ഉസ്‌താദിന്റെ വരവിനാൽ ഉണർന്ന അൻവാർശേരി വീണ്ടും അനാഥമാവുന്നു . ഭരണകൂടമീ മനുഷ്യനെ വേട്ടയാടുന്നതെന്തിനാണ്

മുഹമ്മദ് ഉനൈസ്

ഒരു മനുഷ്യന്റെ ജന്മനാട്ടിലേക്കുള്ള വരവിനെ ഏറെ പ്രാർഥനകളോടെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരു നാടുണ്ട് കേരളത്തിൽ. കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയ്ക്ക് അടുത്ത് അൻവാർശേരി എന്ന സ്ഥാപനവും നാടുമാണത്‌. യത്തീം (അനാഥ) മക്കൾ ഉൾപ്പെടെ നൂറ് കണക്കിന് കുട്ടികൾ ആത്മീയ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടുന്ന സ്ഥാപനവും പള്ളിയുമാണ് അൻവാർശേരി. ആ അൻവാർശേരിയുടെ നാഥനാണ് അബ്ദുന്നാസർ മഅദനി. അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയമായി മുന്നിട്ടിറങ്ങി ശ്രമിച്ചു എന്നതാണ് അദ്ധേഹം ചെയ്ത വലിയ ‘തെറ്റ്’. അതോടെ, ഊരാക്കുടുക്കിൽപ്പെടുത്തി കാലാകാലം ജയിലിലടക്കുക എന്നത് പലർക്കും ആവശ്യമായിത്തീർന്നു.

ഡോ. കഫീൽ അഹമ്മദ് ഏഴ് മാസത്തോളം ജയിലിലടക്കപ്പെട്ടത് സംഘി ആദിത്യനാഥ് ഭരിക്കുന്ന യു.പി യിൽ ആണങ്കിൽ, മഅദനി എന്ന മനുഷ്യൻ ഒരായുസ് മുഴുവൻ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത് ഇടത്-വലത് സർക്കാരുകൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ നിന്നുമാണ്. മാലേഗാവ്, സംജ്യോത, മക്ക മസ്ജിദ്, അജ്മീർ ദർഗ തുടങ്ങി ഒട്ടനേകം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസുകളിലെ പ്രതികളെ എൻ.ഐ.എ കോടതികൾക്കും സി.ബി.ഐ.കോടതികൾക്കും ”പൊതുസമൂഹത്തെ” തൃപ്തിപ്പെടുത്താൻ വെറുതേ വിടേണ്ടി വരുമ്പോൾ, അതേ പൊതു സമൂഹത്തെ തൃപ്തിപ്പെടുത്താൻ അഫ്സൽ ഗുരുമാരെ തൂക്കിക്കൊല്ലേണ്ടി വരുന്നു, കഫീൽ അഹമ്മദിനേയും മഅദനിയേയുമൊക്കെ തെളിവുകളുടെ അഭാവത്തിൽത്തന്നെ ജയിലിലടലടക്കപ്പെടേണ്ടിവരുന്നു.അവർക്ക് വേണ്ടി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളാക്കിയും യു.എ.പി.എ. ചുമത്തി നിശബദ്‌രാക്കാനും ശ്രമിക്കുന്നു ഈ ഭരണകൂടങ്ങൾ.

വിചാരണ അനന്തമായി ദീർഘിപ്പിച്ച് എന്നും കാരാഗൃഹത്തിലടയ്ക്കപ്പെട്ട അൻവാർശേരിയുടെ നാഥന് അവിടുത്തെ കുട്ടികൾ എന്നും നമസ്കാരശേഷവും പ്രാർഥിക്കും. വ്യാഴാഴ്ചകളിൽ അസർ നമസ്കാരനന്തരം നടക്കുന്ന സ്വലാത്തിന് ശേഷമുള്ള പ്രാർഥനകൾക്ക് ആമീൻ പറയാൻ പ്രദേശത്തെ വീടുകളിലെ ഉമ്മമാർ ഉമ്മറത്തിറങ്ങിരിക്കും. കാരണം, ഒരിക്കലും പൊറുക്കാൻ കഴിയാത്ത നെഞ്ചിലെ നീറുന്ന വേദനയാണ് അവർക്ക് മഅദനി ഉസ്താദ്. ആർ.എസ്.എസിന്റെ ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടമായ അദ്ധേഹം പത്ത് വർഷമാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. ഒടുവിൽ കോടതി നിരപരാധിയാണന്ന് കണ്ട് വിട്ടയക്കുമ്പോൾ ജീവിതത്തിന്റെ ഒരു സുവർണകാലഘട്ടം അദ്ധേഹത്തിന്  നഷ്ടപ്പെട്ടിരുന്നു. ഒന്ന് വിശ്രമിക്കാന്‍ അനുവധിക്കാതെ അടുത്ത കേസിൽ പ്രതി ചേർത്ത് അവർ വീണ്ടും മഅദനിയെ തേടിയെത്തി. സദാ സമയം പോലീസ് കാവലുള്ള, വീൽചെയറിൽ പരസഹായത്തോടെ സഞ്ചരിക്കുന്ന മനുഷ്യൻ ബാംഗ്ലൂർ സ്ഫോടനത്തിന് കുടകിൽ പോയി ഗൂഢാലോചന നടത്തി എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റ് ചെയ്യാൻ കർണാടക പോലീസെത്തി. വീണ്ടും തങ്ങളുടെ ഉസ്താദിനെ വിട്ടുകൊടുക്കാൻ അനുവധിക്കാതെ ജനം അൻവാർശേരിയിൽ തടിച്ചുകൂടി. അനിശ്ചിതത്വം നിറഞ്ഞ ആറേഴ് ദിവസങ്ങൾ. കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പോലീസും സായുധ സേനയും പ്രദേശത്ത് വന്ന് നിറഞ്ഞു. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഉസ്താദ് ഖുർആൻ തൊട്ട് സത്യം ചെയ്ത് പറഞ്ഞു. മതപണ്ഡിതനായ അദ്ധേഹത്തിന് തന്റെ നിരപരാധിത്വം വീണ്ടും ബോധ്യപ്പെടുത്താൻ അതല്ലാതെ വഴികളുണ്ടായിരുന്നില്ല. ഒടുവിൽ അറസ്റ്റിന് സന്നദ്ധനായി ആ മനുഷ്യൻ മുന്നോട്ട് വന്നു.ഏറെ വികാരനിർഭരമായ നിമിഷങ്ങൾ… മക്കൾ ഉമർ മുഖ്താറും സലാഹുദ്ധീൻ അയ്യൂബിയും പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അങ്ങനെ ഒരു നാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചും, പോലീസ് സായുധ സേനകളെ പ്രദേശം മുഴുവൻ വിന്യസിച്ചും, പറമ്പുകളിലും വീട് മുറ്റങ്ങളിലും നിന്ന ജനങ്ങൾക്ക് നേരെ അന്ന് കൊല്ലം എസ്.പി. ആയിരുന്ന ഹർഷിത അട്ടല്ലൂരി ഓടിനടന്ന് ഗ്രനേഡെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമാണ് അവരുടെ പ്രിയപ്പെട്ട ഉസ്താദിനെ അവർ പറിച്ചെടുത്ത് കൊണ്ട് പോയത്. നീറുന്ന വേദനയായി നില്ക്കുന്ന ആ മുറിവുണക്കാൻ കാലത്തിന് കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. മതിയായ ചികിത്സയോ പരിഗണനയോ ലഭിക്കാതെ ആരോഗ്യം അപകടാവസ്ഥയിലായിരിക്കുകയാണിപ്പോൾ. ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും അടുത്തത് ഭാഗികമായും നിലച്ചിരിക്കുന്നു.

