കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…

അമൽ ലാൽ

വാര്യത്ത് പറമ്പില്‍ ചോറി മകന്‍ വാവച്ചന്‍ മേസ്തിരിയെന്ന ദുരൂഹക്കെട്ടിന്‍റെ മരണമാണ് ഈ മ യൗ. “നിങ്ങളിത് എങ്ങാട്ടെയ്ക്കാണ് പോണത്” എന്ന് ഒരു കരമുഴുവന്‍ ചോദിയ്ക്കുന്നുണ്ട് വാവച്ചനോട്. ഒറ്റത്തടിയില്‍ അള്‍ത്താര പണിത വാവച്ചനാശാന്‍. കുര്‍ബാന വൈകുമെന്ന് പറഞ്ഞിട്ടും ചവിട്ടുനാടകം നിര്‍ത്താത്ത നിഷേധിയായ മനുഷ്യന്‍. വാറ്റുചാരായവും മൊത്തി മകനോട്‌ കഥപറയുന്നൊരു അച്ഛന്‍. പൂര്‍ണ്ണവിരാമത്തില്‍ ആ മനുഷ്യന്‍റെ മരണത്തില്‍ നിന്നാണ് സിനിമ പറഞ്ഞു തുടങ്ങുന്നത്. മരണവിരാമത്തിന്‍റെ ഒറ്റകുത്തില്‍ ചവിട്ടി നിന്നാണ് ലിജോ ജീവിതം പറയുന്നത്. മരണത്തിന്‍റെ കൂടെയിരുന്നാണ് പി എഫ് മാത്യൂസ് ജീവിതത്തെ എഴുതുന്നത്. ആ പൂര്‍ണ്ണവിരാമത്തിനു ഇടത്തോട്ട് മറ്റുള്ളവരാല്‍ വാവച്ചന്‍റെ ജീവിതം വായിക്കപ്പെടുന്നു അതിനു വലത്തോട്ട് സമൂഹവും, മതവും, ജാതിയും, നാട്ടുകാരും വാവച്ചന്‍റെ ശവത്തെ വിചാരണ ചെയ്യുന്നു.

വലിയ കാറ്റിലും മഴയിലും ആടിയുലയുന്ന ഈശിയിലൂടെ വാവച്ചനും വാവച്ചനു വേണ്ടി ഈശിയും ഒച്ചവയ്ക്കുന്ന കടലില്‍ തുഴയെറിയിന്നുണ്ട്. നേരിന്‍റെയും പാപത്തിന്‍റെയും മാലഖമാര്‍ ആ കടപ്പുറത്ത് ചീട്ട് കളിക്കുന്നുണ്ട്. കര കലങ്ങുകയും, തെളിയുകയും, വീണ്ടും കലങ്ങുകയും ചെയ്യുന്നുണ്ട്.

ആ കുത്തിനപ്പുറം വിറങ്ങലിച്ച് നിന്ന ഈശിയെ കുലിക്കി വിളിച്ചു പുറത്തെയ്ക്കോടുന്നുണ്ട് സബേത്ത്. ചാവിന്‍റെ പുണ്യാളന്‍ വരവറിയിച്ചത് വാവച്ചനെ മാത്രമായത് കൊണ്ട് മുന്നിലെ മരണത്തില്‍ കയ്യിട്ടടിച്ചു ഓടിപ്പോയി പ്രാഞ്ചിയെയും അയല്‍ക്കാരെയും ഒച്ചവച്ച് ഉണര്‍ത്തുന്നുണ്ടവള്‍ . ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ഇടയില്‍ ഒരുമിച്ചു നീന്തിക്കയറുന്ന മനുഷ്യന്മാര്‍ പാതിയുറക്കത്തില്‍ മിന്നി കത്തുന്ന ട്യൂബുള്ള വാവച്ചന്‍റെ വീട്ടിലേക്ക് ഓടി കൂടുന്നുണ്ട്.

ആരുമാഗ്രഹിക്കുന്നൊരു ശവമടക്കല്‍ ചടങ്ങ് അപ്പന് വാക്ക് നല്കിയിട്ട് സമയമേറെയായിട്ടില്ല. അപ്പന് മരിച്ചു പോവ്വാനൊരു സ്വപ്നം കൊടുത്തിട്ടാണ് ഈശി നില്‍ക്കുന്നത്.. സ്വപ്നവും ആഗ്രഹം കൈയ്യേത്താ ദൂരത്താവുമ്പോള്‍ ജീവിതത്തിലെ നേരുകളുടെ കടലനക്കങ്ങളില്‍ തുഴയില്ലാതെ പതറിപ്പോവുന്നുണ്ട് ആ മനുഷ്യന്‍. കാറും കോളും കാറ്റും വീശുമ്പോള്‍ തിരയനക്കങ്ങളില്‍ പതറിപ്പോയ ഈശി ആദ്യം വിളിക്കുന്നത് അയപ്പനെയാണ്.

