പരിവാറിന്റെ നാശം സി പി എമ്മിനെക്കാൾ ആഗ്രഹിക്കുന്നവർ ധാരാളമുണ്ടിവിടെ എന്നെങ്കിലും നിങ്ങളോർക്കേണ്ടതുണ്ട്‌.

Be the first to comment on "കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത്?"

Leave a comment

Your email address will not be published.


*