ഒരു ദേശത്തിന്റെ മുഴുവൻ കാത്തിരിപ്പിന് താത്കാലിക വിരാമം നല്കിക്കൊണ്ടാണ് മഅദനി തന്റെ അവശരായ വൃദ്ധ മാതാപിതാക്കളെ കാണാനും അൻവാർശേരിയിലെ തന്റെ മക്കളെ കാണാനും മറ്റുമായി പുണ്യമാസം ആഗതമായി നില്ക്കേ എത്തുന്നത്. വിജനമായ അൻവാർശേരിക്ക് പുറത്തുള്ള വഴിയോരം കുറച്ച് ദിവസങ്ങളിലേക്ക് താത്കാലിക കച്ചവടക്കാർ കൈയ്യേറിക്കഴിഞ്ഞു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും സന്ദർശകർ ഉസ്താദിനെക്കണ്ട് ഐക്യപ്പെടാനും പ്രാർഥന ചോദിക്കാനും വന്നു കൊണ്ടിരിക്കുന്നു. അങ്ങനെ ഉസ്താദിന്റെ സാന്നിധ്യം കൊണ്ട് ഉത്സവലഹരിയിലാണ് നിശബ്ദമായിക്കഴിഞ്ഞിരുന്ന അൻവാർശേരിയും പരിസരവും.പുറത്ത് കാവലായി എപ്പോഴും പോലീസുകാരുണ്ട്. പോലീസ് വാഹനങ്ങൾ വന്നും പോയിം കൊണ്ടിരിക്കുന്നു. തത്സമയ സംപ്രേക്ഷണത്തിന് സജ്ജമായി ആകാശത്തേക്ക് കുട തുറന്നിരിക്കുന്ന ഓബി വാനുകൾ… പത്രക്കാർ… അങ്ങനെ മുഴുവൻ സമയവും ഉണർന്നിരിക്കുകയാണ് അൻവാർശേരി. കുറച്ച് ദിവസങ്ങളിലേക്ക് മാത്രമായി സന്തോഷത്തിലും ആഹ്ലാദത്തിലും മുങ്ങിയ അൻവാർശേരി വെളളിയാഴ്ച കാർമേഖം കൊണ്ട് മൂടപ്പെടും. ജാമ്യദിനങ്ങൾ അവസാനിക്കുന്ന, ഉസ്താദ് പങ്കെടുക്കുന്ന ആ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ നേരത്തേ തന്നെ ഇരിപ്പിടം ഉറപ്പിച്ച് ആളുകൾ നിറഞ്ഞ് കവിയും. ശേഷം നടക്കുന്ന പ്രാർഥനയിൽ ഹൃദയം കല്ലല്ലാത്ത മനുഷ്യരുടെ കണ്ണുകളിൽ നനവ് പടരും. ഉസ്താദിന്റെ മടക്കത്തോട് കൂടി അൻവാർശേരിയും യത്തീം മക്കളും വീണ്ടും അനാഥരാവും. പ്രാർഥനകളും  പ്രതീക്ഷകളും നിറഞ്ഞ കാത്തിരിപ്പിന്റെ നീണ്ട നീണ്ട ദിനങ്ങൾ വീണ്ടുമവരെ തേടിയെത്തും.

Be the first to comment on "ഉസ്‌താദിന്റെ വരവിനാൽ ഉണർന്ന അൻവാർശേരി വീണ്ടും അനാഥമാവുന്നു . ഭരണകൂടമീ മനുഷ്യനെ വേട്ടയാടുന്നതെന്തിനാണ്"

Leave a comment

Your email address will not be published.


*