ആ അയപ്പനാണ് എന്‍റെ ഈ സിനിമയിലെ നായകന്‍. നീ ധൈര്യായി ഇരിക്കാടാ എന്ന് പറയുന്ന കരുത്തനായ അയപ്പനും കരഞ്ഞു പോവ്വുമ്പോഴാണ് കണ്ണില്‍ വെള്ളം നിറഞ്ഞത്. മറ്റൊരുത്തന്‍റെ വിഷമത്തില്‍ അയപ്പന്‍ കരഞ്ഞു തളരുമ്പോഴാണ് ഇന്‍സെന്‍സിറ്റീവായ മനസ്സ് ഈ സിനിമയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും ചോരപൊടിഞ്ഞിട്ടുണ്ടെന്നറിയുന്നത്. അയ്യപ്പനത് മുന്നേ അറിയാവുന്നതാണ്. അത് കൊണ്ടാണാ മനുഷ്യന്‍ ഉറക്കം കളഞ്ഞും ഈശിയോടൊപ്പം വണ്ടിയെടുത്തിറങ്ങുന്നത്. മഴമുഴുവന്‍ നനയുന്നത്, തെറിമുഴുവന്‍ കേള്‍ക്കുന്നത്. അയാളുടെ ഷര്‍ട്ടും മുണ്ടും ഈശിയൊടൊപ്പമൊ ഈശിയെക്കാളെറെയോ വാവച്ചനു വേണ്ടി മുഷിഞ്ഞു കുതിരുന്നുണ്ട്. അയ്യപ്പനൊരു താങ്ങ് വടിയാണ്. വീഴാതിരിക്കാന്‍ മനുഷ്യന്മാര്‍ കൂടെ കൂട്ടുന്ന അവരുടെ വാര്‍ഡ്‌ മെമ്പറാണ്. അവസാനം വരെയും ഈശി വീഴാതിരിക്കുന്നത് ആ താങ്ങില്‍ ചാരി തന്നെയാണ്. “മനുഷ്യന്മാര്‍ക്ക് ഒരു ആവശ്യം വരുമ്പോ അല്ലെ സാറേ പോലീസൊക്കെ”യെന്നു കാക്കിക്കാരെപഠിപ്പിക്കുന്ന തെളിച്ചമുള്ളവാനാണ്.

ഒച്ചയുണ്ടാക്കാതെ മരിച്ചരാത്രി കയറിവരുന്ന മറ്റൊരു മനുഷ്യനുണ്ട്‌. മണിക്ക്. പലതായി ചിതറുന്ന മനസ്സുകളുടെ ഇടയില്‍, എകാക്രമായി കര്‍മ്മനിരതനായി മരണാനന്തര ചടങ്ങുകളില്‍ മാത്രം ശ്രദ്ധിയ്ക്കുന്നൊരു മനുഷ്യന്‍. ശവത്തിന്‍റെ വായമൂടി കെട്ടണമ്മെന്നു സാറാമ്മ നേഴ്സിനോട് ഉറച്ചു പറയുന്നയാള്‍. അനാഥശവം പോലെ ഇവടെ കെടുത്തരുതെന്നു ഈശിയോട് പറയുന്നയാള്‍. “ഇനി മണിക്ക് ഒറങ്ങിക്കോ” എന്ന് പറയുമ്പോഴും വേണ്ടെന്നു പറയുന്നുണ്ടയാള്‍. അതിരാവിലെ കൊച്ചച്ചനും കപ്പ്യാരും വരുന്ന കാലടിയൊച്ചയില്‍ തന്നെ ഉണരുന്നുണ്ട് മണിക്ക്. പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളില്‍ എല്ലാത്തിനെയും ഉറപ്പിച്ചു നിര്‍ത്താന്‍ നിശബ്ദം ശ്രമിച്ചു കൊണ്ടേയിരുന്നുണ്ട് മണിക്ക്. വാശിയും, ദേഷ്യവും, കുശുമ്പും, കുന്നായ്മ്മയും, വിഷമവും, വെപ്രാളവും നിറയുന്നിടത്തു വൈകാരികപ്പെടാതെ കര്‍മ്മം ചെയ്യുന്നയീ മനുഷ്യന് ബുദ്ധന്‍റെ മുഖമാണെന്ന് തോന്നിയിരുന്നു.

