ഈ സ്‌ത്രീയെ അത്രമേൽ ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഗോമതിയെ വേട്ടയാടി വീണ്ടും പോലീസ്

പൊലീസും ഭരണകൂടവും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് മൂന്നാറിലെ തൊഴിലാളി സമരനായികയും പെമ്പിളൈ ഒരുമൈ നേതാവുമായ ഗോമതി . തോട്ടം തൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പൊലീസും തന്നെ നിരന്തരം വേട്ടയാടുകയാണെന്നു ഗോമതി പറയുന്നു. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനാണ് ഇത്തവണ പൊലീസ് ശ്രമിച്ചതെന്നു ഗോമതി ആരോപിച്ചു.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകളെന്നു , ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷന്‍ ജനപ്രതിനിധി കൂടിയായ ഗോമതി പറയുന്നു. മകന്റെ പേരില്‍ വ്യാജക്കേസ് ഉണ്ടാക്കി പോസ്‌കോ ചുമത്തി പൊലീസ് തന്നെ വേട്ടയാടുകയാണെന്നും ഗോമതി നേരത്തെ പറഞ്ഞിരുന്നു,
മകന്റെ കേസന്വേഷണമെന്ന പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് ഗോമതി ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിലൂടെ :-

ഗവേഷകവിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ അനു കെ ആന്റണി ഫേസ്‌ബുക്കിൽ എഴുതി :-

”ഒരു സമരം കൊണ്ട് ഇത്രയേറെ നഷ്ടങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു സ്ത്രീ ഉണ്ടോ എന്നറിയില്ല. പൊമ്പിളൈ ഒരുമൈ എന്ന ചരിത്രപരമായ സമരത്തോടുള്ള ഭരണകൂടത്തിന്റെ മുഴുവൻ പകയും ഇന്ന് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഗോമതി അക്കയുടേത് എന്ന് തന്നെ പറയേണ്ടി വരും. നിശബ്‌ദയാവാൻ തയ്യാറല്ലാത്തതു കൊണ്ട് തന്നെ അവർ ദൈനംദിന ജീവിതത്തിൽ പ്രശനങ്ങൾ അനുഭവിക്കാത്ത ഒരു ദിവസം പോലും 2015 നവംബറിന് ശേഷം ഉണ്ടായിട്ടില്ല. അപവാദ പ്രചരണങ്ങൾ, ഭീഷണികൾ, ചെറുതും വലുതുമായ ആക്രമണ ശ്രമങ്ങൾ, നിരവധി കേസുകൾ അങ്ങനെ പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ, ഭർത്താവുമായുള്ള ബന്ധം, വീട്, ജോലി അങ്ങനെ ഒരു മനുഷ്യായുസ്സിൽ താങ്ങാവുന്നതിനും അപ്പുറം നഷ്ടങ്ങൾ – എന്തൊക്കെ സംഭവിച്ചിട്ടും സ്വന്തം നിലപാടുകളിൽ തന്നെ ഉറച്ചു നിൽക്കുകയും, നിലപാടുകളെ കൂടുതൽ മൂർച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു സ്ത്രീയെയും ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല. സമരത്തിന് ശേഷം ജോലിയും അത് വഴി വീടും നഷ്ടപെട്ടത് കൊണ്ട് തന്നെ മൂന്നാർ കോളണിയിലെ വാടക വീട്ടിലാണ് അവർ താമസിച്ചു കൊണ്ടിരുന്നത്. പോലീസ് ശല്യപ്പെടുത്തുന്നത് മൂലം രണ്ടു ദിവസത്തിനുള്ളിൽ വീടൊഴിയണം എന്ന് വീട്ടുടമ അറിയിച്ചതായി ഇപ്പോൾ അറിയുന്നു. ഒരു മാസത്തെ നോട്ടീസ് പോലും കൊടുക്കാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയോട് ഇറങ്ങാൻ പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത മനുഷ്യാവകാശ ലംഘനം ആണ്. ആ വീട് കൂടി നഷ്ടപെട്ടാൽ തെരുവിൽ സമരം ചെയ്യുകയല്ലാതെ വേറെ നിവൃത്തി ഇല്ലെന്നാണ് അക്ക പറയുന്നത്.
നിലപാടുകൾ ഉള്ള ഒരു സ്ത്രീയുടെ സമരവും ജീവിതവും ഇത്തരത്തിൽ വേട്ടയാടപ്പെടേണ്ടതല്ല. അക്കയുടെ പോരാട്ടങ്ങൾക്ക് കൂടെ തന്നെ ഉണ്ടാവും.
ഐക്യദാർഢ്യം.”

