‘സുഗതകുമാരിയോ വിജയലക്ഷ്മിയോ ആണെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു’. സതി അങ്കമാലി പറയുന്നു

കേരള യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ചതായി കവിയും ദലിത് ആക്ടിവിസ്റ്റുമായ സതി അങ്കമാലി. ദലിത് സ്ത്രീ ആയ തന്നെ യുവജനക്ഷേമ ബോർഡ് അധികൃതർ ജാതീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി സതി അങ്കമാലി പറയുന്നു.

യുവജനക്ഷേമ ബോര്‍ഡ് എറണാകുളം ജില്ലയിലെ കവികളേയും എഴുത്തുകാരേയും പങ്കെടുപ്പിച്ചു സംഘടിപ്പിച്ച പരിപാടിയിലാണ് സതി അപമാനിതയായത്. തന്റെ ജാതിയും നിറവുമാണ് അവർക്ക് പ്രശ്‌നമെന്നും പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സതി അങ്കമാലി പറയുന്നു.

അക്രമികളെ അറസ്റ്റ് ചെയ്യുക , യുവജനക്ഷേമബോർഡ് മാപ്പു പറയുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്ന് വൈകീട്ട് സെക്രട്ടറിയേറ്റ് നടയിൽ ദലിത് ആക്റ്റിവിസ്റ്റുകൾ സായാഹ്‌ന ധർണ സംഘടിപ്പിക്കുന്നു.

സതിയുടെ വാക്കുകളിലൂടെ :

എറണാകുളം ജില്ലയിലെ കവികളേയും എഴുത്തുകാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി എന്ന് പറഞ്ഞ് ആവര്‍ത്തിച്ച് ക്ഷണിച്ചതുകൊണ്ടാണ് അവിടെ പോയത്. സുഗതകുമാരിയോ വിജയലക്ഷ്മിയോ ആണെങ്കില്‍ ഇതുപോലെ അപമാനിക്കപ്പെടില്ല. എന്റെ ജാതിയും നിറവുമാണ് പ്രശ്‌നം. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

പരിപാടിക്ക് വിളിച്ചുവരുത്തിയെങ്കിലും സദസിലാണ് ഇരിപ്പിടം കിട്ടിയത്. സംഘാടകര്‍ ആരും തന്നെ പരിഗണിച്ചില്ല. അജിതന്‍, കവി ശാന്തന്‍ എന്നിവരാണ് തന്നെ വിളിച്ചുവരുത്തിയത്. “അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം; ഒരു ജനതയുടെ കയ്യൊപ്പം” എന്ന പേരിലായിരുന്നു. യുവജന ക്ഷേമ ബോര്‍ഡിന്റെ പരിപാടി. എന്നാല്‍ പരിപാടി തീരാറായിട്ടും എന്നെ വിളിക്കാത്തതിനാല്‍ സംഘാടകരോട് ചോദിച്ചപ്പോള്‍ അവര്‍ കൈ മലര്‍ത്തി. ഒരു ആശംസ വേഗം പറയൂ, കവിത ചൊല്ലാനൊന്നും സമയമില്ല എന്നായിരുന്നു മറുപടി.

എന്നെ വിളിച്ചുവരുത്തിയ അജിതനോട് കൂറച്ച് കടുത്ത ഭാഷയില്‍ സംസാരിക്കേണ്ടി വന്നു. സമാധാനം പറയാതെ പോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. സംഘാടകരിലൊരാള്‍ എന്റെ തോളത്ത് പിടിച്ചുലയ്ക്കുകയും വിരല്‍ പിടിച്ച് തിരിക്കുകയും തല്ലാന്‍ ഓങ്ങുകയും ചെയ്തു. തല്ലിയാന്‍ ഞാന്‍ തിരിച്ചുതല്ലും എന്ന് പറഞ്ഞു. രണ്ടര മണിക്കൂറോളം സംഘാടകരോട് സംസാരിക്കേണ്ടി വന്നു. നാട്ടുകാര്‍ പിന്തുണച്ചു. അവരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ എന്നോട് മോശമായി പെരുമാറിയ സംഘാടകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം എടുത്തത്. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അവരെ അവിടെ നിന്ന് കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായത്.

Be the first to comment on "‘സുഗതകുമാരിയോ വിജയലക്ഷ്മിയോ ആണെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു’. സതി അങ്കമാലി പറയുന്നു"

Leave a comment

Your email address will not be published.


*