ഉള്ളുതുറന്ന പെണ്ണകങ്ങളെയാണ് ലിജോ കാട്ടി തരുന്നത്. കാലങ്ങള്‍ക്ക് ശേഷം കയറിവരുന്ന ഭര്‍ത്താവിനോട് ദേഷ്യപ്പെട്ട് സ്വീകരിക്കാന്‍ മാത്രമറിയുന്നൊരു പെണ്ണമ്മയുണ്ട്. ഒപ്പം പറഞ്ഞും, ചീത്ത പറഞ്ഞും “നിങ്ങള്‍ ആരടെ എവടെ പോയി കെടക്കാര്‍ന്നു മനുഷ്യാ” എന്ന് തോന്നിവാസം പറഞ്ഞു മാത്രം ഭര്‍ത്താവിനെ സീകരിക്കുന്ന ഭാര്യ. ബി എസ് സിയോ, ബി കോമോ കഴിഞ്ഞ സെബേത്തുണ്ട്. കടപ്പുറജീവിതത്തിന്‍റെ തുറന്നപ്രകൃതമുണ്ടെങ്കിലും കാര്യങ്ങള്‍ തഞ്ചത്തില്‍ ചെയ്യാനുള്ള വഴക്കമുള്ള പെണ്ണാണ്. “നിങ്ങളെന്ത് ഇരിപ്പാണ് മനുഷ്യാ” എന്ന് പറഞ്ഞു ഭര്‍ത്താവിനെ താങ്ങുന്ന ഭാര്യ. കൗമാര – യൗവനപ്രേമത്തിന്‍റെ ചൂടിലൊരു നിസ. ഓടികൂടുന്ന മറ്റുപെണ്ണുങ്ങള്‍. മനസ്സില്ലാ മനസ്സോടെയും മാല കടം കൊട്ക്കുന്ന മോളി. ബൈക്ക് ഓടിച്ചു വരുന്ന ആരെയും കൂസാത്ത സാറാമ്മ നേഴ്സ്. തുറന്നു കിടക്കുന്ന പെണ്ണകങ്ങളുടെ വലിയ ഒച്ചകള്‍ കൂടിയാണ് ഈ മ യൗ. പെണ്ണമ്മ കരഞ്ഞു ഉള്ളു വെളിവാക്കുന്നുണ്ട്. ഉള്ളു നീറ്റല്‍ പുറത്തെയ്ക്ക് ഒച്ചയാക്കുന്നുണ്ട് . അച്ഛന്‍റെ പുന്നാര മോനല്ലേയെന്നവര്‍ പഠിച്ച താളത്തില്‍ പാടിക്കരയുമ്പോഴും കണ്ണ് നിറയും.ശീലത്തിന്‍റെ താളത്തില്‍ നെഞ്ചുരികിയും കരയാന്‍ വേണ്ടിയും അവര്‍ കരഞ്ഞുപെയ്യുന്നുണ്ട്.

വാവച്ചനും ഈശിയും താളപൊരുത്തമുള്ള അച്ഛനും മകനുമാണ്. തൊടാനും കെട്ടിപ്പിടിക്കാനും പൊട്ടിചിരിക്കാനും കഴിയുന്ന അച്ഛനും മകനും. “ആ അതൊക്കെ അപ്പന്‍റെ ഇഷ്ടാണ്” എന്ന് അമ്മയോട് ഭാര്യയോടും കയര്‍ക്കുന്ന മകനാണ്. അച്ഛന് വേണ്ടി മാത്രം പേടിച്ചു കരഞ്ഞിട്ടുള്ളോരാള്‍ക്ക് ഈശിയുടെ ഹൃദയ മിടിപ്പറിയാം. ആ താളപ്പിഴകളും കാല്‍വിറയുമറിയാം. ജീവിതം നിന്ന് പോവ്വുന്നതറിയാം. മരിച്ചു കഴിഞ്ഞപ്പോള്‍ ഈശിയുടെ താളത്തിലെക്ക് കയറിയിരിക്കുന്നുണ്ട് വാവച്ചന്‍. അതീശിയ്ക്ക് താളപ്പിഴകളുണ്ടാക്കുന്നുണ്ട്. അപ്പനെ പോലെ ഈശിയും ഒറ്റയ്ക്ക് മിണ്ടുന്നുണ്ട് പിന്നെ. അതേ, “ഈ മ യൗ” രണ്ടാക്കാന്‍ കഴിയാത്ത ഈ അച്ഛന്‍യും മകന്‍റെയും കഥയാണ്‌.