‘പൊരുതിക്കൊണ്ടേയിരിക്കും. ചാവുന്നത് വരെ. അല്ലെങ്കില്‍ സിപിഎമ്മുകാർ കൊല്ലുന്നതുവരെ’. ഗോമതി പറയുന്നു

ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാറിന്റെ വാക്കുകൾ :-

” മൂന്നാറിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തരായ സമര സ്ത്രീകളിൽ ഒരാളായ ഗോമതി അക്കായെ അവിടത്തെ സി പി എം പോലീസിനെ ഉപയോഗിച്ച് അവരുടെ വീട്ടിൽ നിന്നു പുറത്താക്കാൻ തയ്യാറെടുത്തത് ഗോമതിയക്ക മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തോട് മറുപടി പറയാൻ ശേഷിയില്ലാത്തോണ്ട് ആണ്. സി പി എമ്മിന്റെ ജാതി രാഷ്ട്രീയം മൂന്നാറിൽ തൊഴിലാളി വിരുദ്ധം ആണെന്ന് ഉറക്കെ വിളിച്ചു പറയുന്നതിനാണ് നമ്പർ വൺ കേരളം ആ സ്ത്രീയെ പുറത്താക്കുന്നത്. ഒന്നിനെയും കൂസാതെ പച്ചക്കു കേരളത്തിലെ ജാതിയുടെ വംശീയത ഉറക്കെ വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഗോമതിയാക്കയെയും ചിത്രലേഖയെയും കേരളത്തിനു പിടിക്കാത്തതു. ഒരു തമിഴ് ദളിത്‌ സ്ത്രീ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ടു നേടി വിജയിക്കുന്നതൊന്നും ദഹിക്കാത്തത്ര നവോഥാന ഉമ്മാക്കി ആണ് പുരോഗമന ഇടതുപക്ഷ കേരളം. എന്നിട്ടും പഴയ ജാതി സമ്പ്രദായത്തിന്റെ ടൂളുകൾ ആയ ഊര് വിലക്കലും പുറത്താക്കലുകളും മാത്രമേ ഈ നവോഥാന ആധുനീക ഇടതുപക്ഷ പുരോഗമന കേരളം ഉപയോഗിക്കൂ. വൃത്തികേട് കാണിക്കുന്നതിലും ഒരു പുതുമ വേണ്ടേ?

ഗോമതിയാക്കയൊക്കെ ഉള്ള ലോകത്താണ് ഫുൾ സ്വിങ്ങിൽ “നാളെ നാമതെ എന്നൊക്കെ” പാടാൻ തോന്നുന്നത്.”

രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന കോർഡിനേറ്ററും ആക്ടിവിസ്റ്റുമായ അനൂപ് വി ആർ എഴുതി :-

” ഇന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേൽപിക്കുന്നത് Gomathi G Gomathi Jeeva ഗോമതിയക്കയുടെ കാൾ ആണ്. ഉറക്കത്തിലാണോ എന്ന് ചോദിച്ച് അവർ മടിച്ച് നിന്നപ്പോൾ, കുഴപ്പമില്ല,കാര്യം പറയാൻ പറഞപ്പോൾ ആണ്, പറഞ്ഞത്, ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ട സ്ഥിതിയാണ്, ‘ഹൗസ് ഓണറെ പോലീസ് അതിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നു… അത്തരമൊരു അവസ്ഥയിൽ,അവരോട് പറയാവുന്ന ,ഒരു ആശ്വാസവാക്ക് പോലും കയ്യിലില്ലാത്തത് കൊണ്ടാണ്, അവരുടെ അടുത്ത കൂട്ടുകാരി കൂടിയായ അനു Anu K Antony വിളിച്ചപ്പോൾ വിവരം പറയുന്നത്. അല്ലെങ്കിൽ തന്നെ, ആർക്കാണ് അവരെ ആശ്വസിപ്പിക്കാൻ കഴിയുക? അത്ര മാത്രം പീഡാനുഭവങ്ങളുടെ നൈരന്തര്യത്തിലൂടെ ,ഈ വർഷങ്ങളിൽ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.ഒരു നിലപാട് എടുത്തതിന്റെ പേരിൽ ഒരു സ്ത്രീ സഹിക്കേണ്ടി വരുന്ന സഹനങ്ങൾ…അതിന് അവർ കൊടുക്കേണ്ടി വരുന്ന സമയം, പണം സർവ്വോപരി മനസമാധാനം… എന്ത് മാത്രം ക്രൂരൻമാർ ആണ് ഇവർ.അതെന്തായാലും സമരം ജീവിതമാക്കിയ ഒരു സ്ത്രീയെ ഒറ്റയടിക്ക് തോൽപിക്കാമെന്ന് ആരും കരുതേണ്ടതില്ല. അവരോടൊപ്പം ആണെന്ന് സൈബർ സ്പേയ്സിൽ ഇരുന്ന് പറയുന്നതിൽ ഉപരിയായി, അവരെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ, അവരോടൊപ്പം മൂന്നാറിൽ തന്നെയുണ്ടാകുമെന്ന് പറയുന്നു.”

Be the first to comment on "ഈ സ്‌ത്രീയെ അത്രമേൽ ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഗോമതിയെ വേട്ടയാടി വീണ്ടും പോലീസ്"

Leave a comment

Your email address will not be published.


*