ജീവിതസാഹചര്യവും, ജീവിതത്തിലെ സ്വപ്നങ്ങളും തമ്മില്‍ ഒരു കടല്‍ ദൂരമുണ്ടാവുന്ന മനുഷ്യരാണ് ഈ മ യൗ നിറയെ. പാതിരിയാവേണ്ട മനുഷ്യനേയല്ല വെള്ളതുണിയിട്ട് അച്ഛനായിരിക്കുന്നത്. കാക്കിയിടെണ്ട മനുഷ്യനേയല്ല പോലീസായിരിക്കുന്നത്.

ചവറോ ചേട്ടനും, ലാസറും ദിലീഷ് പോത്തന്‍ ചെയ്ത പള്ളീളച്ചനും, സാറാമ്മ നേഴ്സും മരിച്ചു പോയ വാവച്ചനെ വിചാരണകണ്ണോടെ നോക്കുന്നുണ്ട്. എല്ലാവരും അവരവരുടെ നിരാശകള്‍ ശവപ്പുറത്തു തീര്‍ക്കുന്നുണ്ട്. പള്ളീലച്ചനാവനൊരു മനസ്സില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ദിലീഷ് പോത്തന്‍ കഥാപാത്രം, ഉറക്കം മുറിഞ്ഞ സാറാമ്മ നേഴ്സ്, അടികിട്ടിയ ചാവറോ ചേട്ടന്‍. അങ്ങനെയെല്ലാവരും ശവത്തിന്‍ പുറത്തും പ്രതികാരം തീര്‍ക്കുന്നുണ്ട്.
മരണവീട്ടിലെ അടുപ്പമില്ലാത്ത കണ്ണുകളും മനസ്സും മരണത്തെ വിലയിരുത്തുന്നുണ്ട്, മരണാനന്തര ചടങ്ങുകളെ വിലയിടുന്നുണ്ട്. കഥയില്ലാത്ത ലാസര്‍ കഥയുണ്ടാക്കുന്നുണ്ട്. ആ വീട്ടില്‍ മാറാതെ നിലയുറപ്പിച്ച പലമനുഷ്യര്‍ക്കും അജണ്ടകളുണ്ട്, ഉദ്ദേശങ്ങളുണ്ട്.

മരണത്തിനും ജാതിയുണ്ടെന്നാണ്. മരണത്തിലും മതം വരുമെന്നാണ്. അവടെയും സ്റ്റേറ്റിന്‍റെ ഇടപാടുകളുണ്ടാവുമെന്നു തന്നെയാണ് തിരക്കാറ്റിന്‍റെയും മഴപെയ്തിന്‍റെയും കടലൊച്ചയുടെയും ഇടയിലിരുന്നിവര്‍ പറഞ്ഞു വയ്ക്കുന്നത്. മതവും, സമൂഹവും, സാമ്പത്തിക ചുറ്റുപാടുകളും, ജീവിതസാഹചര്യവും, കാലാവസ്ഥയും, ഭൂപ്രകൃതിയും മരണത്തിലും ശവത്തിലും ചുറ്റുമുള്ള മനുഷ്യന്മാരില്‍ ഇടപെടുമെന്നാണ് സിനിമ പറയുന്നത്. ചോറിമകന്‍ വാവച്ചന്‍റെ മരണമെങ്ങനെയാവാണമെന്നു പറയുന്നത് പെണ്ണമ്മയോ, ഈശിയോ, നിസയോ മാത്രമല്ലെന്നാണ്.

ജീവിതത്തിലും, ശവത്തിലും, മരണത്തിലും മതത്തിന്‍റെയും സമൂഹത്തിന്‍റെയും വലിയ കഥകള്‍ ഇടപെടുമ്പോള്‍ സ്വന്തം ചെറിയ കഥകളുമായി, സ്വപ്നങ്ങളുമായി നില്‍ക്കുന്ന മനുഷരെത്ര നിസ്സഹാരായിപ്പോവുമെന്നാണ് ഈ മ യൗ പറയുന്നത്.

ഒരു താറാവ്, ഒരു നായ, രണ്ടു മനുഷ്യര്‍ ! അവര്‍ മരിച്ചു പോവ്വുന്ന ഒരു ദിവസം. സാത്താനും, ദൈവവും ചീട്ടുകളിക്കുന്ന ആ ദിവസം. അതിന്‍റെ കഥയാണ്‌ ഈ മ യൗ. കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ.

ലിജോ, പി എഫ് മാത്യൂസ്, ഷൈജു ഖാലിദ്, ആഷിക്ക് അബു. കെട്ടിപ്പിടുത്തംസ് സ്നേഹം

Be the first to comment on "കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…"

Leave a comment

Your email address will not be published.


*